മാക്കൂട്ടം ചുരം പാതയിലൂടെ സാഹസയാത്ര
ഇരിട്ടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മാക്കൂട്ടം പെരുമ്പാടി ചുരം പാത ചെറുവാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തെങ്കിലും യാത്ര അതീവ ദുഷ്‌കരം. ശനിയാഴ്ച മുതലാണ് ജീപ്പ്, കാര്‍, മോട്ടോര്‍ ബൈക്കുകള്‍ തുടങ്ങിയ ചെറു യാത്രാ വാഹനങ്ങള്‍ക്കായി നിയന്ത്രിത ഗതാഗതാനുമതിയോടെ പാത തുറന്ന് കൊടുത്തത്.
കാക്കത്തോട് മുതല്‍ പെരുമ്പാടി ചുരം വരെയുള്ള 16 കിലോമീറ്ററോളം റോഡില്‍ നൂറിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. നൂറുകണക്കിന് വന്‍മരങ്ങളും റോഡിലേക്ക് മറിഞ്ഞു വീണിരുന്നു. കുടക് ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലും വീരാജ്‌പേട്ട മേഖലയിലെ ജനങ്ങളുടെ പ്രതിഷേധവും ഇതുവഴി ഒരു മാസത്തേക്ക് നിരോധിച്ച വാഹനഗതാഗതം മൂന്നാഴ്ച കൊണ്ടുതന്നെ ചെറുവാഹനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ സാധിച്ചതിന് കാരണമായി.
താല്‍ക്കാലിക അറ്റകുറ്റപ്പണിക്കായി 57 ലക്ഷം രൂപ ചെലവിട്ടതായി വീരാജ്‌പേട്ട നഗരസഭാ ചെയര്‍മാന്‍ ഇ.സി ജീവന്‍ പറഞ്ഞു. റോഡ് പുനര്‍നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 6.25 കോടി രൂപയുടെ നിര്‍ദേശം ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചതായും അറിയിച്ചു. മാക്കൂട്ടം ചുരം പാത ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ ഇരിട്ടിയില്‍ നിന്ന് ടാക്‌സി ജീപ്പുകള്‍ വീരാജ്‌പേട്ട വരെ സമാന്തര സര്‍വിസ് ആരംഭിച്ചു. ഒരാള്‍ക്ക് 150 രൂപ മുതല്‍ 200 വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. ബസുകള്‍ക്ക് 40 രൂപയും 50 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. ചില ടാക്‌സികള്‍ യാത്രാക്ലേശം മുതലെടുത്ത് അന്തര്‍ സംസ്ഥാന യാത്രക്കാരില്‍നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം മാസങ്ങള്‍ കൂടി നീണ്ടേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."