മലബാറിലെ ഉപരിപഠനം: ജനപ്രതിനിധികള്‍ ശബ്ദിക്കണം
പതിവുപോലെ ഈ പ്രാവശ്യത്തെ എസ്.എസ്.എല്‍.സി പരീക്ഷാവിജയത്തിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു മലബാര്‍. അതില്‍ തന്നെ മലപ്പുറം അഭിമാനാര്‍ഹമായ വിജയത്തുടര്‍ച്ച നിലനിര്‍ത്തി. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന് പറഞ്ഞ സമുന്നത രാഷ്ട്രീയ നേതാവിനുള്ള മധുരോദാരമായ മറുപടി മലപ്പുറത്തെ കുട്ടികള്‍ ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നു.
മലപ്പുറം ജില്ല രൂപീകരിച്ചതു മുതല്‍ ജില്ലയോടുള്ള വരേണ്യവര്‍ഗത്തിന്റെ അസ്പൃശ്യത ഇപ്പോഴും തുടരുന്നുവെന്നത് ഗൗരവതരമായ പഠനം അര്‍ഹിക്കുന്ന വിഷയമാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക, മത മേഖലകളെ കടന്നാക്രമിച്ചുക്കൊണ്ടിരിക്കുന്ന പ്രവണതക്ക് ഇന്ന് ആക്കം കൂടിയിരിക്കുകയാണ്. വിഭജന പ്രത്യയശാസ്ത്രത്തില്‍ രൂപീകൃതമായ സംഘ്പരിവാറിന്റെ രാഷ്ട്രീയ അജന്‍ഡയാണ് മലപ്പുറത്തെ പുറംലോകത്ത് കളങ്കപ്പെടുത്തി അവതരിപ്പിക്കുക എന്നത്. അതിനാലാണ് ആന ചെരിയുന്നത് മലപ്പുറത്തല്ലെങ്കില്‍ പോലും അതിന്റെ പഴി മലപ്പുറത്തിന് മേല്‍ ചൊരിയുന്നത്.
എന്നാല്‍ ഇടതുപക്ഷവും അറിഞ്ഞും അറിയാതെയും സംഘ്പരിവാര്‍ പ്രചാരണത്തിന്റെ മെഗാഫോണുകളായി മാറുന്നു. മലപ്പുറം ജില്ലയുടെ രൂപീകരണത്തിനെതിരേ ആര്‍.എസ്.എസും കെ.കേളപ്പനെ മുന്നില്‍നിര്‍ത്തി കോണ്‍ഗ്രസും സമരം ചെയ്തപ്പോള്‍, എല്ലാ വെല്ലുവിളികളെയും ചങ്കൂറ്റത്തോടെ നേരിട്ട് മലപ്പുറം ജില്ല എന്ന ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിച്ചത് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരായിരുന്നുവെന്ന് പിണറായി വിജയന്റെ മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാര്‍ പോലും ഓര്‍ക്കുന്നില്ല. ഓര്‍ത്തിരുന്നുവെങ്കില്‍ മലപ്പുറം ജില്ലയുടെ ഉള്ളടക്കം വര്‍ഗീയമാണെന്ന് സര്‍ക്കാരിലെ ഒരു സി.പി.എം മന്ത്രി പറയുകയില്ലായിരുന്നു. മലപ്പുറം ജില്ലയുടെ ഉള്ളടക്കം വര്‍ഗീയമായിരുന്നുവെങ്കില്‍ ആ ജില്ലയുടെ പിറവിക്ക് കാര്‍മികത്വം വഹിക്കാന്‍ കമ്യൂണിസ്റ്റാചാര്യനായ ഇ.എം.എസ് തുനിയുമായിരുന്നില്ല.
മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്താന്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോ ഇടതുപക്ഷമടക്കമുള്ള ഇതരരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പങ്കുചേരുന്നതിന്റെ പ്രത്യാഘാതങ്ങളാണ് ജില്ല ഇന്ന് നാനാതുറകളില്‍ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുന്നത്. അതിന്റെ എറ്റവും വലിയ ആഘാതം ഏല്‍പിച്ചുക്കൊണ്ടിരിക്കുന്നതാകട്ടെ വിദ്യാഭ്യാസ മേഖലയിലും.
മികച്ച രീതിയില്‍, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെ പത്താം ക്ലാസ് പാസാകുന്ന മലബാര്‍ മേഖലയിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ കുട്ടികള്‍ ഉപരിപഠനം വഴിമുട്ടി ഉഴറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ വര്‍ഷവും പ്ലസ് ടു അധിക ബാച്ചുകള്‍ക്കായി ജില്ലയിലെ വിദ്യാര്‍ഥി സംഘടനകള്‍ ഒരനുഷ്ഠാനം പോലെ സമരവും നടത്തി വരുന്നു. എന്നാല്‍ അധികൃതരുടെ ബധിരകര്‍ണങ്ങളെ തുറക്കാന്‍ ഇത്തരം സമരങ്ങള്‍ ഫലവത്താകുന്നുമില്ല. ഓരോ വര്‍ഷവും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സമ്മര്‍ദം മൂര്‍ധന്യത്തില്‍ എത്തുമ്പോള്‍ ഏതാനും സീറ്റുകള്‍ മാത്രം വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പിന്തിരിയാറാണ് പതിവ്. അതേസമയം തെക്കന്‍ ജില്ലകളിലെ പല ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളില്ലാതെ പ്ലസ് ടു സീറ്റുകള്‍ ധാരാളമായി ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്നു.
ഓരോ സര്‍ക്കാരും അധികാരത്തില്‍ വരുമ്പോള്‍ തെക്കന്‍ ജില്ലകളുടെ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി ആവശ്യമില്ലെങ്കിലും അവിടങ്ങളില്‍ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതിന്റെ ഫലമാണിത്. ഇതിനു വേണ്ടി തെക്കന്‍ ജില്ലകളിലെ എം.എല്‍.എമാര്‍ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി അതത് സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തി അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ മലബാറില്‍ നിന്നുള്ള എം.എല്‍.എമാര്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം ഇതുപോലുള്ള ഒരു കൂട്ടായ്മയിലൂടെ പ്ലസ്ടു ബാച്ചിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കില്‍ മലബാറിലെ കുട്ടികള്‍ ഉപരിപഠനത്തിനായി പരക്കം പായേണ്ടി വരില്ലായിരുന്നു. ഇതുകാരണം ജില്ലകളിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തടിച്ചുകൊഴുക്കുന്നത്. കഴുത്തറപ്പന്‍ ഫീസും താങ്ങാനാവാത്ത ഡൊണേഷനും വാങ്ങി അവര്‍ പ്ലസ് ടു സീറ്റുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരന്റെ മക്കള്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ എന്നും അപ്രാപ്യമായിരിക്കും. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ഇടതു മുന്നണി സര്‍ക്കാര്‍ ഇതിലൂടെ പരോക്ഷമായി സ്വകാര്യ വിദ്യാഭ്യാസ കുത്തകകളെ സഹായിക്കുകയല്ലേ ചെയ്യുന്നത്.
മലബാറില്‍ ഈ പ്രാവശ്യം അര ലക്ഷത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവുണ്ട്. ആറു ജില്ലകളിലാണ് ഇത്രയും സീറ്റുകള്‍ ആവശ്യമായി വന്നിരിക്കുന്നത്. മലബാറില്‍ 2,21,868 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പഠനത്തിന് ഈ പ്രാവശ്യം യോഗ്യത നേടിയത്. എന്നാല്‍ 1,66,965 സീറ്റുകള്‍ മാത്രമാണുള്ളത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത മലപ്പുറത്ത് മാത്രം 23,408 സീറ്റുകളുടെ കുറവുണ്ട്. 76,633 കുട്ടികള്‍ മലപ്പുറത്ത് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ 53,225 സീറ്റുകള്‍ മാത്രമാണുള്ളത്. ഫലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ പല കുട്ടികളും പുറത്തു നില്‍ക്കേണ്ട ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. 43,678 കുട്ടികള്‍ യോഗ്യത നേടിയ കോഴിക്കോട്ട് 34,522 സീറ്റാണുള്ളത്. 9,156 കുട്ടികള്‍ പുറത്തു നില്‍ക്കേണ്ടി വരും. കണ്ണൂരിലും കാസര്‍ക്കോട്ടും ഇത് തന്നെയാണ് അവസ്ഥ.
ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്തുവന്നാല്‍ പിന്നെ ചര്‍ച്ച മലബാറിലെ പ്ലസ് വണ്‍ സീറ്റുകളെ സംബന്ധിച്ചാണ്. ഈ തുടര്‍ച്ചക്ക് ഇനിയെങ്കിലും ഒരവസാനം ഉണ്ടാകണമെങ്കില്‍ മലബാറില്‍നിന്ന് പോകുന്ന എം.എല്‍.എമാര്‍ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ശബ്ദിച്ചാല്‍ മാത്രമേ മലബാറിലെ കുട്ടികള്‍ക്ക് മുന്‍പില്‍ ഉപരിപഠന വാതായനങ്ങള്‍ തുറക്കപ്പെടൂ. അല്ലാത്തപക്ഷം തുടര്‍ പഠനത്തിനു വേണ്ടിയുള്ള മലബാറിന്റെ വിലാപത്തിന് ഒരവസാനം ഉണ്ടാവുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."