തിരൂര്‍ നഗരത്തില്‍ രാത്രികാലങ്ങളില്‍ പിടിച്ചുപറിക്കാര്‍ വര്‍ധിക്കുന്നു!
തിരൂര്‍: രാത്രികാലങ്ങളില്‍ തിരൂരില്‍ സ്ത്രീവേഷത്തിലെത്തുന്നവര്‍ യാത്രക്കാരില്‍നിന്ന് ബലമായി പണവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കളും പിടിച്ചുപറിക്കുന്നു. തിരൂര്‍ നഗരത്തിലാണ് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. രാത്രികാലങ്ങളില്‍ നഗരത്തിലെ മിക്കയിടങ്ങളിലും പൊലിസ് സാന്നിധ്യമില്ലാത്തതിനാല്‍ ഇത്തരക്കാര്‍ വിലസുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്ത്രീവേഷത്തിലെത്തിയവര്‍ യാത്രക്കാരില്‍നിന്ന് പണം പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. കാര്‍ യാത്രക്കാര്‍ പ്രതിരോധിച്ചു നിന്നതിനാലാണ് സംഘം പിന്തിരിഞ്ഞത്. സമാന അനുഭവങ്ങള്‍ ഇതിന് മുന്‍പും നഗരത്തിലുണ്ടായിട്ടുണ്ട്. ലഹരി മാഫിയാ സംഘം തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചും രണ്ട് യുവാക്കളെ കഴിഞ്ഞ ആഴ്ച രാത്രിയില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലിസിന് ഇതുവര സാധിച്ചിട്ടില്ല.
തിരൂര്‍ പയ്യനങ്ങാടി പോസ്റ്റ് ഓഫിസ് ശാഖയില്‍നിന്ന് യാചക വേഷത്തിലെത്തി നാലു ലക്ഷം രൂപ കവര്‍ന്നയാളെയും ടൂറിസ്റ്റ് ഹോമില്‍ നിന്ന് എല്‍.ഇ.ഡി ടിവി അതിവിദഗ്ധമായി കവരുകയും ചെയ്ത വ്യക്തിയും ഇതുവരെ പൊലിസ് പിടിയിലായിട്ടില്ല.
തിരൂര്‍ പൊലിസ് സ്റ്റേഷനില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും ഡ്യൂട്ടിയിലുള്ള പൊലിസ് ശക്തമായ നടപടിയെടുക്കാത്തതുമാണ് സാമൂഹ്യ വിരുദ്ധര്‍ തിരൂര്‍ നഗരത്തില്‍ താവളമാക്കാന്‍ കാരണമെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."