എടയാറ്റൂര്‍ മേഖലയില്‍ പനി പടരുന്നു; ആരോഗ്യവകുപ്പിന് നിസംഗത
മേലാറ്റൂര്‍: ഡെങ്കിപ്പനി ഉള്‍പ്പടെ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ തികഞ്ഞ നിസ്സംഗത ജനങ്ങളെ ആശങ്കയിലാക്കുന്നു. മേലാറ്റൂര്‍ പഞ്ചായത്തിലെ എടയാറ്റൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് പനിബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാവാത്തത്. പഞ്ചായത്തില്‍ കഴിഞ്ഞമാസം മാത്രമായി ഡെങ്കിപ്പനിക്ക് സമാനമായ 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ പത്തെണ്ണവും എടയാറ്റൂര്‍ സബ് സെന്ററിന് കീഴിലായിരുന്നു. എന്നാല്‍, ഇവിടെ ആരോഗ്യഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നതുള്‍പ്പടെയുള്ള പരാതികളാണ് ഉയരുന്നത്.
ആഴ്ചയില്‍ ആറുദിവസവും കേന്ദ്രം അടഞ്ഞുകിടക്കുന്നതായും ഇവിടത്തുകാര്‍ പറയുന്നു. ആരോഗ്യ ഉപകേന്ദ്രത്തിന്റെ ചുമതലയുള്ള ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് രാവിലെ മുതല്‍ ഉച്ചവരെ ഫീല്‍ഡിലും ഉച്ചക്ക്‌ശേഷം കേന്ദ്രത്തിലും വേണമെന്നിരിക്കെയാണ് അധികൃതരുടെ ഈ നിസ്സംഗത. ഇതിനാല്‍, ചെറിയൊരു പനിവന്നാല്‍ പോലും ഇവിടത്തുകാര്‍ക്ക് കിലോമീറ്ററുകള്‍ താണ്ടി മേലാറ്റൂരിലേക്കോ പാണ്ടിക്കാട്ടേക്കോ പോകേണ്ട ഗതികേടാണിപ്പോള്‍.
കഴിഞ്ഞവര്‍ഷവും പ്രദേശത്തെ നിരവധിപേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
സാധാരണക്കാരായ നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് എടയാറ്റൂര്‍. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ സമയത്തെങ്കിലും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ചികിത്സ ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."