രാഹുലിന്റെ പരിപാടിയില്‍ ഉയര്‍ന്നുപൊങ്ങി ലീഗിന്റെ ഹരിതപതാക; ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ലീഗിന്റെ പതാകയുള്‍പ്പെടെയുള്ള ചിത്രം പങ്കുവച്ച് പ്രിയങ്കയും
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണചടങ്ങില്‍ ഉയര്‍ന്നു പൊങ്ങി മുസ്‌ലിംലീഗിന്റെ ഹരിത പതാകയും. സംഘ്പരിവാര്‍ വര്‍ഗീയപ്രചാരണത്തിന് ഉപയോഗിക്കുമെന്നതിനാല്‍ രാഹുലിന്റെ ചടങ്ങില്‍ ലീഗിന്റെ ഹരിത പതാക ഉണ്ടായേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടി പതാകയുമായി തെരുവുകള്‍ കീഴടക്കിയത്.
പരിപാടിയില്‍ കോണ്‍ഗ്രസ്സിന്റെ മൂവര്‍ണപതാകയെപ്പോലെ തന്നെ ലീഗിന്റെ പതാകയും പ്രവര്‍ത്തകര്‍ വീശി.
പത്രികാസമര്‍പ്പണം കഴിഞ്ഞ് തുറന്നവാഹനത്തില്‍ രാഹുലും സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും റോഡ് ഷോ നടത്തിയപ്പോഴും കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പതാകകള്‍ ഒരുപോലെ കാണാമായിരുന്നു. പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും പ്രിയങ്കാഗാന്ധി തന്റെ ഔധ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചപ്പോഴും, കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയസഖ്യകക്ഷിയുടെ പതാകയെ മാറ്റിനിര്‍ത്തിയില്ല.
ലീഗിന്റെ പതാക രാഹുലിന്റെ ചടങ്ങില്‍ ഉണ്ടായേക്കില്ലെന്ന് ഒരുവിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. പച്ചക്കൊടി പ്രകടനത്തില്‍ നിറയുന്നത് മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുമെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനിയും റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ഇതിനു പിന്നാലെ സോഷ്യല്‍മീഡിയകളിലും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായി.
എന്നാല്‍, പരിപാടികളില്‍ ലീഗിന്റെ കൊടി ഉയരുമെന്ന് പാര്‍ട്ടി നേതാക്കളായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും കെ.പി.എ മജീദും അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."