കേസുകെട്ടുകളില്‍ കുടുങ്ങി ബി.ജെ.പി സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം / പത്തനംതിട്ട: പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനു പിറകെ കേസുകള്‍ വിനയായി ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനും. ശോഭ ഇന്നലെ വീണ്ടും നാമനിര്‍ദേശപത്രിക നല്‍കി. ആദ്യം സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ ചേര്‍ത്തിരുന്ന കേസുകളുടെ എണ്ണം തെറ്റായതിനെ തുടര്‍ന്നാണ് വീണ്ടും പത്രിക സമര്‍പ്പിച്ചത്.
ശോഭയ്‌ക്കെതിരേ 27 കേസുകള്‍ കൂടിയുണ്ടെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച നല്‍കിയ പത്രിക പിന്‍വലിച്ച് പുതിയ പത്രിക നല്‍കിയത്. വരണാധികാരിയായ കലക്ടര്‍ വാസുകിക്കു മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്.തന്റെ പേരില്‍ 11 ക്രിമിനല്‍ കേസുകളാണ് ഉള്ളതെന്നാണ് ശോഭ ആദ്യം സമര്‍പ്പിച്ച പത്രികയിലുണ്ടായിരുന്നത്. ഇന്നലെ സമര്‍പ്പിച്ച പത്രികയില്‍ ആകെ 38 കേസുകള്‍ ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.
പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന്, പൊതുസ്ഥലത്ത് പ്രകടനം നടത്തി പൊതുമുതല്‍ നശിപ്പിച്ചതിന്, പ്രകടനം നടത്തി റെയില്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിന്, എയര്‍പോര്‍ട്ട് ഉപരോധിച്ചതിന്, ദേശീയ പാത ഉപരോധിച്ചതിന്, കലക്ടറേറ്റ് ഉപരോധിച്ചതിന് എന്നിവയായിരുന്നു നേരത്തെ കേസുകളായി ചേര്‍ത്തിരുന്നത്. പൊലിസ് നിര്‍ദേശം ലംഘിച്ച് പ്രകടനം നടത്തി, കലക്ടറേറ്റ് ഉപരോധം തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളുടെ പേരിലുള്ള വിവിധ കേസുകളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഉള്ളതെന്ന് ശോഭാ സുരേന്ദ്രന്‍ പുതിയ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ ചേര്‍ത്തിട്ടുണ്ട്.
ശോഭ പ്രചാരണത്തിരക്കിലായതിനാല്‍ ബി.ജെ.പി നേതാക്കളാണ് അവര്‍ക്കു വേണ്ടി പത്രിക സമര്‍പ്പിച്ചത്. കേസുകളുടെ എണ്ണത്തില്‍ പിശക് വന്നതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനും ഇന്നലെ നാമനിര്‍ദേശപത്രിക പിന്‍വലിച്ച് പുതിയത് സമര്‍പ്പിച്ചിരുന്നു. 20 കേസുകളില്‍ താന്‍ പ്രതിയാണെന്നാണ് സുരേന്ദ്രന്‍ ആദ്യം സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. 242 കസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പത്രിക പുതുക്കി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."