'ശരിയായ ചികിത്സ വേണോ'? സ്വകാര്യ പരിശോധന കേന്ദ്രത്തിലെത്തണം
തുറവൂര്‍: ദിനംപ്രതി നൂറുക്കണക്കിന് ആളുകള്‍ ചികിത്സയ്ക്കും മരുന്നിനുമായി എത്തിച്ചേരുന്ന തുറവൂര്‍ താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് പരാതി.
ഇവിടെ എഴോളം ഡോക്ടറന്മാരെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെങ്കിലും രോഗികള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മൂന്ന് പേരെ മാത്രമേ പരിശോധനയ്ക്ക് കാണാറുള്ളൂ. പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഈ ആശുപത്രിയിലെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. പരിശോധനകള്‍ വെറും പ്രഹസനമായി അധപതിച്ചു. മറ്റു ജീവനക്കാരുടെ പെരുമാറ്റവും മോശമായി മാറിയിരിക്കുകയാണ്. രോഗികള്‍ക്ക് ആവശ്യത്തിനുള്ള മരുന്നുകളോ വിദഗ്ദ്ധ ചികിത്സയോ നല്‍കുന്നില്ല.
മാസംതോറും സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഡോക്ടറന്മാര്‍ രോഗികളെ പരിശോധിക്കുന്നത് വെറും ചടങ്ങെന്നപോലെ മാറിയിരിക്കുകയാണ്. ഇവിടത്തെ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ ആശുപത്രിക്ക് സമീപത്ത് വൈകിട്ട് സ്വകാര്യ പരിശോധന കേന്ദ്രം നടത്തുന്നുണ്ട്. രോഗികള്‍ ഇവിടെ എത്തി 250 രൂപ വീതം നല്‍കി അതാത് ഡോക്ടര്‍മാരെ കണ്ടാല്‍ മാത്രമേ വിദഗ്ധ ചികിത്സയും മരുന്നുകള്‍ ലഭിക്കുകയുള്ളു. ഇവിടെയുള്ള മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ചില ഡോക്ടര്‍മാര്‍ പത്ത് വര്‍ഷത്തിലധികമായി ഇവിടെ തന്നെ തുടര്‍ന്ന് രോഗികളെ സ്വകാര്യ പരിശോധനയുടെ പേരില്‍ ചൂഷണം ചെയ്യുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. രാഷ്ട്രിയ പിന്‍ബലത്തില്‍ ഭരണ സ്വാധീനം ഉപയോഗിച്ചാണ് മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ തന്നെ വര്‍ഷങ്ങളായി തുടരുന്നതെന്ന് ജനങ്ങള്‍ പറയുന്നു.
പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യമായ വിദഗ്ധ ചികിത്സ നല്‍കാത്ത മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ ഇവിടെ നിന്നും സ്ഥലം മാറ്റുക തന്നെ വേണമെന്ന് ജനങ്ങള്‍ ഒപ്പിട്ട് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രോഗികളെ പരിശോധിക്കുന്നതില്‍ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയുമുള്ള പുതിയ ഡോക്ടര്‍മാരെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ നിയമിക്കാന്‍ ഇനിയെങ്കിലും ഉയര്‍ന്ന ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറാകണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."