ഇഴഞ്ഞിഴഞ്ഞ് എടപ്പാള്‍-നീലിയാട് റോഡ് നിര്‍മാണം അഴുക്കുചാലുകളുടെ നിര്‍മാണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്
എടപ്പാള്‍: എടപ്പാള്‍-നീലിയാട് റോഡ് നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നു. ഇതോടെ നാട്ടുകാര്‍ ദുരിതത്തിലായി. തകര്‍ന്ന് തുടങ്ങിയിരുന്ന റോഡ് വീതികൂട്ടി നവീകരിക്കുന്ന തിന്റെ ഭാഗമായാണ് നിര്‍മാണം ആരംഭിച്ചത്. നിലവിലെ റോഡ് പലയിടത്തും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടര്ത്തിമാറ്റിയിരിക്കുകയാണ്. എന്നാല്‍ ജോലികള്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടതോടെ മഴയും ആരംഭിച്ചു.
ഇതോടെ നിര്‍മാണം നിലച്ചു. അഴുക്ക് ചാലുകളുടെ നിര്‍മാണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പലയിടത്തും റോഡ് തകര്‍ന്ന നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി. മഴപെയ്യുന്നതോടെ ചളി തെറിച്ചും മഴ മാറിയാല്‍ പൊടി ശല്യം മൂലവും നാട്ടുകാര്‍ ദുരിതത്തിലായി. ഇതിന് പുറമെ പുതുതായി നിര്‍മിച്ച അഴുക്കുചാലുകളില്‍ മാലിന്യവും വെള്ളവും കെട്ടിനിന്ന് കൊതുക് പെരുകുന്നതായും പരാതിയുയരുന്നു.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച പുതിയ കാനകളില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെറ്റുപെരുകിയതോടെ സമീപത്തെ വ്യാപാരികളും ദുരിതത്തിലായി. വട്ടംകുളത്തെ മുകള്‍ ഭാഗങ്ങളില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ മുഴുവന്‍ താഴ് ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്. ഇവിടെ അടിഞ്ഞുകൂടുന്ന മാലിന്യം അഴുകി തുടങ്ങിയതോടെ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ്.ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."