തിരുവനന്തപുരത്ത് ജാഗ്രത: പാളയം മാര്‍ക്കറ്റ് അടയ്ക്കും,ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍
തിരുവനന്തപുരം: കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം.
പാളയം ഉള്‍പ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണാക്കി. സാഫല്യം കോംപ്ലക്‌സ് അടച്ചതിന് പിന്നാലെ പാളയം മാര്‍ക്കറ്റും അടക്കും. നഗരത്തില്‍ അണുനശീകരണം ആരംഭിച്ചു. ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഉറവിടമറിയാത്ത 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുതുതായി രോഗം സ്ഥിരീകരിച്ച പാളയം സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരായ അസം സ്വദേശി, വഞ്ചിയൂരില്‍ ലോട്ടറി വില്‍പന നടത്തുന്നയാള്‍, ബാലരാമപുരം സ്വദേശിയായ 47കാരന്‍, വിഎസ്എസ്സിയില്‍ ജോലി ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി എന്നിവര്‍ക്കും രോഗം പകര്‍ന്നതെങ്ങനെയെന്ന് അവ്യക്തമാണ്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിദിനം നൂറുകണക്കിന് പേര്‍ വരുന്ന സാഫല്യം കോംപ്ലക്‌സ് അടച്ചു. ഉറവിടമില്ലാത്ത കേസുകള്‍ അപകടകരമായ സൂചനയാണ് നല്‍കുന്നതെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു.
പാളയം മാര്‍ക്കറ്റിന്റെ പ്രധാന ഗേറ്റ് മാത്രമേ തുറക്കൂ. മറ്റ് മാര്‍ക്കറ്റുകളിലും നിയന്ത്രണം കര്‍ശനമാക്കും. വഞ്ചിയൂര്‍, പാളയം മേഖലകളില്‍ അണുനശീകരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."