പ്രളയാനന്തര കേരളം പടുത്തുയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയം: ഹൈബി ഈഡന്‍
പറവൂര്‍: പ്രളയാനന്തര കേരളം പടുത്തുയര്‍ത്തുന്നതില്‍ കേരള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. പ്രളയം തകര്‍ത്തെറിഞ്ഞ പറവൂര്‍ നിയോജക മണ്ഡലത്തിലെ കര്‍ഷകരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമായ ദുരന്തമായിരുന്നുവെന്ന യു.ഡി.എഫിന്റെ വാദത്തെ സാധൂകരിക്കുന്നതാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയകാരണം. ഡാമുകള്‍ തുറന്നുവിടുമ്പോള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ല.
ജനപ്രതിനിധികളെ പോലും കാര്യങ്ങള്‍ അറിയിച്ചില്ല. തീരദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനോ, കൃത്യമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനോ സര്‍ക്കാര്‍ തയാറായില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ട്‌പോലും സര്‍ക്കാര്‍ അവ പരിശോധിക്കുകയോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാന്‍ തയ്യാറായില്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു. കേരളത്തെ മുക്കിയ പ്രളയത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും ഹൈബി വ്യക്തമാക്കി. പ്രളയം 450 മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്തപ്പോള്‍ അതിന്റെ നൂറ് മടങ്ങാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായ നഷ്ടം. പ്രളയത്തോടെ കൃഷി അപ്പാടെ നശിച്ചു, ക്ഷീര കര്‍ഷകരുടെ നൂറുകണക്കിന് കന്നുകാലികളെ പ്രളയം കവര്‍ന്നു. അങ്ങനെ ഒരുജനതയെ തന്നെ പ്രളയം ഇല്ലാതാക്കി.
ഈ സാഹചര്യങ്ങളില്‍ നിന്നും ഇതുവരെ കര്‍ഷകര്‍ക്ക് ഒരു മോചനം ലഭിച്ചിട്ടില്ല. നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിച്ചതെന്ന് കര്‍ഷകരും കുറ്റപ്പെടുത്തി. വി.ഡി സതീശന്‍ എം.എല്‍.എയും ഹൈബിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."