സംസ്‌കാരശൂന്യ പ്രസംഗവും സാംസ്‌കാരിക നായക മൗനവും
സംസ്‌കാരമെന്നത് രാഷ്ട്രീയക്കാര്‍ക്ക് അന്യമായി പോകുന്നുണ്ടോ.
അങ്ങനെ സംഭവിച്ചുകൂടാ. രാഷ്ട്രീയക്കാര്‍ സ്ത്രീവിരുദ്ധരായിപ്പോകുന്നതും അംഗീകരിക്കാനാവില്ല.
പറഞ്ഞതു മാറ്റിപ്പറയുന്ന പതിവ് പണ്ടേയുള്ളതാണു രാഷ്ട്രീയക്കാര്‍ക്ക്. മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നു പറഞ്ഞു രക്ഷപ്പെടുകയായിരുന്നു പതിവ്. ഇപ്പോഴതു നടക്കാതായി. ദൃശ്യമാധ്യമങ്ങള്‍ക്കു വലിയ വേരോട്ടം ലഭിച്ചത് ഇത്തരം ഓന്തു രാഷ്ട്രീയക്കാര്‍ക്കു വിനയായി.
ഇപ്പോള്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ വിലകുറഞ്ഞ സംസ്‌കാരശൂന്യമായ പരാമര്‍ശം ചര്‍ച്ചയായിരിക്കയാണ്. തെറ്റായെന്നു ബോധ്യപ്പെട്ടാല്‍ തിരുത്താനും മാപ്പു പറയാനുമൊക്കെയുള്ള മാന്യത അപൂര്‍വം ചിലര്‍ കാണിക്കാറുണ്ട്. അതിനുള്ള മാന്യതയും വിജയരാഘവന്‍ കാണിച്ചില്ല.
അശ്ലീലവും സ്ത്രീവിരുദ്ധതയും വലിയ യോഗ്യതയായി കൊണ്ടു നടക്കുന്ന ചിലരുണ്ട്. കൈയടിക്കു വേണ്ടിയാണു പലരും ഇങ്ങനെ വാക്കുകൊണ്ടു സ്ത്രീകളെ കൈയേറ്റം ചെയ്യുന്നത്. ഇപ്പോള്‍ കൈയടിക്കാനും ആളുകള്‍ കുറഞ്ഞു. സാധാരണപ്രവര്‍ത്തകരുടെ സംസ്‌കാരവും മാന്യതയും നേതാക്കളില്‍ ചിലര്‍ക്കില്ലാതെ പോകുന്നതു ഗൗരവമുള്ള വിഷയമായി പാര്‍ട്ടികള്‍ കാണണം.
പൊതുചടങ്ങില്‍ വച്ചു സ്ത്രീകളെ എന്തും പറയാമെന്ന ധാരണ മാറ്റണം. ഇതു മനസ്സിന്റെ വൈകൃതമാണ്. തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കകത്ത് ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന കാര്യം 23നു ശേഷം പറയാമെന്ന് ഇടതു സ്ഥാനാര്‍ഥി പി.കെ ബിജു തന്നെ പറയുന്നു.
ആശയത്തെ പുതുമയുടെ ആഘോഷമാക്കി മാറ്റിയ നേതാക്കന്മാര്‍ നമുക്കുണ്ടായിരുന്നു. ഇ.എം.എസിനെപ്പോലെ, സി.എച്ചിനെപ്പോലെ, കെ.കരുണാകരനെപ്പോലെ, അരങ്ങില്‍ ശ്രീധരനെപ്പോലെ, സി. അച്യുതമേനോനെപ്പോലെ കുറേ നേതാക്കള്‍. അവര്‍ നടന്നുപോയ വഴികളിലെല്ലാം അത്ഭുതങ്ങള്‍ ബാക്കി വച്ചു.
അത്യപൂര്‍വമായ പ്രതിഭകൊണ്ടു കാലത്തെ കീഴടക്കാന്‍ അത്തരം നേതാക്കള്‍ക്കു കഴിഞ്ഞു. അവര്‍ ഉപയോഗിച്ച അലങ്കാരങ്ങളും ഉപമകളും ഒന്നും ഒരിക്കലും സ്ത്രീവിരുദ്ധത നിറഞ്ഞതായിരുന്നില്ല. അവയൊന്നും വ്യക്തിപരമായി ആരുടെയും മനസിനെ കുത്തിനോവിക്കുന്നതായിരുന്നില്ല. അവരുടെ വാക്കുകളില്‍ നര്‍മമുണ്ടായിരുന്നു. എതിരാളികളെപ്പോലും ചിരിപ്പിക്കുന്ന, ശത്രുക്കള്‍ പോലും ആസ്വദിക്കുന്ന ഫലിതമായിരുന്നു അത്.
ഇന്നു വിജയരാഘവന്മാര്‍ ഒട്ടുമിക്ക പാര്‍ട്ടികളിലുമുണ്ട്. വിലകുറഞ്ഞ തമാശകള്‍ പറഞ്ഞു സ്വയം നിര്‍വൃതിയടയുന്നവര്‍ അവരുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീവിരുദ്ധതയും ജാതിചിന്തയും അറിയാതെ പുറത്തുവരികയാണ്. ആ മനസ്സുകളുടെ വൈകൃതം സമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കുകയാണ്.
പഴയ നേതാക്കള്‍ അവര്‍ക്ക് കാലത്തോടു കലഹിക്കുന്ന മനസുണ്ടായിരുന്നു, ഇന്നു നിങ്ങള്‍ കാലത്തോടല്ല കലഹിക്കുന്നത്, രാഷ്ട്രീയ എതിരാളികളോടാണ്. ദേശങ്ങള്‍ക്കും മത - ലിംഗ - ഭാഷാ - വേഷ വേര്‍തിരിവുകള്‍ക്കും അതീതമായി മനുഷ്യനെയും ജീവിതത്തെയും കാണാനുള്ള കണ്ണുകള്‍ നിങ്ങള്‍ക്ക് ഇല്ലാതെപോയി.
എ. വിജയരാഘവന്റെ പരാമര്‍ശം അനുചിതമായിപ്പോയെന്നു വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജാഗ്രതക്കുറവുണ്ടായെന്നു സി.പി.എം സെക്രട്ടേറിയറ്റും വിലയിരുത്തി. അച്യുതാനന്ദന്റെ അഭിപ്രായം തന്നെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനും പ്രകടിപ്പിച്ചത്. മുമ്പ് ഇ.കെ നായനാരും പി. സീതിഹാജിയുമൊക്കെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലാകുകയും അവരൊക്കെ അതില്‍നിന്നു മാന്യമായി രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.
അവര്‍ക്കൊക്കെ പാര്‍ട്ടികളും സമൂഹവും നല്‍കിയിരുന്ന ഒരു പരിഗണന ഉണ്ടായിരുന്നു. അവരോടു രാഷ്ട്രീയ എതിരാളികള്‍ പോലും പുലര്‍ത്തിയിരുന്ന സ്‌നേഹം അതു കിട്ടുമെന്നു വിജയരാഘവന്മാര്‍ പ്രതീക്ഷിക്കുന്നതിലെന്തര്‍ഥം.
ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തി സ്ത്രീകളെ അപമാനിക്കുന്നതു വലിയ മിടുക്കാണെന്ന തോന്നല്‍ ചിലര്‍ക്കെങ്കിലുമുണ്ട്. സത്യത്തില്‍ അതു മിടുക്കല്ല ദൗര്‍ബല്യമാണ്, മനസ്സിന്റെ വൈകല്യമാണ് കാണിക്കുന്നത്. രാഷ്ട്രീയരംഗത്തു രാഷ്ട്രീയം പറഞ്ഞ് ഏറ്റുമുട്ടാന്‍ കഴിയണം. അതു കഴിയാതെ വന്നതുകൊണ്ടാണു രമ്യയെ വ്യക്തിഹത്യ നടത്താന്‍ സി.പി.എം മുതിര്‍ന്നത്.
മണ്ഡലത്തില്‍ രമ്യക്ക് അനുകൂലമായ തരംഗമാണെങ്ങും. ചടുലമായ വാക്കുകളും ഹൃദ്യമായ പെരുമാറ്റവും കൊണ്ടു രമ്യ ജനങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവച്ചിരിക്കുന്നു. നാട്യങ്ങളറിയാത്ത ഈ നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയുടെ നിഷ്‌കളങ്കത ആലത്തൂരിനു ബോധ്യപ്പെട്ടിരിക്കുന്നു. ഈ പടയോട്ടത്തില്‍ രമ്യക്കു മുമ്പില്‍ അടിയറവു പറയേണ്ടി വരുമെന്നു സി.പി.എം തിരിച്ചറിയുന്നു. മണ്ഡലത്തിന്റെ ചരിത്രം അട്ടിമറിയിലൂടെ മാറ്റി എഴുതും ഈ ചുണക്കുട്ടി എന്ന ബോധ്യമാണ് ഹാലിളക്കത്തിന് കാരണം.
ആലത്തൂര്‍ ഇടതുമുന്നണിക്ക് എളുപ്പം ജയിച്ചു കയറാന്‍ കഴിയുന്ന മണ്ഡലമാണെന്നാണു വയ്പ്. അപൂര്‍വം ചിലപ്പോള്‍ മണ്ഡലം മുഖം തിരിച്ചിട്ടുണ്ടെങ്കില്‍ പോലും. ഇത്തവണ ഇടതുമുന്നണി ഉറപ്പിച്ച മൂന്നോ നാലോ സീറ്റുകളിലൊന്ന് ആലത്തൂരാണ്. പക്ഷേ, രമ്യ ഹരിദാസ് അവിടെ സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ ഇടതുമുന്നണിക്കു കാലിടറിയെന്നതാണു സത്യം. അവരുടെ പ്രതീക്ഷയിലോ കണക്കുകൂട്ടലുകളിലോ പരിഗണനയിലോ ഒന്നുമില്ലാതിരുന്ന ഒരു ചെറുപ്പക്കാരി. ആത്മാര്‍ഥതയും ഊര്‍ജസ്വലതയും നിഷ്‌കളങ്കതയും കൈമുതലായുള്ള മിടുമിടുക്കി.
പാട്ടും പാടിയുള്ള ആ വരവു തന്നെ ആലത്തൂരിന്റെ മനസ്സിലേയ്ക്കായിരുന്നു. യു.ഡി.എഫുകാര്‍ മാത്രമല്ല നിഷ്പക്ഷമതികളായ ആലത്തൂരിലെ മുഴുവന്‍ ആളുകള്‍ക്കും ദിവസങ്ങള്‍ക്കകം രമ്യ പ്രിയപ്പെട്ടവളായി. അവരുടെ ഒരു സഹോദരിയായി. രാഹുല്‍ഗാന്ധി കണ്ടെത്തിയ പവിഴമുത്താണു രമ്യയെന്നു മണ്ഡലം തിരിച്ചറിഞ്ഞു. സ്വാഭാവികമായും ഈ മാറ്റം ഇടതുമുന്നണിയെ വിറളി പിടിപ്പിക്കുക തന്നെ ചെയ്തു. ആ ബേജാറാണുകണ്‍വീനറിലൂടെ പുറത്തുവന്നത്.
അതിനുമുമ്പ് ഒരു അമ്പ് എയ്തുനോക്കിയിരുന്നു. അതു തിരിഞ്ഞുകുത്തി. കവിതമോഷണത്തിലൂടെ മാധ്യമ ശ്രദ്ധ നേടിയ ഒരു ടീച്ചര്‍ രമ്യ പാട്ടു പാടുന്നതിനെ അവര്‍ പിന്നാക്ക ജാതിക്കാരിയാണെന്നു പറഞ്ഞതിനെ പരിഹസിച്ചു. പരിഹാസശരങ്ങള്‍ വളരെ ക്രൂരമായി തന്നെ സമൂഹമാധ്യമങ്ങളിലൂടെ ടീച്ചറെ തിരിഞ്ഞുകുത്തി. അപ്പോഴാണ് കണ്‍വീനറുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. പാര്‍ട്ടി സെക്രട്ടേറിയറ്റ് ശക്തമായ രീതിയില്‍ തന്നെ വിജയരാഘവനു മുന്നറിയിപ്പു കൊടുത്തതില്‍ ആശ്വാസം.
വെളുക്കാന്‍ തേച്ചതു പാണ്ടായെന്നു പറയുന്നപോലെ രമ്യയെ തകര്‍ക്കാന്‍ മുന്നണി കണ്‍വീനര്‍ ഉപയോഗിച്ച ആയുധം രമ്യയുടെ വിജയസാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒരു ഇല അനങ്ങിയാല്‍ പ്രസ്താവനകളിറക്കുന്ന സാംസ്‌കാരിക നായകരെ ഈ നെറികേടിനെതിരെ പ്രതികരിക്കാന്‍ നമ്മള്‍ കണ്ടില്ല. സാംസ്‌കാരിക നായകരുടെ നട്ടെല്ല് ഏതെങ്കിലും പാര്‍ട്ടി ഓഫിസുകളില്‍ പണയം വയ്ക്കുന്നത് കഷ്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."