കാലപ്പഴക്കം ചെന്ന വാഹനങ്ങളുമായി ചന്തേര പൊലിസ് നട്ടം തിരിയുന്നു
ചെറുവത്തൂര്‍: പൊലിസുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഹെവി' സ്റ്റേഷനാണ് ചന്തേര. ശരാശരി ഒരു വര്‍ഷം 1500ല്‍പ്പരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഇവിടെ പൊലിസുകാര്‍ക്ക് സഞ്ചരിക്കാനുള്ളത് രണ്ടു 'തല്ലിപ്പൊളി' വണ്ടികള്‍. എവിടേക്കെങ്കിലും യാത്ര പുറപ്പെടണമെങ്കില്‍ അഞ്ചിലധികം പൊലിസുകാര്‍ മനസുവയ്ക്കണം. ഡ്രൈവറെ സീറ്റിലിരുത്തി ആഞ്ഞുതള്ളിയാല്‍ മാത്രം സ്റ്റാര്‍ട്ടാകുന്ന അവസ്ഥയിലാണ് രണ്ടു വാഹനങ്ങള്‍.
ഒരു ജീപ്പും ടവേരയുമാണ് ചന്തേര സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. അതില്‍ ടവേര ഏതാനും ദിവസം മുമ്പ് കൊണ്ടുപോയി. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ജില്ലാ ഡോഗ് സ്‌ക്വാഡ് ഉപയോഗിച്ചിരുന്ന പഴഞ്ചന്‍ ജീപ്പ്. അഞ്ചു വര്‍ഷം മുമ്പ് കൊണ്ടു വന്ന മഹീന്ദ്ര ജീപ്പിന്റെ സ്ഥിതി പരിതാപകരമാണ്. ചാരി നിന്നാല്‍ മഡ്ഗാര്‍ഡ് ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങള്‍ അടര്‍ന്നു വീഴും. ഇതിനൊപ്പം ഇപ്പോള്‍ ലഭിച്ച അതിനേക്കാള്‍ മോശമായ ജീപ്പ് കൂടിയായപ്പോള്‍ സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങാന്‍ പൊലിസുകാര്‍ ജീപ്പുകള്‍ തള്ളി തളരുകയാണ്.
പൊലിസ് വാഹനങ്ങളുടെ ശോചനീയാവസ്ഥ മനസിലാക്കിയതിനെ തുടര്‍ന്നു പല സ്റ്റേഷനുകളിലും പുതിയ വാഹനങ്ങള്‍ എത്തിച്ചിരുന്നു. പലരും മൂന്നു മാസം മുമ്പ് ഇവ ഉപയോഗിച്ചു തുടങ്ങി.
ജില്ലയില്‍ ഏഴു ജീപ്പുകള്‍ ഇതിനകം വിതരണം ചെയ്തു. ചന്തേരക്കു തൊട്ടടുത്ത ചീമേനി സ്റ്റേഷനില്‍ രണ്ടര മാസം മുമ്പ് പുത്തന്‍ ജീപ്പ് കിട്ടി. എന്നാല്‍ അഞ്ചു പഞ്ചായത്ത് പരിധിയില്‍ ക്രമസമാധാനം നിലനിര്‍ത്തേണ്ട ചന്തേരയെ അവഗണിക്കുകയായിരുന്നു.
മണല്‍ മാഫിയ പ്രശ്‌നം മുതല്‍ ഐ.എസ് ബന്ധം ആരോപിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കേസുകള്‍ വരെ കൈകാര്യം ചെയ്യുന്ന സ്റ്റേഷനിലാണ് ഈ ദുരവസ്ഥ. ഈ വര്‍ഷം ഏഴു മാസം തികയും മുമ്പ് ഏതാണ്ട് 550 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃക്കരിപ്പൂര്‍, വലിയപറമ്പ്, പിലിക്കോട്, പടന്ന, ചെറുവത്തൂര്‍ പഞ്ചായത്തുകളാണ് സ്റ്റേഷന്റെ പരിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."