ദേശീയ യൂത്ത് മീറ്റ്; സ്വര്‍ണം സമ്മാനിച്ച് പെണ്‍കുട്ടികള്‍
=അപര്‍ണക്കും ഗായത്രിക്കും സ്വര്‍ണം
ഹൈദരാബാദ്: ആദ്യ ദിവസത്തെ നിരാശ മാറ്റി കേരളം ദേശീയ യൂത്ത് അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ രണ്ട് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണത്തിന് പുറമേ രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് കേരളം രണ്ടാം ദിനത്തില്‍ അക്കൗണ്ടില്‍ ചേര്‍ത്തത്. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ് (14.30 സെ), ഹൈ ജംപില്‍ ഗായത്രി ശിവകുമാര്‍ (1.66 മീ.) എന്നിവരാണ് കേരളത്തിന്റെ സുവര്‍ണ താരങ്ങളായി മാറിയത്. 400 മീറ്ററില്‍ കെ.ടി ആദിത്യയും 1500 മീറ്ററില്‍ മിന്നു പി റോയ് (4.50.87) എന്നിവരാണ് വെള്ളി നേടിയത്. രാവിലെ നടന്ന 5000 മീറ്റര്‍ നടത്തത്തില്‍ എ ദിവ്യവും ഡെക്ത്ലാണില് അര്‍ജുനും വെങ്കലം നേടി. 130 പോയിന്റുകളുമായി ഹരിയാന ഒന്നാം സ്ഥാനത്ത് തുടരുന്നു. 62 പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ കേരളം രണ്ടാം സ്ഥാനത്ത്.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ നാല് റെക്കോര്‍ഡുകള്‍ കൂടി പിറന്നു. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഡല്‍ഹിയുടെ അവദേഷ് നാഗര്‍ (3.57.26 സെക്കന്‍ഡ്), ഹാമര്‍ത്രോയില്‍ പഞ്ചാബിന്റെ ധംനീത് സിങ് (72.75 മീറ്റര്‍), 10000 മീറ്റര്‍ നടത്തത്തില്‍ ഹരിയാനയുടെ സഞ്ജയ് കുമാര്‍ (44.41.31 സെക്കന്‍ഡ്), പെണ്‍കുട്ടികളുെട ഹാമര്‍ത്രോയില്‍ തമിഴ്നാടിന്റെ എം മേധ (52.88 മീറ്റര്‍) എന്നിവരാണ് റെക്കോര്‍ഡിന് അവകാശികളായത്.
10,000 മീറ്ററില്‍ സഞ്ജയ് കുമാര്‍ ആറ് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്. ഹരിയാന താരം തന്നെയായ കുല്‍ദീപ് സ്ഥാപിച്ച 45.45.60 സെക്കന്‍ഡാണ് സഞ്ജയ് തിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."