പിടിവിടാതെ പകര്‍ച്ചവ്യാധികള്‍ പ്രതിരോധം കടലാസില്‍
മലപ്പുറം: ജില്ലയില്‍ ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനാകാതെ തുടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിനു മാത്രം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ട ത്രിതല പഞ്ചായത്തുകളും സര്‍ക്കാര്‍ വകുപ്പുകളും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ല. പല തദ്ദേശ സ്ഥാപനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടില്ല.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാനും പഞ്ചായത്തുകളിലും നഗരസഭകളിലും മാത്രമാണ് നടന്നത്. ശുചീകരണത്തിനു വാര്‍ഡുകള്‍ക്കനുവദിച്ച തുക മിക്കയിടങ്ങളിലും വിനിയോഗിച്ചിട്ടില്ല. ജില്ലയില്‍ വാര്‍ഡുതലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു മുനിസിപ്പാലിറ്റിയില്‍ 35,000 രൂപയും പഞ്ചായത്തുകളില്‍ 25,000 രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പരിസര ശുചീകരണമടക്കമുള്ള പ്രവൃത്തികള്‍ കാര്യക്ഷമമല്ല.
കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലും ജനപ്രതിനിധികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരേ പരാതി ഉന്നയിച്ചിരുന്നു. ജില്ലയില്‍ ഓരോ ദിവസവും ശരാശരി രണ്ടായിരത്തോളം പേരാണ് വൈറല്‍ പനി ബാധിച്ചു സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മഴക്കാലപൂര്‍വ ശുചീകരണവും മാലിന്യനിര്‍മാര്‍ജനവും പരാജയപ്പെട്ടതോടെ ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രണമില്ലാതെ തുടരുകയാണ്.
പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനു ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ജനുവരി മുതല്‍ മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടെങ്കിലും കൃത്യമസമയത്തു നടന്നില്ല. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു മഴ തുടങ്ങിയ ശേഷമാണ് തുടക്കമിട്ടത്.
പകര്‍ച്ചവ്യധി പടര്‍ന്നുപിടിച്ചതോടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പ്രതിദിന പുരോഗതി റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നില്‍കിയിരുന്നു. ഓരോ വാര്‍ഡിലും 50 വീടുകള്‍ അടങ്ങിയ പ്രത്യേക യൂനിറ്റ് രൂപീകരിച്ച് നോഡല്‍ ഓഫിസര്‍ക്കു കീഴില്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണെന്നും നിര്‍ദേശമുണ്ട്. ഇതൊന്നും ഫലപ്രദമായി നടക്കുന്നില്ല. ഓരോ വീടുകളും പൊതു സ്ഥലങ്ങളും സന്ദര്‍ശിച്ചു നടത്തുന്ന സ്‌ക്വാഡ് വര്‍ക്കുകളുടെ പുരോഗതി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശുചിത്വജാഗ്രതാ പോര്‍ട്ടലില്‍ ദിവസവും രേഖപ്പെടുത്താനും നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചു ജില്ലയിലെ 19,023 വീടുകളിലും 420 പൊതുസ്ഥലങ്ങളിലുമാണ് സന്ദര്‍ശനം നടത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."