12.61 കോടി രൂപ അനുവദിച്ചു 13 പഞ്ചായത്തുകളില്‍കൂടി കേരഗ്രാമം പദ്ധതി
മലപ്പുറം: തെങ്ങുകൃഷിയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടക്കമിട്ട കേരഗ്രാമം പദ്ധതി ജില്ലയിലെ 13 പഞ്ചായത്തുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കായി ജില്ലയ്ക്ക് 12.61 കോടി രൂപ അനുവദിച്ചു.
തെങ്ങുകളുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുക, ഏകീകൃത കീടനാശിനി ഉപയോഗം പ്രോത്സാഹിപ്പിച്ചു രോഗമുക്തമാക്കുക, ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പെരുവള്ളൂര്‍, എടവണ്ണ, താഴേക്കോട്, ഇരിമ്പിളിയം, വെളിയങ്കോട്, തലക്കാട്, വണ്ടൂര്‍, എടപ്പാള്‍, ചെറുകാവ്, പാണ്ടിക്കാട്, അങ്ങാടിപ്പുറം, ആനക്കയം, ചാലിയാര്‍ എന്നീ പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിനായി ഓരോ പഞ്ചായത്തുകള്‍ക്കും 97 ലക്ഷം രൂപ വീതം അനുവദിച്ചു. കഴിഞ്ഞ ദിവസം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്‍ഷിക വികസന സമിതി യോഗം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ ഈ വര്‍ഷം 1,275 ഹെക്ടര്‍ നെല്‍കൃഷി അധികമായി വ്യാപിപ്പിക്കാനും തീരുമാനിച്ചു. നിലവില്‍ 8,610 ഹെക്ടര്‍ നെല്‍കൃഷിയാണ് ജില്ലയിലുള്ളത്്. നെല്‍കൃഷി പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാന വിഹിതമായി 441.18 ലക്ഷം രൂപയം ആര്‍.കെ.വി.വൈ വിഹിതമായി 265.5 ലക്ഷം രൂപയും ഈ വര്‍ഷം ജില്ലയ്ക്കു ലഭിക്കും.
പച്ചക്കറി കൃഷി വികസന പദ്ധതിക്ക് ആകെ 650 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജൈവകൃഷി വ്യാപനത്തിന് 70 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ജൈവ കൃഷി പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ 12 ഇക്കോഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."