എന്‍.എസ്.എസ് സമദൂരത്തിനു പിന്നില്‍ സംഘ്പരിവാര്‍ ഇടപെടലെന്നു സൂചന
തിരുവനന്തപുരം: സംഘ്പരിവാര്‍ ഇടപെടലിനെ തുടര്‍ന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നയം സമദൂരമാണെന്ന് എന്‍.എസ്.എസ് വീണ്ടും പ്രഖ്യാപിച്ചതെന്നു സൂചന. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും പിന്തുണ പരസ്യമായി പ്രഖ്യാപിക്കുന്നത് എന്‍.എസ്.എസിനെ പൊതുസമൂഹത്തില്‍ കൂടുതല്‍ ആക്രമിക്കപ്പെടുന്നതിനു കാരണമാകുമെന്നു വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംഘ്പരിവാര്‍ നിര്‍ദേശമനുസരിച്ചാണ് ഔദ്യോഗിക പത്രത്തിലൂടെ സമദൂരമെന്ന നിലപാട് അവര്‍ വീണ്ടും പ്രഖ്യാപിച്ചതെന്നറിയുന്നു.
ശബരിമല വിഷയത്തിന്റെ പേരില്‍ ബി.ജെ.പിയും സംഘ്പരിവാറുമായി എന്‍.എസ്.എസ് അടുത്തിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ സഹായിക്കുന്ന തരത്തില്‍ എന്‍.എസ്.എസ് നിലകൊള്ളുമെന്നുമുള്ള വാര്‍ത്തകര്‍ പരന്നിരുന്നു. പല മണ്ഡലങ്ങളിലെയും എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍പോലും എന്‍.എസ്.എസ് ഇടപെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെ എന്‍.എസ്.എസ് പഴയ നിലപാട് ആവര്‍ത്തിച്ചത്.
എന്നാല്‍ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും സ്ഥാനാര്‍ഥികളെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുതന്നെയാണ് എന്‍.എസ്.എസിനുള്ളില്‍ ഇപ്പോഴുമുള്ളത്. ബി.ജെ.പിക്കുള്ള പരസ്യ പിന്തുണ എന്‍.എസ്.എസിനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്ന് അതിന്റെ നേതൃത്വവും വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."