ആസ്റ്റര്‍ മിംസില്‍ ശസ്ത്രക്രിയയില്ലാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ വിജയകരം
..കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ ശസ്ത്രക്രിയയില്ലാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കുന്ന നൂതന ചികിത്സാ രീതിയായ ട്രാന്‍സ്‌കത്തീറ്റര്‍ അയോട്ടിക്ക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ടാവി) വിജയകരമായി പൂര്‍ത്തിയാക്കി. ഗുരുതരമായ അയോട്ടിക് സ്റ്റിനോസിസ് എന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ചെയ്യാന്‍ കഴിയാത്ത എഴുപത്തി രണ്ടും എഴുപത്തിയഞ്ചും വയസുള്ള രണ്ടുപേര്‍ക്ക് മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ഷെഫീഖ് മാട്ടുമ്മലിന്റെ നേതൃത്വത്തിലാണ് വാല്‍വ് മാറ്റിവച്ചത്. ഉത്തര കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഹൃദയം തുറക്കാതെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്ന ബൈപ്പാസ് മെഷീന്‍ ഉപയോഗിക്കാതെയും ഹൃദയവാല്‍വ് മാറ്റിവയ്ക്കുന്നത്.
പ്രായമാകുമ്പോള്‍ ഹൃദയത്തിലെ ഏറ്റവും പ്രധാന വാല്‍വില്‍ ഒന്നായ അയോട്ടിക് വാല്‍വ് ദളങ്ങളില്‍ കാത്സ്യം അടിഞ്ഞ് പ്രവര്‍ത്തനശേഷി കുറയുമ്പോഴാണ് അയോട്ടിക് സ്റ്റിനോസിസ് ഉണ്ടാകുന്നതെന്ന് ഡോ. ഷെഫീഖ് മാട്ടുമ്മല്‍ പറഞ്ഞു. ഈ പ്രായത്തില്‍ 35 ശതമാനം രോഗികളും ശസ്ത്രക്രിയയ്ക്ക് അനുയോജ്യരല്ല. ഇത്തരം രോഗികളില്‍ ടാവി ചികിത്സ ഏറെ ഫലപ്രദമാണ്. കാലിലെ രക്തക്കുഴലിലേക്ക് വഴക്കമുള്ള ട്യൂബ് (കത്തീറ്റര്‍) കടത്തിവിട്ടതിനു ശേഷം അതിലൂടെ ബലൂണ്‍ കടത്തി വീര്‍പ്പിച്ച് വാല്‍വിനെ വികസിപ്പിക്കുന്നു. തുടര്‍ന്ന് കൃത്രിമ വാല്‍വ് ആ ട്യൂബിലൂടെ പഴയ വാല്‍വിന്റെ സ്ഥാനത്ത് നിക്ഷേപിക്കുകയുമാണ് ടാവിയില്‍ ചെയ്യുന്നതെന്ന് ഡോക്ടര്‍ ഷെഫീഖ് മാട്ടുമ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ടാവിക്കു ശേഷം 48 മണിക്കൂറിനുള്ളില്‍ തന്നെ രോഗിയെ ഐ.സി.യുവില്‍ നിന്ന് മാറ്റാനും നാലു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യാനും സാധിക്കും.
ടാവി ചികിത്സയില്‍ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. അനില്‍ സലീം, ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍, ഡോ. ബിജോയ് കെ, ഡോ. സുദീപ് കോശി കുര്യന്‍, വാസ്‌കുലര്‍ സര്‍ജനായ ഡോ. സിദ്ധാര്‍ഥ് വിശ്വനാഥ്, കാര്‍ഡിയാക് അനസ്തസ്റ്റിസ്റ്റായ ഡോ. എ. കണ്ണന്‍ പങ്കെടുത്തു. ഗുരുതരമായ അയോട്ടിക് സ്റ്റെനോസിസ് ഉള്ളതും വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് കരുതുന്നതും ശസ്ത്രക്രിയ അപകടകരമാണെന്ന് വിലയിരുത്തുന്നതുമായ രോഗികളില്‍ മാത്രമാണ് ഇപ്പോള്‍ ടാവി ഉപയോഗപ്പെടുത്തുന്നതെന്ന് ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഡോ. രാഹുല്‍ മേനോന്‍ പറഞ്ഞു. ജര്‍മന്‍ നിര്‍മിത വാല്‍വാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വാല്‍വിന് 18.8 ലക്ഷം രൂപയോളം ചെലവ് വരും. ശസ്ത്രക്രിയ കൂടി ഉള്‍പ്പെടുത്തി 20 ലക്ഷത്തോളമാണ് ഇപ്പോള്‍ മൊത്തം ചെലവ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."