ഡല്‍ഹി പൊരുതി വീണു
മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ഡവിള്‍സ് പൊരുതി വീണു. 24 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി വന്‍ പരാജയം മുന്നില്‍ കണ്ട ഡല്‍ഹി ഒടുവില്‍ 14 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. അര്‍ധ സെഞ്ച്വറി നേടി ക്രിസ് മോറിസും (പുറത്താകാതെ 41 പന്തില്‍ 52), ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച കഗിസോ റബാഡ 44 റണ്‍സുമായും അവസാനം വരെ പൊരുതിയെങ്കിലും അനിവാര്യ തോല്‍വി ഒഴിവാക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സില്‍ അവസാനിച്ചു.
വിജയം തേടിയിറങ്ങിയ ഡല്‍ഹിയെ മികച്ച ബൗളിങിലൂടെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലാക്കാന്‍ മുംബൈയ്ക്കായി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റബാഡ- ക്രിസ് മോറിസ് സഖ്യം പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് പോരാട്ടം മുംബൈ ക്യാംപിലേക്ക് നയിച്ചു. ഒടുവില്‍ റബാഡയെ ബുമ്‌റ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് മുംബൈ ആശ്വസിച്ചത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഡല്‍ഹിക്ക് പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. താരെ, കൂറ്റനടിക്കാരായ കൊറി ആന്‍ഡേഴ്‌സന്‍, റിഷഭ് പന്ത് എന്നിവര്‍ സംപൂജ്യരായപ്പോള്‍ സഞ്ജു (ഒന്‍പത്), കരുണ്‍ നായര്‍ (അഞ്ച്), ശ്രേയസ് അയര്‍ (ആറ്) എന്നിവര്‍ക്കും ഒന്നും ചെയ്യാനായില്ല. തുടക്കത്തില്‍ തന്നെ ഡല്‍ഹിയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മക്ലനാഗന്‍ തിളങ്ങി. ബുമ്‌റ രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിങുമായി കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി മുംബൈ ബാറ്റിങിനെ വരിഞ്ഞു മുറുക്കി. 18 പന്തില്‍ 28 റണ്‍സെടുത്ത ഓപണര്‍ ജോസ് ബട്‌ലറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. മധ്യനിരയില്‍ പൊള്ളാര്‍ഡ് (26) ഏഴാമനായി ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ (24), ക്രുനല്‍ പാണ്ഡ്യ (17) എന്നിവരും രണ്ടക്കം കടന്നു. ഡല്‍ഹി നിരയില്‍ അമിത് മിശ്ര, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."