HOME
DETAILS
MAL
കസ്റ്റഡി മരണം: തമിഴ്നാട്ടില്‍ നാല് പൊലിസുകാര്‍ അറസ്റ്റില്‍
backup
July 03 2020 | 01:07 AM
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി സാത്താന്‍കുളത്ത് പിതാവും മകനും പൊലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റ് മരിച്ച കേസില്‍ നാലു പൊലിസുകാര്‍ അറസ്റ്റില്‍. സംഭവത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മിഷന് തമിഴ്നാട് പൊലിസിനോട് വിശദീകരണം തേടിയതിനു പിന്നാലെയാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്കു കൈമാറിയിരുന്നു. മദ്രാസ് ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്.
ഇന്‍സ്പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ രഘു ഗണേഷ്, ബാലകൃഷ്ണന്, കോണ്‍സ്റ്റബിള്‍ മുരുകന് എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരടക്കം ആറു പൊലിസുകാര്‍ക്കെതിരേ കൊലപാതകക്കുറ്റം അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ജൂണ്‍ 19ന് അറസ്റ്റിലായ 60കാരനായ ജയരാജിനെ പൊലിസ് സ്റ്റേഷനിലിട്ട് മര്‍ദിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത മകന് ബെന്നിക്സിനെയും മര്‍ദിച്ചു. തുടര്‍ന്നു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് വീടിന്റെ മുകള്‍ നിലയില്‍നിന്ന് ആംഗ്യഭാഷയില്‍ ഇവരെ റിമാന്‍ഡ് ചെയ്തതും വിവാദമായിരുന്നു.
തുടര്‍ന്ന് ജയിലില്‍വച്ച് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് ജയരാജും ബെന്നിക്സും മരിച്ചിരുന്നത്. ഇതു വലിയ വിവാദമാകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."