പഴയ കൊച്ചിപാലത്തിന് ശാപമോക്ഷം
ചെറുതുരുത്തി: തൃശൂര്‍ - പാലക്കാട് ജില്ലകളെ തമ്മില്‍ നൂറ്റാണ്ടുകളോളം ബന്ധിപ്പിച്ചിരുന്ന പഴയ കൊച്ചിപാലം ഭാരതപുഴയിലേക്ക് തകര്‍ന്ന് വീണിട്ട് വര്‍ഷം അഞ്ച് പിന്നിട്ടിട്ടും പാലത്തിന്റെ അവശിഷ്ടങ്ങള്‍ പുഴയില്‍ നിന്ന് മാറ്റുന്നതിനോ, അറ്റകുറ്റപണികള്‍ നടത്തുന്നതിനോ തയ്യാറാകാത്ത അധികൃതരുടെ നിലപാടുകള്‍ക്ക് പുനര്‍വിചിന്തനം.
നാടിന് വല്ലാത്ത നാണക്കേടായി നിളയുടെ കുറുകെ വീണ് കിടക്കുന്ന ഈ പാലം പുനര്‍നിര്‍മിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് യു.ആര്‍ പ്രദീപ് എം.എല്‍.എ സുപ്രഭാതത്തോട് പറഞ്ഞു. അഞ്ച് കൊല്ലമായി പാലം പുഴയില്‍ കിടക്കുന്നത് സംബന്ധിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.
പാലം ജിര്‍ണാവസ്ഥ പരിഹരിച്ച് തകര്‍ന്ന ഭാഗം പുഴയില്‍ നിന്ന് മാറ്റി പുനര്‍നിര്‍മിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ നവീകരിക്കുകയാണ് ലക്ഷ്യമെന്നും എം.എല്‍.എ അറിയിച്ചു. സ്തംഭിച്ച് കിടക്കുന്ന തടയണ നിര്‍മാണം പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്.
തടയണ പൂര്‍ത്തിയായാല്‍ ഈ മേഖലയില്‍ ഇരുകരകളും തൊട്ട് വെള്ളം സംഭരിച്ച് നിര്‍ത്താന്‍ കഴിയും. ഇതോടെ അത് നയന മനോഹരമായ കാഴ്ചയായി മാറും. പുഴ കാണാനെത്തുന്നവര്‍ക്ക് ഈ പാലത്തില്‍ നിന്ന് പ്രകൃതി മനോഹാരിത ദര്‍ശിക്കാന്‍ കഴിയും.
സൂര്യോദയവും, അസ്തമനവും ദര്‍ശിക്കുന്നതിനും കഴിയും. 2011 നവംബര്‍ ഒന്‍പതിന് രാവിലെ പതിനൊന്ന് മണിയോടെയാണ് കേരള ചരിത്രത്തിന്റെ തന്നെ ഭാഗമായ ഈ പാലത്തിന്റെ ഏതാനും തൂണുകള്‍ പുഴയിലേക്ക് മറിഞ്ഞ് പാലത്തിന്റെ മധ്യഭാഗം പുഴയിലലിഞ്ഞത്. കനത്ത മഴയെ തുടര്‍ന്ന് ആളിയാര്‍ ഡാം തുറന്ന് വിട്ടതോടെ വെള്ളം കുത്തിയൊലിച്ചെത്തുകയും ബലക്ഷയത്തിന്റെ പിടിയിലായിരുന്ന തൂണുകള്‍ തകരുകയുമായിരുന്നു.
നൂറ്റിപതിനഞ്ച് വര്‍ഷത്തെ പാരമ്പര്യമുണ്ട് തകര്‍ന്ന് വീണ പഴയ കൊച്ചിപാലത്തിന്. ബ്രിട്ടീഷുകാരാണ് ഈ പാലം നിര്‍മിച്ചത്. ആദ്യകാലങ്ങളില്‍ റെയില്‍ റോഡ് ഗതാഗതം നടന്നിരുന്നത് ഈ പാലത്തിലൂടെയായിരുന്നു. ജീര്‍ണാവസ്ഥയെ തുടര്‍ന്ന് ഈ പാലത്തിന് പകരം പുതിയ കൊച്ചി പാലം നിര്‍മിക്കുകയും 2002 മുതല്‍ വാഹന ഗതാഗതം പുതിയ പാലത്തിലേക്ക് മാറ്റുകയും ചെയ്തു. പഴയ പാലം സംരക്ഷിച്ച് ടൂറിസം കേന്ദ്രമാക്കുക എന്നത് മുന്‍ എം.എല്‍.എ കെ.രാധാകൃഷ്ണന്റെ സ്വപ്ന പദ്ധതിയായിരുന്നു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് കെ.രാധാകൃഷ്ണന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. ഇതിനിടയിലാണ് പാലം തകര്‍ന്ന് വീണത്. ഇതോടെ ടൂറിസം പദ്ധതിയും സ്തംഭിച്ചു. പാലം പൊളിച്ച് വിറ്റ് കിട്ടാവുന്ന കമ്മീഷന്‍ കൈപറ്റുന്നതിനായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യവും, വ്യഗ്രതയും ഇതിനിടയില്‍ പാലം പൊളിച്ച് വില്‍ക്കണമെന്ന ആവശ്യവും ശക്തമായി. ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം ചേലക്കര സെക്ഷന്‍ ഓഫിസ് പാലം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി ഡിവിഷന്‍ ഓഫിസര്‍ക്ക് കത്ത് നല്‍കുകയും ഈ നിര്‍ദേശം ഡിവിഷന്‍ ഓഫിസ് തൃശൂര്‍ ഓഫിസിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
തൃശൂര്‍ ഓഫിസില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് എഞ്ചിനീയര്‍ക്ക് അയച്ചുകൊടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്തംഭിക്കുകയായിരുന്നു. പുതിയ എം.എല്‍.എയായി യു.ആര്‍ പ്രദീപ് ചുമതലയേറ്റെടുത്തതോടെയാണ് പാലം നിലനിര്‍ത്താന്‍ ആവശ്യമായ നടപടി ഉണ്ടായത്.
ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീനുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായും ആവശ്യമായ ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അറിയിച്ചു. പാലം പുനര്‍നിര്‍മിക്കാനായാല്‍ അത് ചെറുതുരുത്തിയുടെ ടൂറിസം മേഖലയില്‍ പുതിയ അധ്യായമാകുമെന്ന വിലയിരുത്തലും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."