ചന്ദ്രഗിരി ഉണര്‍ന്നത് അപകടവാര്‍ത്ത കേട്ട്; എതിരേ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചതാണ് അപകടത്തിനു കാരണമായതെന്നാണു കരുതുന്നത്
കാസര്‍കോട്: ഇന്നലെ പുലര്‍ച്ചെ ചന്ദ്രഗിരി പുഴയോരം ഉണര്‍ന്നത് ദുരന്തമുഖത്തേക്ക്. പുഴയില്‍ പുലര്‍ച്ചെ മത്സ്യബന്ധനത്തിനെത്തിയവരും പുഴയോരത്തെ താമസക്കാരും ഉണര്‍ന്നത് പാലത്തിനു മുകളില്‍ ലോറി മറിഞ്ഞുവെന്നും ലോറിയിലുണ്ടായിരുന്ന ഒരാള്‍ പുഴയില്‍ വീണുവെന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലുണ്ടായിരുന്നവര്‍ അപകടം കണ്ടയുടനെ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവര്‍ അപ്പോള്‍ തന്നെ തിരച്ചില്‍ തുടങ്ങി.
കരയിലുണ്ടായിരുന്നവരും കിട്ടിയ തോണികളില്‍ തിരച്ചില്‍ തുടങ്ങി. ഏറെനേരം കഴിഞ്ഞാണ് അഗ്നിശമന സേനയും പൊലിസും തെരച്ചിലിനെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണു പുഴയില്‍ വീണു മരണപ്പെട്ട ലോറി ഡ്രൈവര്‍ നാസറിന്റ മൃതദേഹം കണ്ടെടുത്തത്.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ചാറ്റല്‍ മഴയാണ് ചന്ദ്രഗിരി പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ലോറി മറിയാനിടയാക്കിയതെന്നു കരുതുന്നു. അപകടത്തില്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ട ഹാരിസ് പറയുന്നതും ചാറ്റല്‍ മഴയായിരുന്നു അപകടത്തിനു കാരണമെന്നാണ്. ചന്ദ്രഗിരി പാലത്തിനു മുകളില്‍ ലോറി കയറിയ ഉടന്‍ തന്നെ എതിരേ ഒരു ഓട്ടോറിക്ഷ വരുന്നുണ്ടായിരുന്നു. ഈ ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാനായി ലോറി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിടുകയും ചാറ്റല്‍ മഴയിലുണ്ടായ വഴുതലില്‍ ലോറി മറിയുകയുമായിരുന്നുവെന്നാണ് ഹാരിസ് പറയുന്നത്. 10 മീറ്ററോളം ദൂരം ലോറി നിരങ്ങി നീങ്ങിയതിന്റെ അടയാളം പാലത്തിനു മുകളിലുണ്ട്. പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടമുണ്ടായത്.
വിവരമറിഞ്ഞ് നിരവധിപേരാണ് സംഭവ സ്ഥലത്ത് തടിച്ചു കൂടിയത്. അപകടത്തില്‍പ്പെട്ട ലോറി നീക്കം ചെയ്ത ശേഷം ഒരു മണിക്കൂറിന് ശേഷമാണ് പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.
അപകട വിവരമറിഞ്ഞ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ എന്നിവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."