വായു മലിനീകരണം: ഇന്ത്യയില്‍ മരിച്ചത് 12 ലക്ഷം പേര്‍
ന്യൂഡല്‍ഹി: വായുമലിനീകരണം മൂലം ലോകത്ത് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യമായി ഇന്ത്യ. ചൈനയാണ് ആദ്യ സ്ഥാനം പങ്കിടുന്ന മറ്റൊരു രാജ്യം. 2017ല്‍ വായുമലിനീകരണം മൂലം ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 12 ലക്ഷം ആളുകളാണെന്ന് അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും പഠനം നടത്തുന്ന, ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് എഫക്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എച്ച്.ഇ.ഐ) പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതേവര്‍ഷം ഏകദേശം ഇത്ര തന്നെ ആളുകള്‍ ചൈനയിലും മലിനവായു ശ്വസിച്ചു മരിച്ചു. വിഷലിപ്തമായ വായു സ്ഥിരമായി ശ്വസിച്ചതിനെ തുടര്‍ന്നു ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചാണ് ഇത്രയും പേര്‍ മരിച്ചത്.
2017ല്‍ ലോകത്താകമാനം ഇതേ കാരണത്താല്‍ കൊല്ലപ്പെട്ടവരില്‍ പകുതി പേരും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ്. പാകിസ്താന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, നൈജീരിയ, യു.എസ്, റഷ്യ, ബ്രസീല്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കും ചൈനക്കും പിറകിലായി പട്ടികയിലുള്ളത്.
ലോകത്തുടനീളം വാഹനാപകടങ്ങള്‍ മൂലം മരിക്കുന്നവരേക്കാള്‍ കൂടുതലാണ് വായുമലിനീകരണം മൂലം കൊല്ലപ്പെടുന്നതെന്ന കണക്കും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്യു എയര്‍ എയര്‍ വിഷ്വല്‍ എന്ന സംഘടന കഴിഞ്ഞമാസം പുറത്തുവിട്ട റിപോര്‍ട്ടില്‍ ലോകത്തേറ്റവും അന്തരീക്ഷ മലിനീകരണമുള്ള രാജ്യതലസ്ഥാനം ഡല്‍ഹിയാണെന്നു വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."