ഫ്രാന്‍സില്‍ ആദ്യഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; യൂറോപ്പിന്റെയും ഫ്രാന്‍സിന്റെയും ഭാവിയില്‍ നിര്‍ണായകം
പാരിസ്: ഫ്രാന്‍സിന്റെയും യൂറോപ്പിന്റെയും ഭാവി തീരുമാനിക്കുന്ന നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്. ബ്രെക്‌സിറ്റിനും അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനും ശേഷം വലതുപക്ഷ രാഷ്ട്രീയം യൂറോപ്പില്‍ പിടിമുറുക്കുന്നതായുള്ള ഭീഷണികള്‍ക്കിടെ ഈ വര്‍ഷത്തെ മൂന്നു പ്രധാന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഫ്രാന്‍സില്‍ നടക്കുന്നത്. മാര്‍ച്ച് 15നു നടന്ന നെതര്‍ലന്‍ഡ്‌സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ തീവ്രവലതുപക്ഷ പാര്‍ട്ടി പരാജയം നേരിട്ടപ്പോള്‍ ജര്‍മനിയില്‍ സെപ്റ്റംബര്‍ 24നാണ് ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്നു നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മൊത്തം 11 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. തീവ്രവലതുപക്ഷക്കാരിയായ മരിന്‍ ലീ പെന്‍ ആണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം.മിതവാദി വിഭാഗമായ എന്‍ മാര്‍ഷെ(ഇ.എം)യുടെ ഇമ്മാനുവല്‍ മാക്രോണാണ് മരിനെതിരേ മിതവാദികള്‍ ഉയര്‍ത്തുന്ന പ്രധാന എതിരാളി.
പ്രധാന സ്ഥാനാര്‍ഥികള്‍ ഇങ്ങനെ:
മരിന്‍ ലീ പെന്‍
കുടിയേറ്റ വിരുദ്ധ, തീവ്രവലതുപക്ഷ കക്ഷിയായ നാഷനല്‍ ഫ്രന്‍ഡിന്റെ സ്ഥാനാര്‍ഥിയായ മരിന്‍ തന്നെയാണ് പ്രചാരണ രംഗത്ത് മുന്നിലുള്ളത്. മുസ്‌ലിം-സെമിറ്റിക്-കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ പേരില്‍ കുപ്രസിദ്ധയാണ്. രാജ്യത്തെ 30 ലക്ഷം വിദേശികളെ നാടുകടത്തുമെന്നു പറഞ്ഞ ഈ 48കാരി, കഴിഞ്ഞ ദിവസം പാരിസില്‍ നടന്ന ആക്രമണത്തിനു പിറകെയും രാജ്യത്തെ മുസ്‌ലിം പള്ളികള്‍ അടച്ചുപൂട്ടണമെന്ന് മുറവിളികൂട്ടിയിരുന്നു.
വാഗ്ദാനം: യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോകാന്‍ ഫ്രെക്‌സിറ്റ് നടത്തും, യൂറോ നാണയം നിരോധിക്കും, മുഴുവന്‍ വിദേശികളെയും പുറത്താക്കും, കുടിയേറ്റക്കാര്‍ക്കുള്ള ആരോഗ്യസഹായം നിര്‍ത്തലാക്കും.
ഇമ്മാനുവല്‍ മാക്രണ്‍
സാമൂഹികവും സാമ്പത്തികവുമായി ഉദാര നിലപാടുള്ള മിതവാദി വിഭാഗമായ എന്‍ മാര്‍ഷെ(ഇ.എം)യുടെ സ്ഥാനാര്‍ഥി. ഫ്രാന്‍സെ ഹൊലാന്‍ഡെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഈ 39കാരന്‍. പിന്നീട് രാജിവച്ചു. മരിനെതിരേ മിതവാദികള്‍ ഉയര്‍ത്തുന്ന പ്രധാനസ്ഥാനാര്‍ഥി. ഇ.യു അനുകൂലി.വാഗ്ദാനം: അഭയാര്‍ഥി അപേക്ഷകളില്‍ ആറു മാസത്തിനകം നടപടി, മതേതര ജീവിതത്തിനു മുന്‍ഗണന, ശിരോവസ്ത്ര നിരോധന നീക്കം തടയും, തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കും
ഫ്രാന്‍സെ ഫില്ലണ്‍
മിതവാദ-വലതുപക്ഷ പാര്‍ട്ടിയായ ദ റിപബ്ലിക്കന്‍സി(എല്‍.ആര്‍)ന്റെ സ്ഥാനാര്‍ഥി. ഇ.യു അനുകൂലി. മരിനെപോലെ കുടിയേറ്റ വിരുദ്ധനയം സ്വീകരിക്കുന്നു മുന്‍ പ്രസിഡന്റ് നിക്കോളാസ് സാര്‍ക്കോസിയോട് മത്സരിച്ചു പരാജയപ്പെട്ട ഈ 62കാരന്‍. 'ഇസ്‌ലാമിക ഭീകരത'ക്കെതിരേ റഷ്യയുമായി സഹകരണം വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു.
വാഗ്ദാനം: 35 മണിക്കൂറില്‍നിന്ന് ആഴ്ചയിലെ ജോലിസമയം കുറക്കും, പൊതുമേഖലാ ജോലികള്‍ വെട്ടിക്കുറക്കും, ഇ.യു ഇതര പൗരന്മാര്‍ക്ക് കര്‍ശന നിയമങ്ങള്‍.
ഴാങ് ലൂക് മെലങ്കോണ്‍
തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ അണ്‍ സബ്മിസിവ് ഫ്രാന്‍സി(എഫ്.ഐ)ന്റെ സ്ഥാനാര്‍ഥി. 30 വര്‍ഷത്തോളം സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്നു.
2008ല്‍ സ്വന്തമായി എഫ്.ഐ രൂപീകരിച്ചു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ പരമ്പരാഗ ഇടതുപക്ഷക്കാരുടെ പിന്തുണയുണ്ട് ഈ 65കാരന്.
വാഗ്ദാനം: 35 മണിക്കൂര്‍ ജോലി 32 മണിക്കൂര്‍ ആയി കുറക്കും, യൂറോപ്യന്‍ യൂനിയനുമായി ചര്‍ച്ച, നാറ്റോ വിടും.
ബെനിറ്റോ ഹാമന്‍
സോഷ്യലിസ്റ്റ് പാര്‍ട്ടി(എസ്.പി)യുടെ സ്ഥാനാര്‍ഥി. ഹൊലന്‍ഡെ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. സര്‍ക്കാരിന്റെ തീവ്രമിതവാത സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ച് 2014ല്‍ രാജിവച്ചു.
വാഗ്ദാനം: നിലവിലെ തൊഴില്‍നിയമം എടുത്തുകളയും, കഞ്ചാവ് നിയമവിധേയമാക്കും, ജോലി സമയം കുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."