HOME
DETAILS
MAL
വെള്ളാപ്പള്ളിക്കെതിരായ കേസില്‍ കുറ്റപത്രം വൈകിപ്പിക്കാന്‍ ഒത്തുകളിയെന്ന് ആക്ഷേപം
backup
July 03 2020 | 01:07 AM
കൊല്ലം: കൊല്ലം എസ്.എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ ഫണ്ട് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം സമര്‍പിക്കുന്നത് സാങ്കേതിക കാരണത്താല്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നെന്ന് ആക്ഷേപം. കോടതിയില്‍ കുറ്റപത്രം സമര്‍പിക്കേണ്ടത് ക്രൈംബ്രാഞ്ച് എസ്.പിയാണെങ്കിലും കേസ് അന്വേഷിച്ചത് വിജിലന്‍സ് എസ്.പിയാണെന്നതാണ് സാങ്കേതിക കാരണമായി പറയുന്നത്.
കേസ് തുടക്കത്തില്‍ അന്വേഷിച്ചിരുന്നത് കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന ഷാജി സുഗുണനായിരുന്നതിനാല്‍ അദ്ദേഹം പിന്നീട് വിജിലന്‍സ് എസ്.പി ആയെങ്കിലും അന്വേഷണ ചുമതല കോടതി അദ്ദേഹത്തിന് തന്നെയാണ് നല്‍കിയത്. കേസന്വേഷണത്തിനിടെ, ഷാജി സുഗുണനെ അന്വേഷണ ചുമതലയില്‍ നിന്നും തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതിനെതിരേ വാദിഭാഗം കോടതിയെ സമീപിച്ചിരുന്നു. എവിടെപ്പോയാലും ഷാജി സുഗുണന്‍ തന്നെ കേസ് അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് കുറ്റപത്രം തയാറാക്കിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരിക്കെ, 2019 ഡിസംബറില്‍ ഷാജി സുഗുണന്‍ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് സമര്‍പിച്ചിരുന്നെങ്കിലും കോടതിയില്‍ കുറ്റപത്രം സമര്‍പിക്കുന്നത് നീണ്ടു. കുറ്റപത്രം വൈകുന്നതിനെതിരേ വാദിഭാഗം വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പിക്കാന്‍ കഴിഞ്ഞമാസം 22ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അടുത്തിടെയാണ് ഷാജി സുഗുണനെ വിജിലന്‍സിലേക്ക് മാറ്റിയത്.
അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ കുറ്റപത്രത്തില്‍ ഒപ്പിടണമെങ്കില്‍ നിലവിലെ വിജിലന്‍സ് എസ്.പിയായതിനാല്‍ സാങ്കേതിക തടസമുണ്ടെന്നും ഇക്കാര്യത്തിലേക്ക് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നുമാണ് ഷാജി സുഗുണന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സര്‍ക്കാരാകട്ടെ ഉത്തരവിറക്കാന്‍ മടിക്കുന്നെന്നാണ് എസ്.എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി പറയുന്നത്. ഷാജി സുഗുണന് കുറ്റപത്രം സമര്‍പിക്കണമെങ്കില്‍ ഇക്കാര്യത്തിലുള്ള അനുമതി നല്‍കേണ്ടത് സര്‍ക്കാരാണ്. കുറ്റപത്രം വൈകിപ്പിക്കാന്‍ സര്‍ക്കാരും വെള്ളാപ്പള്ളിയുമായി ഒത്തുകളി നടത്തുന്നെന്നാണ് എസ്.എന്‍ ട്രസ്റ്റ് സംരക്ഷണ സമിതിയുടെ ആരോപണം. ഇതോടെ ഈ മാസം എട്ടിന് കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കുറ്റപത്രം സമര്‍പിക്കാന്‍ കഴിയാതെ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."