പ്രവാസികളുടെ വിശ്വാസം തിരികെപ്പിടിക്കണം
ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം, ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാര്‍ഥ സ്വപ്നമെന്ന് വിദ്യാര്‍ഥിസമൂഹത്തെ തന്റെ ജീവിതം കൊണ്ട് ബോധ്യപ്പെടുത്തിയ മഹാപ്രതിഭയായിരുന്നു മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം. ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഠിനപ്രയത്‌നമാണ് അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. എന്നാല്‍, തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരാള്‍ നടത്തുന്ന കഠിനമായ യാത്രാവഴികളില്‍ ദീപസ്തംഭമാകാന്‍ സന്നദ്ധമാണോ നമ്മുടെ സമൂഹവും സര്‍ക്കാര്‍ സംവിധാനവും. നിങ്ങള്‍ ഒരു കാര്യത്തിനായി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന്റെ സാഫല്യത്തിനായി ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന വിശ്രുത എഴുത്തുകാരന്‍ പൗലോ കെയ്‌ലോയുടെ നിരീക്ഷണം നിരര്‍ഥകമാണെന്ന് തെളിയിക്കുന്ന സമീപനങ്ങളാണ് സമൂഹത്തില്‍നിന്നും ഭരണകൂടങ്ങളില്‍നിന്നും വ്യക്തികള്‍ക്ക് ഏറ്റുവാങ്ങേണ്ടിവരുന്നത്. പ്രവാസി സംരംഭവുമായി ഇറങ്ങിയാല്‍ ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും വളഞ്ഞിട്ടാക്രമിക്കുന്ന കേരള പരിസരത്തില്‍ എങ്ങനെയാണ് ഒരാള്‍ക്ക് സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുക.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട് മടങ്ങിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാനം പ്രഖ്യാപിച്ച 'ഡ്രീം കേരള' ഇത്തരം വികാരവിചാരങ്ങളായിരിക്കും ഓരോ പ്രവാസിയിലും ജനിപ്പിക്കുന്നുണ്ടാവുക. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഡ്രീം കേരള പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍, പദ്ധതിയോട് പ്രവാസി സമൂഹം കൊവിഡ് നല്‍കിയ പാഠം ഉള്‍ക്കൊണ്ട് എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം. കൊവിഡ് മഹാമാരി പ്രവാസിയുടെ ശരീരത്തിലല്ല പോറലേല്‍പ്പിച്ചത്, അവന്റെ ഹൃദയത്തിലാണ്.
കേരളത്തിന്റെ സാമ്പത്തികാടിത്തറ പ്രവാസികളുടെ വിയര്‍പ്പില്‍ പണിതതാണെന്നും അവര്‍ നാടിന്റെ നട്ടെല്ലാണെന്നും വിളിച്ചുപറഞ്ഞ് സുഖിപ്പിച്ചുപോന്ന ഭരണകൂട, രാഷ്ട്രീയ കാപട്യങ്ങളെ തിരിച്ചറിയാന്‍ അവര്‍ക്ക് ഈ കൊവിഡ് കാലം കാരണമായി എന്നതാണ് യാഥാര്‍ഥ്യം. മടങ്ങുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ഒടുവില്‍ കൈയൊഴിഞ്ഞത് നടുക്കത്തോടെയാണ് അവര്‍ കണ്ടത്. മൂന്നുലക്ഷം പ്രവാസികള്‍ക്കാവശ്യമായ ക്വാറന്റൈന്‍ സൗകര്യം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ഒടുവില്‍ പിറന്നമണ്ണില്‍ കാലുകുത്തണമെങ്കില്‍ കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് വരെ പറഞ്ഞു. സര്‍ക്കാര്‍ ക്വാറന്റൈന്‍ നിഷേധിക്കപ്പെട്ട പ്രവാസികള്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ മലയാളിയുടെ മാറിപ്പോയ മനോഘടന മനസിലാക്കാതെ പോയി. ഹോം ക്വാറന്റൈന്‍ വിധിക്കപ്പെട്ട പ്രവാസി അതിനായി വീടിന്റെ പടികയറിയപ്പോള്‍ ക്രൂദ്ധ മുഖത്തോടെ അവനെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അയല്‍വാസിയെയും ദയാരാഹിത്യത്തോടെ നോക്കിനിന്ന വീട്ടുകാരെയും കണ്ട് അവന്റെ സപ്തനാഡികളും തളര്‍ന്നിട്ടുണ്ടാകണം. എല്ലാവരാലും ആട്ടിയോടിക്കപ്പെട്ട പ്രവാസികള്‍ക്ക് മുന്നില്‍ എന്ത് ഡ്രീം കേരള പദ്ധതിയാണ് സര്‍ക്കാരിനു സമര്‍പ്പിക്കാനാവുക? താനല്ല തന്റെ സമ്പത്താണ് എല്ലാവര്‍ക്കും വേണ്ടതെന്ന് ഓരോ പ്രവാസിയും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിനോടും സമൂഹത്തോടുമുണ്ടായിരുന്ന അവന്റെ വിശ്വാസത്തിന് ഇന്ന് ഇടര്‍ച്ച വന്നിട്ടില്ലേ?
മഹാമാരി മുന്‍പും കേരളത്തെ ബാധിച്ചിട്ടുണ്ട്. വസൂരി രോഗം വന്നവരെ പരിചരിക്കുന്നത് മരണത്തെ പുല്‍കുന്നതിന് തുല്യമാണെന്നറിഞ്ഞിട്ടും അവര്‍ക്ക് സാന്ത്വനവും പരിചരണവും നല്‍കിയ ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു. അവര്‍ക്ക് പഠിപ്പും ഉയര്‍ന്ന വിദ്യാഭ്യാസവും ഉണ്ടായിരുന്നില്ല. സമ്പത്ത് ഉണ്ടായിരുന്നില്ല. പക്ഷേ വിവരവും സഹാനുഭൂതിയും പരസ്പരസ്‌നേഹവും ഉണ്ടായിരുന്നു. മലയാളിക്ക് ഇന്ന് മൂല്യവര്‍ധിത നികുതിയെക്കുറിച്ച് മാത്രമേ അറിയുകയുള്ളൂ. മൂല്യത്തെക്കുറിച്ചറിയില്ല. സനാതന മൂല്യങ്ങളെക്കുറിച്ചും ശാശ്വതമായ സത്യത്തെക്കുറിച്ചും അവനറിയില്ല. ഇത്തരം സാഹചര്യത്തില്‍ മടങ്ങിവരുന്ന പ്രവാസികളില്‍ വിദഗ്ധരായ പ്രൊഫഷനലുകളെയും സംരംഭങ്ങള്‍ നടത്തി പരിചയമുള്ളവരെയും സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യംവച്ചുള്ള ഡ്രീം കേരള പദ്ധതി വിജയിക്കണമെങ്കില്‍ അവരുടെ വിശ്വാസം തിരികെപ്പിടിക്കണം.
നേരത്തെയും പ്രവാസിക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. അതില്‍ വിശ്വസിച്ച് 15 കോടി മുടക്കി കല്യാണമണ്ഡപം നിര്‍മിച്ച പ്രവാസി സാജന് കണ്ണൂരിലെ ആന്തൂര്‍ നഗരസഭ അവരുടെ സര്‍വശക്തിയുമുപയോഗിച്ച് പ്രവര്‍ത്തനാനുമതി നിഷേധിച്ചത് മറക്കാറായിട്ടില്ല. ഒടുവില്‍ നഗരസഭ അയയാന്‍ സാജന് ആത്മഹത്യ ചെയ്യേണ്ടിവന്നു.
കൊവിഡാനന്തര പ്രവാസിയുടെ ചിന്തകള്‍ തന്നെ മാറിപ്പോയിരിക്കാം. മടങ്ങുന്നവരില്‍ ഏറെയും തൊഴില്‍ നഷ്ടപ്പെട്ടവരും വിസാ കലാവധി കഴിഞ്ഞവരുമാണ്. അവര്‍ക്ക് മുന്നില്‍ എന്ത് സ്വപ്നപദ്ധതിയാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. പ്രവാസിയെ കൊവിഡ് ബാധിതനായിക്കണ്ട് ആട്ടിയകറ്റുന്ന മലയാളി പൊതുബോധത്തെ തിരുത്താനാവശ്യമായ ബോധവല്‍ക്കരണ പരിപാടികളാണ് ഡ്രീം കേരള പദ്ധതിക്കൊപ്പം സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. ക്വാറന്റൈനില്‍ പോകുന്നവരെല്ലാം കൊറോണ വൈറസ് ബാധിതരല്ലെന്ന് വീട്ടുകാരും നാട്ടുകാരും ആദ്യം ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."