HOME
DETAILS
MAL
കൊവിഡ്: പിഴ ഈടാക്കാന്‍ ഓര്‍ഡിനന്‍സില്‍ ഭേദഗതിക്ക് തീരുമാനം
backup
July 03 2020 | 03:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി നീങ്ങുന്ന സര്‍ക്കാര്‍ കൊവിഡ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കാന്‍ ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തുന്നു.
കേരള പൊതുജനാരോഗ്യ - പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സിലാണ് ഭേദഗതി വരുത്തുന്നത്.
ഇതു സംബന്ധിച്ച് ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം നിയമ വകുപ്പിന് നിര്‍ദേശം നല്‍കി. ഈ ആഴ്ച തന്നെ ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തി ഗവര്‍ണര്‍ക്ക് കൈമാറും.
നിലവില്‍ നിയമ ലംഘനത്തിന് കേസെടുക്കുമെങ്കിലും അത് കോടതിക്ക് കൈമാറുകയാണ് ചെയ്യുന്നത്.
മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കൊവിഡ് മാനദണ്ഡം ലംഘിച്ച് സമരങ്ങള്‍ നടത്തിയതിനും നിരവധി രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ നിര്‍ദേശം ലംഘിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നതിനും കേസെടുത്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തതിലും കേസുണ്ട്. കോടതിയിലേക്ക് ഈ കേസുകളെല്ലാം കൈമാറേണ്ടി വരും.
ഇത് പൊലിസിന് ഇരട്ടി ജോലിഭാരമുണ്ടാക്കുമെന്നും നിയമ ലംഘനം നടത്തിയാല്‍ ഉടന്‍ പിഴ ഈടാക്കാന്‍ ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തണമെന്നും സംസ്ഥാന പൊലിസ് മേധാവി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.
ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ പിഴയീടാക്കാവുന്ന കുറ്റങ്ങള്‍ക്ക് പൊലിസ് തന്നെ പിഴ ഈടാക്കും.
നിലവില്‍ 1,000 രൂപ മുതല്‍ 10,000 രൂപ വരെ വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാമെന്നാണ് പൊലിസ് മേധാവി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പിഴ സംബന്ധിച്ച് വ്യക്തമായ പട്ടികയുണ്ടാക്കാന്‍ പൊലിസ് മേധാവിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് 5,373 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ അത് ആറായിരം കടക്കുകയും ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ചതിനാകട്ടെ ഇതുവരെ സംസ്ഥാനത്താകെ ഇരുന്നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇതുവരെയുള്ള കേസുകള്‍ പതിനായിരം കടന്നിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന് സമരക്കാര്‍ക്കെതിരേ ഇരുന്നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പിഴത്തുക പൊലിസ് നേരിട്ട് ഈടാക്കുന്നതോടെ കൊവിഡ് നിയമ ലംഘനം ഒരു പരിധി വരെ കുറക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."