അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാംപിനുനേരെ താലിബാന്‍ ആക്രമണം
140 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സൈനിക താവളത്തില്‍ താലിബാന്റെ ശക്തമായ ആക്രമണത്തില്‍ 140 സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പ്രവിശ്യയില്‍ ബല്‍ഖിലെ മസാറെ ശരീഫ് നഗരത്തില്‍ വെള്ളിയാഴ്ചയാണ് വന്‍ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ നിരവധിപേരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളിഴാഴ്ച സൈനിക താവളത്തിലെ പള്ളിയില്‍നിന്ന് നിസ്‌കരിച്ചു പുറത്തിറങ്ങിയവരെയും സൈനിക കാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെയും ലക്ഷ്യമിട്ടാണ് താലിബാന്റെ ആക്രമണം നടന്നത്. സംഭവത്തില്‍ പത്തോളം താലിബാന്‍ ഭീകരര്‍ കൊല്ലപ്പെടുകയും ഒരു അക്രമി സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്തിട്ടുണ്ട്. സൈനികതാവളം ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ ആക്രമണമാണെന്ന് താലിബാന്‍ അറിയിച്ചു.
സൈനിക യൂനിഫോം ധരിച്ചാണ് അക്രമികള്‍ താവളത്തിന് അകത്ത് കയറിയത്. തുടര്‍ന്ന് സൈനികര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. അഫ്ഗാന്‍ സൈന്യത്തിനുനേരെ നടക്കുന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്. സംഭവസ്ഥലത്തെത്തിയ പ്രസിഡന്റ് അശ്‌റഫ് ഗനി പരുക്കേറ്റ സൈനികരെ സന്ദര്‍ശിച്ചു. ആക്രമണത്തെ ഗുരുതരമെന്നു വിശേഷിപ്പിച്ച യു.എസ് സൈനിക വക്താവ് ജോണ്‍ തോമസ് ഭീകരരെ വരുതിയിലാക്കിയ അഫ്ഗാന്‍ സൈനികരെ പ്രശംസിച്ചു.
അഫ്ഗാന്‍ ദേശീയ സൈന്യത്തിലെ 209-ാമത് ബറ്റാലിയന്റെ താവളമാണ് മസാറേ ശരീഫിലേത്. കുന്ദുസ് പ്രവിശ്യയടക്കം വടക്കന്‍ അഫ്ഗാനിലെ മിക്ക മേഖലകളുടെയും സുരക്ഷാ ചുമതല വഹിക്കുന്ന സൈന്യമാണിത്.
ഈമാസം ആദ്യത്തില്‍ അഫ്ഗാനിലെ ഐ.എസ് കേന്ദ്രത്തിനുനേരെ അമേരിക്ക 'ബോംബുകളുടെ മാതാവി'നെ ഉപയോഗിച്ചുള്ള അതിഭീകര ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ നൂറോളം ഐ.എസ് ഭീകരരാണു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."