HOME
DETAILS
MAL
മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു
backup
July 04 2020 | 01:07 AM
ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊലിസ് ചോദ്യം ചെയ്തു.
ഇന്നലെ വൈകിട്ട് നാലു മണിയോടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തി മാരാരിക്കുളം സി.ഐ എസ്.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ചോദ്യം ചെയ്തത്. രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കെ.കെ മഹേശന്റെ ആത്മഹത്യക്ക് വെള്ളാപ്പള്ളി നടേശനും മാനേജര്‍ കെ.എല്‍ അശോകനും പ്രേരണയായെന്ന് മഹേശന്റെ ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് മഹേശന്റെ കുടുംബവും പരാതി നല്കി. കെ.എല്‍ അശോകനെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം പ്രത്യക്ഷത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തുന്ന വകുപ്പു പ്രകാരം കേസെടുക്കാന്‍ കഴിയൂവെന്ന് പൊലിസ് പറഞ്ഞു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് അന്‍പതോളം എസ്.എന്‍.ഡി.പി യൂനിയന്‍ ഭാരവാഹികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 നാണ് കെ.കെ മഹേശനെ കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫൈനാന്‍സ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. മഹേശന് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. എന്നാല്‍, മഹേശന് മരിച്ചു കഴിഞ്ഞപ്പോള്‍ നാളിതുവരെ പറഞ്ഞുപോലും കേള്‍ക്കാത്ത പല കേസുകളും മഹേശന്റെ തലയില്‍ കെട്ടിവെക്കാനുള്ള ഗൂഡനീക്കം നടക്കുന്നുണ്ടെന്ന് മഹേശന്റെ ഭാര്യ ഉഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."