ലീഗിന്റെ പ്രവര്‍ത്തനം പ്രതീക്ഷ പകരുന്നത്: ആര്യാടന്‍ മുഹമ്മദ്
ജിദ്ദ: മുസ്‌ലിം ലീഗ് ഇപ്പോള്‍ മതേതരമായിട്ടുണ്ടെന്നും ലീഗിന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും പ്രതീക്ഷ പകരുന്നതാണെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വിജയത്തെയും പരാജയത്തെയും മതനേതാക്കള്‍ സ്വാധീനിക്കുന്ന പ്രവണത ശരിയല്ല. സി.പി.എമ്മിന് ദേശീയ രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ് മതേതര മുന്നണിക്ക് രൂപംനല്‍കി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും. കെ.പി.സി.സി പ്രസിഡന്റ് ആവാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്നും ആര്യാടന്‍ പറഞ്ഞു. മലപ്പുറത്ത് വര്‍ഗീയകക്ഷിയായ പി.ഡി.പിയുടെ വോട്ട് വാങ്ങിയത് സി.പി.എമ്മാണ്. ഒരു തരത്തിലുമുള്ള വര്‍ഗീയ ധ്രുവീകരണം നടന്നിട്ടില്ല. ഇടതുപക്ഷം വിചാരിക്കാത്ത ഫലം വന്നതാണ് അവരെ ഈ തരത്തില്‍ പറയാന്‍ പ്രേരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
മക്ക സന്ദര്‍ശിക്കുന്നുണ്ടെന്നും മദീനയില്‍ പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നിസ്‌കാരവും ഉംറയുമൊക്കെ നിര്‍വഹിക്കുന്നത് പത്രത്തില്‍ വന്നാല്‍ അതിന്റെ കൂലി നഷ്ടപ്പെടില്ലേ എന്നായിരുന്നു ഉംറക്കു പോകുന്നുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം. ഒ.ഐ.സി.സിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ സഊദിയില്‍ എത്തിയതായിരുന്നു ആര്യാടന്‍ മുഹമ്മദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."