ഏറെ വളച്ചാല്‍ വില്ലൊടിയും
'കേറിവാ മക്കളേ' എന്ന് പഞ്ചാര പറഞ്ഞു കൊണ്ട് വരാന്‍ കാര്യമായൊന്നും ചെയ്യാതെ കബളിപ്പിക്കുന്നതിനിടെ സ്വന്തം റിസ്‌കില്‍ ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് കേറിപ്പോരുമെന്നായപ്പോള്‍ ഏണിവലിച്ച സര്‍ക്കാരിനോട് സമരം ചെയ്താണ് പ്രവാസികള്‍ നാടണഞ്ഞു കൊണ്ടിരിക്കുന്നത്. വീടും നാടും നന്നാക്കാനായി ജീവിതം പണയംവച്ച് മണലാരണ്യമേറിയപ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള സകലസാഹചര്യങ്ങളും മുട്ടിയപ്പോഴാണ് തിരിച്ചുവരവിനൊരുങ്ങിയത്. ഒരു മടക്കയാത്ര ഇല്ലെന്ന തീരുമാനത്തിലല്ല; പിടിച്ചു നില്‍ക്കാനായാല്‍ നാടുതന്നെ ഗള്‍ഫാക്കണം. എല്ലാമൊന്ന് കലങ്ങിത്തെളിഞ്ഞ ശേഷം വേണ്ടി വന്നാല്‍ തിരിച്ചുപറക്കണം എന്ന പ്രതീക്ഷയില്‍.
സൈകതഭൂമിയില്‍ കിനാവുകള്‍ കരിഞ്ഞുണങ്ങിത്തുടങ്ങിയാല്‍ പിന്നെ എത്രകണ്ടാണ് അവിടെ ആത്മാഹൂതിക്കായി സ്വന്തങ്ങളെ എറിഞ്ഞുകൊടുക്കേണ്ടത്? മുങ്ങിത്താഴുന്ന അവസ്ഥയില്‍നിന്ന് രക്ഷയ്ക്കായി ആരാണ് കൊതിക്കാതിരിക്കുക. ഗതികെട്ട നേരം കൂട്ടുകുടുംബാദികളിലേക്ക് അണയാന്‍ വെമ്പുന്ന ആ മനസ്സുകളെ ചേര്‍ത്തുപിടിക്കുന്നതിനു പകരം നികൃഷ്ടജീവിയോടെന്നവണ്ണം പെരുമാറുന്നത് എന്തൊരു അപരാധമാണ്. വരുന്നവരൊക്കെ രോഗികളാണെന്നും അവരാണിവിടെ രോഗം പരത്തുന്നതെന്നും പറഞ്ഞുപരത്താന്‍ പലരും വലിയ വ്യഗ്രതയാണ് കാണിക്കുന്നത്. മടങ്ങിവരുന്ന പ്രവാസികളോട് വീട്ടുകാരും നാട്ടുകാരും പുലര്‍ത്തിയ സമീപനങ്ങള്‍ മലയാളിയുടെ മുഖം കെടുത്തിക്കളഞ്ഞു. അനുകമ്പയര്‍ഹിക്കുന്ന വേളയില്‍ കുറ്റവാളികളോടെന്ന പോലെ ഓടിച്ചും ശകാരവര്‍ഷങ്ങള്‍ നടത്തിയും ആട്ടിയകറ്റുന്ന ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു.
പ്രവാസലോകത്തെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുകൊണ്ടിരുന്ന വേളയിലാണ് ഇരുട്ടടിയായി കൊവിഡ് വന്നത്. തിരിച്ചെത്തുന്നവരെ വേണ്ടവിധം പരിചരിക്കുന്നതിനോ പ്രതിസന്ധികളില്‍ കൂടെ നില്‍ക്കുന്നതിനോ സര്‍ക്കാര്‍ ശ്രമങ്ങള്‍ അപര്യാപ്തമാകുന്നു എന്ന് വിമര്‍ശനമുയരുന്ന ഘട്ടത്തിലാണ് സ്വന്തക്കാര്‍ പോലും കൈയൊഴിയുന്ന വാര്‍ത്തകളുണ്ടാകുന്നത്. വരാനിരിക്കുന്നവരെ നിരാശരാക്കുന്നവിധം അതിലേറെ വേദന പകരുന്ന തരത്തിലാണ് ഇവിടെനിന്നുള്ള പ്രതികരണങ്ങള്‍ പാസ് ചെയ്യപ്പെടുന്നത്. അവര്‍ പകര്‍ന്ന സുഖ ശീതളിമയില്‍നിന്നാണ് അവര്‍ക്കെതിരേ കൊഞ്ഞനം കുത്തുന്നതെന്ന് മറക്കരുത്. പ്രവാസിയുടെ ആരോഗ്യം ഊറ്റിക്കുടിച്ചാണ് ഓലമേഞ്ഞ പഴയകേരളം മണിമന്ദിരങ്ങളുടെ മരതകഭൂവായി പൊളിച്ചു പണിതതെന്ന് വിസ്മരിക്കരുത്. ഇന്ത്യയുടെ ഇതര ഭൂപ്രദേശങ്ങളില്‍നിന്ന് കേരളത്തെ രമ്യഹര്‍മ്യങ്ങളുടെ ദൈവദത്ത നാടാക്കി പരിവര്‍ത്തിപ്പിച്ചത് പ്രവാസിയുടെ ചോരയും നീരുമാണെന്ന് അറിയാതെ പോകരുത്. പ്രവാസികള്‍ നാടിന്റെ നട്ടെല്ലെന്നത് ആലങ്കാരിക പ്രയോഗമല്ല, അവരുടെ മുതുകില്‍ ചവിട്ടിത്തന്നെയാണ് ഇന്ന് കേരളം എഴുന്ന് നില്‍ക്കുന്നത്.
സ്വന്തം സുഖം മാത്രം തേടിയല്ല ആരും പ്രവാസം തിരഞ്ഞെടുക്കുന്നത്. ബാഹ്യമായി അലങ്കാരങ്ങളുടെ ഈ പറുദീസകളില്‍ നരകത്തിന്റെ തീക്ഷ്ണതകളില്‍ കവിഞ്ഞ ജീവിതത്തിന്റെ പകലന്തികളില്ല. കരകാണാ മരീചികയെന്നോണം മനസ്സില്‍ അനന്തമായി കിടക്കുന്ന കുടുംബ പ്രാരാബ്ധങ്ങള്‍ ലില്ലിപ്പുട്ടില്‍ എത്തിപ്പെട്ട ഗള്ളിവറുടെ അനുഭവം പോലെ എവിടെയൊക്കെയോ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നു. കുതറിയോടണമെന്നും ഉള്ളത് കൊണ്ട് ഓണം പോലെ നാട്ടില്‍ കഴിയണമെന്നും നിശ്ചയിച്ചുറച്ചു ഫ്‌ലൈറ്റ് കയറിയിട്ടും പിന്നെയും യാന്ത്രികമായി അവന്‍ അവിടേക്ക് തന്നെ തിരിച്ചുപറക്കുന്നു. ശരാശരി പ്രവാസിക്ക് പ്രവാസം അവസാനിപ്പിക്കാനുള്ള കൊതി അവന്റെ അവസാന ഇറ്റ് ഊര്‍ജം ഉരുകിത്തീരും വരേയ്ക്കും സഫലമാവാറില്ല. നിറം കെട്ട ഡയറിത്താളിലെ ജല രേഖയായി ആ മോഹം പൂവണിയില്ലെങ്കിലും കുടുംബത്തിന്റെയും നാടിന്റെയും ആഗ്രഹങ്ങളെ യാഥാര്‍ഥ്യമാക്കിയതിന്റെ ചാരിതാര്‍ഥ്യം മാത്രം ആ മുഖത്ത് നിഴലിക്കുന്നുണ്ടാകും.
കിനാവുകള്‍ക്കപ്പുറം ജീവിതങ്ങളുടെ രുചിഭേദങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യമില്ലാത്തവനാണ് പ്രവാസി. ഉറക്കിലും ഉണര്‍വിലും അവന്‍ കിനാവ് കാണുന്നു. പൊള്ളുന്ന കിനാവുകളില്‍ നിദ്രാവിഹീനനാകുന്നു. സൈ്വരമായി ഒന്നുറങ്ങാന്‍ പോലും വിധിയില്ല. മരവിപ്പ് ബാധിച്ച വികാരവായ്പുകളില്‍ ചിരിക്കും കരച്ചിലിനുമിടയില്‍ അകലങ്ങളില്ല. സുഖത്തിനും ദുഃഖത്തിനും നിറവ്യത്യാസങ്ങളില്ല. സന്തോഷത്തിനും സന്താപത്തിനും ഒഴിവുസമയങ്ങളില്ല. സ്വിച് ഓണാക്കപ്പെട്ടാല്‍ ഓടിത്തുടങ്ങുന്ന യന്ത്രം കണക്കെ ക്ഷീണമറിയാതെ, അസുഖങ്ങള്‍ ഓര്‍ക്കാതെ ഓടിക്കൊണ്ടിരിക്കുകയാണ്. വല്ലപ്പോഴും വന്നെത്തുന്ന ഒഴിവുസമയങ്ങളിലേക്ക്, ചിലര്‍ക്കെങ്കിലും ആഴ്ചതോറും വന്നണയുന്ന അവധിദിനങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുന്ന ജീവിതങ്ങള്‍. അന്നേരം മാത്രം വേദനിക്കുകയോ ആഹ്ലാദിക്കുകയോ ആവാം. വേണ്ടപ്പെട്ടവരുടെ വിയോഗങ്ങള്‍ തീര്‍ത്ത മുറിവുകളും സമയത്തു ആനന്ദിക്കാന്‍ മറന്ന മുഹൂര്‍ത്തങ്ങളും ഓര്‍ത്തെടുത്തു പൊട്ടിച്ചിരിച്ചു കരയാം. എന്നിട്ടും അവരാരും അന്യോന്യം ഭ്രാന്ത് ആരോപിക്കാറില്ല. കാരണം സമൂഹത്തിന്റെ ഭ്രാന്തമായ മോഹങ്ങളാണ് അവരില്‍ പ്രതിഫലിക്കുന്നതെന്ന ബോധ്യമുള്ളതിനാല്‍.
ഓരോ പ്രവാസിയും ദുരന്ത നാടകത്തിലെ ഓരോ അഭിനേതാക്കളാണ്. വേഷങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും അധിക പേരുടെയും റോളുകള്‍ അത്ര ശുഭകരങ്ങളല്ല. ഫ്‌ലാറ്റിലെയോ വില്ലയിലെയോ ഒരു റൂമില്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു, ഒന്നിച്ചുറങ്ങി ബാത്‌റൂമില്‍ ഓരോരുത്തര്‍ക്കും അവരുടേതായ സമയം ക്രമീകരിച്ചു അഡ്ജസ്റ്റുമെന്റുകളുടെ ഉദാത്ത സാഹോദര്യ മാതൃകകള്‍ സൃഷ്ടിക്കുന്ന പ്രവാസികള്‍ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ലോകത്തെ അവശേഷിക്കുന്ന പരിച്ഛേദങ്ങളാണ്. അതിനാല്‍തന്നെ ഏറെ സമ്പാദിക്കുന്നവരും സൗകര്യങ്ങളുള്ളവരും നാട്ടില്‍ ഉണ്ടായിട്ടും കനിവിന്റെയും കാരുണ്യത്തിന്റെയും പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ ആശ്രയമാകുന്നത് പ്രവാസികള്‍ തന്നെയാണ്. വര്‍ഷങ്ങളേറെ പാടുപെട്ടിട്ടും സ്വന്തം കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവനു സഹോദരന്റെ വീടിനു വേണ്ടത് ചെയ്യാന്‍ വൈമനസ്യം ഉണ്ടാവാറില്ല. തന്റെ മക്കളുടെ പഠനത്തിനും ഭക്ഷണത്തിനും പാടുപെടുന്നതിനിടയില്‍ അന്യരുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നതില്‍ പ്രയാസമുണ്ടാവാറില്ല. പ്രവാസലോകത്തു വികസിത രാജ്യങ്ങളിലെ പ്രതിനിധികള്‍ വരെ യഥേഷ്ടമുണ്ടെങ്കിലും മലയാളികളുടെ സ്വാധീനം വേറെത്തന്നെയാണ്. ഈ കൊച്ചു പ്രദേശത്തെ ജനത സാമര്‍ഥ്യം കൊണ്ടും കൗശലം കൊണ്ടും കേരളത്തിന്റെ പേര് അന്താരാഷ്ട്ര നിലവാരമുള്ളതാക്കി. പല രാജ്യങ്ങളിലും അംഗീകൃത ഭാഷകളിലേക്ക് മലയാളം വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സമീപനംകൊണ്ടും വിശ്വാസ്യത കൊണ്ടും കേരളീയര്‍ ബര്‍കത്തുള്ള കൂട്ടരാണെന്നു ലോകം സമ്മതിക്കുന്നിടത്തേക്ക് ഒരു ജനതയുടെ അധ്വാനം സഹായകമായിട്ടുണ്ടെങ്കില്‍ അത് ചുരുങ്ങിയ കാലത്തെ ശ്രമഫലമല്ല.
വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന ക്വാറന്റൈന്‍ ആകാം. അതിനാരും വിസമ്മതിക്കുന്നില്ല. എന്നാല്‍ അത് അവരെ ഒറ്റപ്പെടുത്താനും ഒറ്റിക്കൊടുക്കാനുമുള്ള അവസരമായി കാണരുത്. അനാവശ്യമായ ഭീതി പരത്തരുത്. പരിഗണന അര്‍ഹിക്കുന്നവര്‍ പരിഗണിക്കപ്പെടണം. പരിചരണം അര്‍ഹിക്കുന്നവര്‍ പരിചരിക്കപ്പെടണം. പാലിക്കപ്പെടേണ്ട അകലങ്ങളും നിയന്ത്രണങ്ങളുമാവാം. അത് അവര്‍ക്ക് അന്യതാബോധം നല്‍കിയാവരുത്. പ്രവാചകര്‍ (സ) പറഞ്ഞു: നിങ്ങളില്‍ ജനങ്ങളോട് നന്നായി നന്ദി കാണിക്കുന്നവന്‍ തന്നെയാണ് അല്ലാഹുവോട് ഏറ്റവുമധികം നന്ദി കാണിക്കുന്നവന്‍ (ത്വബ്‌റാനി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."