പണയംവച്ച സ്വര്‍ണം തിരിച്ചെടുത്തപ്പോള്‍ മുക്കുപണ്ടം ലഭിച്ചെന്ന് പരാതി
പറവൂര്‍: പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ മുക്കുപണ്ടം ലഭിച്ചതായി പരാതി. മുനമ്പം കവലയിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെ കുറിച്ചാണ് പരാതി പൊലിസിന് ലഭിച്ചിട്ടുള്ളത്. 2019 ജനുവരി 14 നാണ് ചിറ്റാറ്റുകര തൈപ്പറമ്പില്‍ ജിനരാജ് സ്വര്‍ണം പണയംവച്ച് ഒരു ലക്ഷത്തി പതിനയ്യായിരം രൂപ ഇവിടെ നിന്നും വായ്പയെടുക്കുന്നത്.
മാര്‍ച്ച് 20ന് ഒരുലക്ഷം രൂപ തിരിച്ചടച്ച് പണയം വച്ചതില്‍ കുറച്ച് സ്വര്‍ണം ജിനരാജ് തിരിച്ചെടുത്തു. വീട്ടിലെത്തിയ ശേഷമാണ് തിരിച്ചെടുത്ത ആഭരണങ്ങളില്‍ ഒരു വള മുക്കു പണ്ടമെന്ന് മനസിലായതെന്ന് ജിനരാജ് പറഞ്ഞു. ഉടന്‍ തന്നെ തിരിച്ചെത്തി പരാതി പറഞ്ഞപ്പോള്‍ പണയംവച്ച വള തന്നെയാണ് തിരിച്ച് നല്‍കിയതെന്നാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് അധികൃതരുടെ വിശദീകരണം. ഇതിനുമുമ്പും സമാന രീതിയിലുള്ള ആക്ഷേപങ്ങള്‍ ഈ സ്ഥാപനത്തിനെതിരേ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം. പണയംവച്ച സ്വര്‍ണം തന്നെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ജിനരാജ് വടക്കേക്കര പൊലിസില്‍ അന്നു തന്നെ പരാതി നല്കി.സംഭവത്തെക്കുറിച്ച് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി വരുന്നതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.സി ബിജുകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."