ഇന്ത്യ-പാക് ബന്ധമുലച്ച് കുല്‍ഭൂഷന്റെ വധശിക്ഷ
ഇന്ത്യ-പാക് ബന്ധം വീണ്ടും ഉലയുകയാണ്. ശീതയുദ്ധങ്ങളും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂക്ഷമായ പ്രതിസന്ധികള്‍ ഉയര്‍ത്തുന്നതിനിടെയാണ് വിരമിച്ച ഇന്ത്യന്‍ നാവികോദ്യോഗസ്ഥനെ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. മുംബൈ ആക്രമണത്തില്‍ പാകിസ്താന്‍ സ്വദേശിയും തീവ്രവാദിയുമായ കസബിനെ ഇന്ത്യ തൂക്കിലേറ്റിയിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ പൗരനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്ക് യാദവിനെ കാണാന്‍ പാക് സേന കഴിഞ്ഞ ദിവസവും അനുമതി നിഷേധിച്ചു. ഇതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഏപ്രില്‍ 17ന് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കേണ്ടിയിരുന്ന നാവിക ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ ഏകപക്ഷീയമായി പിന്‍മാറി. പാകിസ്താനെതിരേ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ ഇന്ത്യ ഇതോടെ നിര്‍ബന്ധിതമായിരിക്കുകയാണ്. അമേരിക്കയോ, ബ്രട്ടണോ, റഷ്യയോ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് വിദേശങ്ങളില്‍ ആപത്ത് പിണഞ്ഞാല്‍ യുദ്ധ സന്നാഹത്തോടെ മോചിപ്പിക്കാനിറങ്ങുന്ന കാഴ്ചകള്‍ക്കിടെയാണ് നാവിക സേനാംഗമായിരുന്ന യാദവിന് അന്യരാജ്യത്ത് വധശിക്ഷ കാത്തുകിടക്കേണ്ടി വരുന്ന ദുര്‍വിധി.
കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന നിലയിലാണ് അലഹാബാദ് ഹൈക്കോടതി പാക് സമീപനത്തെ വിശേഷിപ്പിച്ചത്. സ്വന്തം പൗരന്‍ അന്യ ദേശത്ത് എന്തിന്റെ പേരിലായാലും വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോള്‍ അതിലെന്തു നടപടിയാണ് സ്വീകരിക്കുക എന്ന് വിശദീകരിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കുല്‍ഭൂഷണ്‍ യാദവ് ആര്
മുംബൈയിലെ ഹിരാനന്ദാനി ഗാര്‍ഡന്‍സിലെ ആനേവാഡി സ്വദേശിയാണ് 46കാരനായ കുല്‍ഭൂഷണ്‍ യാദവ്. മഹാരാഷ്ട്രയിലെ സാംഗ്‌ളിയിലാണ് ജനിച്ചതെന്ന് പാസ്‌പോര്‍ട്ട് രേഖ പറയുന്നു. പൊലിസ് ഉദ്യോഗസ്ഥരടങ്ങിയ ഒരു കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന്റെ പിതാവ് ഒരു ദശാംബ്ദം മുമ്പ് മുംബൈ പൊലിസില്‍ നിന്ന് അസിസ്റ്റന്റ് കമ്മിഷറായിരിക്കെ പിരി്ഞ്ഞ സുധീര്‍ യാദവാണ്. ബാന്ദ്ര പൊലിസ് സ്റ്റേഷന്‍ ചാര്‍ജായിരുന്ന സുഭാഷ് യാദവ് മാതൃസഹോദരനുമാണ്.
1987ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു പഠിച്ച യാദവ് 1991ലാണ് നാവിക സേനയില്‍ ചേര്‍ന്നത്. 2001ല്‍ പാര്‍ലമെന്റ് ആക്രമണം ഉണ്ടാവുന്ന സമയം വരെ നാവികസേനാംഗമായിരുന്നെന്ന് യാദവ് വെളിപ്പെടുത്തുന്നതായി പാകിസ്താന്‍ പുറത്തുവിട്ട വീഡിയോയിലുണ്ട്.
നേവിയിലെ ഉദ്യോഗം മതിയാക്കി പിരിഞ്ഞ യാദവ് പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ബിസിനസ് ആവശ്യാര്‍ഥം പല രാജ്യങ്ങളും സന്ദര്‍ശിച്ചു. ചരക്ക് കടത്തലായിരുന്നു പ്രധാന ബിസിനസ്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് ബിസിനസ് നടത്തിയിരുന്നത്. രാജ്യാന്തര യാത്രകളിലേര്‍പ്പെടുമ്പോഴെല്ലാം അന്താരാഷ്ട്ര സാഹചര്യങ്ങള്‍ അറിയാവുന്നതുകൊണ്ട് അവശ്യംവേണ്ട എല്ലാ രേഖകളും യാദവ് കരുതുമായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
പാക് ആരോപണം
കുല്‍ഭൂഷണ്‍ യാദവിന്റെ കുറ്റസമ്മതമെന്ന പേരിലാണ് പാകിസ്താന്‍ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കുല്‍ഭൂഷണ്‍ യാദവ് അഥവാ ഹുസൈന്‍ മുബാരക് പട്ടേല്‍ എന്നാണ് പാകിസ്താന്‍ വിശദീകരിക്കുന്ന പേര്. ഈ വീഡിയോയില്‍ താന്‍ ഇന്ത്യന്‍് നാവികസേനയില്‍ ഓഫീസറായിരുന്നു എന്ന് യാദവ് പറയുന്നുണ്ട്. അതിനുശേഷം ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങിനുവേണ്ടി പാകിസ്താനില്‍ ചാരപ്പണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നെന്നും യാദവ് കുറ്റസമ്മതം നടത്തുന്നു. ഇറാന്റെ തുറമുഖമായ ഛബാഹറില്‍ പാക് വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നതായും ബലൂചിസ്താനില്‍ പാകിസ്താനെ അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തിവന്നിരുന്നതായും യാദവ് ഏറ്റുപറയുന്നതായാണ് വീഡിയോയിലുള്ളത്.
കറാച്ചിയിലെ സംഘര്‍ഷങ്ങള്‍ക്കു കാരണക്കാരന്‍ യാദവാണെന്നാണ് ബലൂചിസ്താന്‍ ആഭ്യന്തര മന്ത്രി സര്‍ഫറാസ് ബുക്തി ആരോപിക്കുന്നത്. തീവ്രവാദികള്‍ക്ക് യാദവ് സാമ്പത്തിക സഹായം ചെയ്യുമായിരുന്നെന്നും കുടുംബത്തോട് മറാത്തിയില്‍ സംസാരിക്കുന്നതിനിടെയാണ് പിടിയിലായതെന്നും മന്ത്രി പറയുന്നു.
ബലൂചിസ്താനില്‍ വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന ആരോപണത്തില്‍ 2016 മാര്‍ച്ച് മൂന്നിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പാക് വാദം. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച യാദവിനെ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ മാഷ്‌കെലിനടുത്ത് ചമനില്‍ നിന്നാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പിടികൂടിയതെന്നും പാകിസ്താന്‍ വാദിക്കുന്നു. മൂന്നരമാസം നടത്തിയ സൈനിക വിസ്താരത്തിനൊടുവില്‍ ഏപ്രില്‍ 10നാണ് പാക് സൈനിക നിയമവും ഔദ്യോഗിക രഹസ്യ നിയമവുമനുസരിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്.
വധശിക്ഷ ആസൂത്രിതം
മുന്‍ നാവിക ഓഫീസറായിരുന്ന കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്ന പാകിസ്താന്‍ നിലപാടിനെ ഇന്ത്യ ചോദ്യംചെയ്യുന്നു. നാവിക സേനയില്‍ നിന്നു വിരമിച്ച ശേഷം ബിസിനസുകാരനായി മാറിയ ചരിത്രമാണ് യാദവിന്റേതെന്ന് ഇന്ത്യ വിശദീകരിക്കുന്നു. ഇറാനിലായിരുന്ന യാദവിനെ അവിടെ നിന്ന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പാകിസ്താന്‍ കടത്തിക്കൊണ്ടുപോയിരിക്കാമെന്ന് ഇന്ത്യ കരുതുന്നു. എങ്കിലും ഇദ്ദേഹം പാകിസ്താന്റെ കസ്റ്റഡിയിലെങ്ങനെ അകപ്പെട്ടു എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇന്ത്യ പറയുന്നു. അതേസമയം, പാക് തീവ്രവാദ സംഘടനയായ അല്‍ ഖാഇയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ജെയ്ഷുല്‍ ആദില്‍ എന്ന സംഘടന യാദവിനെ ഇറാനില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായിരിക്കാമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനകള്‍ സംശയിക്കുന്നുമുണ്ട്.
പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്ന് ഇന്ത്യ വാദിക്കുന്നു. ഇന്ത്യക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കാനാണ് പാക് ശ്രമം. പ്രസ്തുത വീഡിയോയുടെ ആധികാരികത തെളിയിക്കാന്‍ പാകിസ്താന്‍ തയാറാകണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ട്. യാദവിനെ ഉപദ്രവിച്ച് ആരുടെയോ നിര്‍ദേശം പറഞ്ഞു സമ്മതിപ്പിക്കുന്നതാണ് വീഡിയോ. ഇത് അംഗീകരിക്കാനാവില്ല. ഒരു പൗരനെന്ന നിലയില്‍ കുല്‍ഭൂഷന്റെ ജീവന് ഇന്ത്യ വലിയ വില കല്‍പിക്കുന്നതായും മന്ത്രാലയം പാകിസ്താനെ അറിയിച്ചു. 13 മാസങ്ങള്‍ക്കിടെ 13 തവണ യാദവിനെ ബന്ധപ്പെടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പാകിസ്താന്‍ അനുമതി നിഷേധിച്ചത് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നു. മാത്രവുമല്ല, യാദവിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താന്‍ മറച്ചുവയ്ക്കുകയും ചെയ്തു. നീതി, നിയമ നിഷേധങ്ങള്‍ക്കൊടുവിലുള്ള വധശിക്ഷാ വിധി അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടാണ് ഇന്ത്യ പാകിസ്താനെ അറിയിച്ചിരിക്കുന്നത്. വധശിക്ഷയുമായി മുന്നോട്ടുപോകാനാണ് പാക് ഭാവമെങ്കില്‍ അത് ആസൂത്രിതമെന്ന് കരുതേണ്ടിവരുമെന്നും ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും ഉഭയകക്ഷി ബന്ധങ്ങള്‍ തകരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ പറയുന്ന ഹുസൈന്‍ മുബാരക് പട്ടേലുമായി കുല്‍ഭൂഷണ്‍ യാദവിനെ ബന്ധിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഒരു ഫ്‌ളാറ്റാണ്. ഇതിനെപ്പറ്റി അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യവുമല്ല.
ഇറാന്റെ മൗനം
ഇറാനിലായിരുന്ന യാദവിനെ പാകിസ്താന്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു എന്ന ഇന്ത്യന്‍ വാദത്തില്‍ ഇറാന്‍ പ്രതികരിക്കാത്തത് ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. ഇറാനുമായി ഇന്ത്യക്ക് ഏറെ തന്ത്രപരമായ ബന്ധമാണുള്ളത്. സുരക്ഷാ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും ഏറെ അടുപ്പത്തിലായതിനാല്‍ തന്നെ ഈ വിഷയത്തില്‍ ഇറാന്‍ അന്വേഷണം നടത്താത്തതെന്തെന്ന ചോദ്യം ബാക്കിയാവുന്നു. ഈ പ്രശ്‌നത്തില്‍ തങ്ങള്‍ക്ക് നേട്ടങ്ങളില്ലെന്ന് വിലയിരുത്തിയാവുമത്. യാദവിന്റെ വിഷയം ഇന്ത്യ കഴിഞ്ഞവര്‍ഷം തന്നെ ഇറാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവര്‍ മൗനം തുടരുകയാണ്. യാദവിനെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതാണെന്ന ഇന്ത്യന്‍ ആരോപണം തെളിയേണ്ടത് ഇറാന്റെ അന്വേഷണത്തിലാണ്. താന്‍ പാകിസ്താനെതിരേ വിഘടിത പ്രവര്‍ത്തനം നടത്തിയിരുന്ന തുറമുഖം എന്ന് യാദവ് വീഡിയോയില്‍ പറയുന്ന ഛബഹാര്‍ തുറമുഖം ഇന്ത്യയാണ് നിര്‍മിക്കുന്നത്. ഇറാന്‍, അഫ്ഗാനിസ്താന്‍ കടല്‍മാര്‍ഗം തുറക്കാനാണിത്.
യാദവിനെ രക്ഷിക്കാന്‍
കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയില്‍ നിന്നു രക്ഷിക്കാന്‍ രാഷ്ട്രീയ, നയതന്ത്ര സമ്മര്‍ദങ്ങള്‍ നടത്തുന്നതോടൊപ്പം യു.എന്‍, യു.എസ് ഇടപെടലും ഇന്ത്യ പ്രതീക്ഷിക്കുന്നു. യാദവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യു.എന്നില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍. 40 ദിവസത്തിനകം ആര്‍മി മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാമെങ്കിലും ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് അധ്യക്ഷനായ ഇവിടെ ഇളവ് പ്രതീക്ഷിക്കുക വയ്യ. പിന്നെ ചെയ്യാവുന്നത് പാക് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയാണ്. സൈനിക മുഷ്ടിക്കുമുന്നില്‍ അതും നിശബ്ദമാവും. 2014 ഡിസംബറില്‍ പാകിസ്താനിലെ പെഷവാറിലെ സൈനിക സ്‌കൂളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 153 പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇത്തരം കേസുകളില്‍ നീതി നിര്‍വഹണം സൈന്യം ഏറ്റെടുത്തത്. അന്നുമുതല്‍ ഇന്നുവരെ 160ലേറെ പേരെയാണ് വിചാരണ നടത്തി പാകിസ്താന്‍ സൈന്യം തൂക്കിലേറ്റിയത്. ഓണ്‍ കാമറ വിചാരണയാണെങ്കിലും നിയമപരിജ്ഞാനമില്ലാത്ത ആര്‍മി ഓഫീസര്‍മാര്‍ വിദേശിയരെപ്പോലും വിധശിക്ഷയ്ക്ക് വിധിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ വിവാദമായിട്ടുണ്ട്. ആരോപണവും വിചാരണയും രഹസ്യം. അപ്പീല്‍ സാധ്യമല്ല. വിധിന്യായവുമില്ല. യു.എന്നിന്റെ മനുഷ്യാവകാസ സംബന്ധമായ ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓഫ് ജൂറിസ്റ്റ്‌സിന്റെ ജനീവ ഉടമ്പടിക്ക് വിരുദ്ധവുമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."