HOME
DETAILS
MAL
ബ്ലാക്ക്മെയില്‍ കേസ്; ടിക് ടോക് താരത്തെ ചോദ്യംചെയ്തു
backup
July 04 2020 | 01:07 AM
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ടിക് ടോക് താരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശി യാസിറിനെയാണ് ചോദ്യം ചെയ്തത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നും പ്രതികളുമായി ബന്ധമില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. ദുബൈയില്‍ ജോലി ചെയ്യുന്ന യാസിര്‍ നാല് മാസം മുന്‍പാണ് നാട്ടിലെത്തിയത്. അന്‍വര്‍ എന്ന് പരിചയപ്പെടുത്തി യാസിറിന്റെ ഫോട്ടോ കാണിച്ചാണ് പ്രതിയായ റഫീഖ് വിവാഹാലോചന നടത്തിയത്. കേസില്‍ റഫീഖിനെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സിനിമാ നിര്‍മാതാവെന്ന വ്യാജേന ഷംനയുടെ വീട്ടിലെത്തിയ തട്ടിപ്പു സംഘാംഗത്തെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം സ്വദേശിയായ പന്തല്‍ പണിക്കാരന് രാജുവാണ് ഇതെന്ന് പൊലിസ് പറഞ്ഞു. വിവാഹലോചനയുമായെത്തിയ പ്രതികള്‍ മടങ്ങിയതിന് പിന്നാലെയാണ് നിര്‍മാതാവെന്ന് പരിചയപ്പെടുത്തി ഇയാള്‍ ഷംനയുടെ വീട്ടിലെത്തിയത്. ഷംന വിളിച്ചിട്ടാണ് വന്നതെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ വീട്ടുകാര്‍ ഷംനയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.
കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. തട്ടിപ്പിന് വരന്റെ മാതാവായി അഭിനയിച്ച വാടാനപ്പള്ളി സ്വദേശിനി സുഹറയെ ഉടന്‍ അറസ്റ്റ് ചെയ്യും.
ഒരു പ്രതിയുടെ ഭാര്യയാണിവര്‍. ഇതിനിടെ, നടിമാരുടേതുള്പ്പെടെ ഫോണ്‍ നമ്പറുകള്‍ കൈമാറ്റം ചെയ്യരുതെന്ന് സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ യൂനിയന്‍ നിര്‍ദേശം നല്കി. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയാണ് ഷംനയുടെ നമ്പര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയതെന്ന് നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ ഷംന താരസംഘടനയെ ആശങ്ക അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."