HOME
DETAILS
MAL
തബ്‌ലീഗുകാരുടെ വിസ റദ്ദാക്കിയ സംഭവം; കേസ് പൂര്‍ത്തിയാകാതെ തിരിച്ചയക്കാന്‍ പറ്റില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
backup
July 03 2020 | 01:07 AM
ന്യൂഡല്‍ഹി: ഇവിടെ ക്രിമിനല്‍ കേസ് ബാക്കിയുള്ളതിനാല്‍ വിസ റദ്ദാക്കിയ വിദേശികളായ തബ്‌ലീഗ് പ്രവര്‍ത്തകരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ഡല്‍ഹിയിലെ തബ്‌ലീഗ് യോഗത്തില്‍ പങ്കെടുത്തതിന് വിദേശികളായ തബ്‌ലീഗ് പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിസ റദ്ദാക്കിയ 3,460 വിദേശികള്‍ കൊവിഡ് ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഡല്‍ഹിയിലെ തബ്‌ലീഗ് മര്‍കസിലെ യോഗത്തില്‍ പങ്കെടുത്തവരാണെന്നും 1946ലെ ഫോറിനേഴ്‌സ് ആക്ടിലെ 13, 14 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം അവര്‍ ചെയ്തിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിസ റദ്ദാക്കിയതായി ഓരോരുത്തര്‍ക്കുമായി പ്രത്യക ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇവരെല്ലാം രാജ്യത്തിന്റെ പലഭാഗത്തായതിനാലാണ് എല്ലാവര്‍ക്കും ഉത്തരവ് നേരിട്ട് എത്തിക്കാന്‍ കഴിയാത്തത്. അതിനാല്‍ ഇ-മെയിലില്‍ എല്ലാവര്‍ക്കും നോട്ടീസ് അയച്ചതാണ്. ഇത്തരം ഘട്ടങ്ങളില്‍ തിരിച്ചുപോകാന്‍ വിമാനത്താവളത്തിലെത്തുമ്പോഴാണ് വിസ റദ്ദാക്കിയ കാര്യം നേരിട്ട് അറിയിക്കാറുള്ളതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
വിസ റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അത് നീക്കിക്കിട്ടാന്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെട്ട അതോറിറ്റിയെ സമീപിക്കാമെന്നും തൃപ്തികരമായ തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ കേന്ദ്രം ഈ ഉത്തരവിനെ എതിര്‍ത്തു.
ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യാനും കഴിയില്ല. തിരിച്ചു പോകാനുള്ള അവകാശവും മൗലികാവകാശങ്ങളുടെ പരിധിയില്‍ വരില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
എന്നാല്‍, ഇക്കാര്യവും ബന്ധപ്പെട്ട അതോറിറ്റി മുമ്പാകെ ഉന്നയിക്കാനായിരുന്നു കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
തിരിച്ചു പോകുകയാണ് തന്റെ കക്ഷിയ്ക്ക് വേണ്ടതെന്ന് തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സി.യു സിങ് കോടതിയെ അറിയിച്ചു.
ഇവരെ കരിമ്പട്ടികയില്‍ പെടുത്തിയതായി നോട്ടീസ് നല്‍കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടില്ല. വിസ റദ്ദാക്കുക മാത്രമാണ് ചെയ്തത്. വിസ റദ്ദാക്കിയാല്‍ സാധാരണ ചെയ്യാറ് അവരുടെ രാജ്യത്തേക്കു തിരിച്ചയക്കുകയാണെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. കേസ് ജൂലൈ പത്തിലേക്ക് മാറ്റി.
ഫ്രഞ്ച്കാരനായ ആലാ ഹദ്‌റാമിയാണ് പ്രധാന ഹരജിക്കാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."