ചൈനയില്‍നിന്ന് വൈദ്യുത ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യില്ല: കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് വൈദ്യുത വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്.കെ.സിങ്. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കേ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നീക്കം. സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ വെര്‍ച്വല്‍ യോഗത്തിനു ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ചൈനില്നിന്നും പാകിസ്താനില്‍നിന്നും ഉല്‍പ്പനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ഉപകരണങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ എല്ലാം ഉല്പാദിപ്പിക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള 21,000 കോടി രൂപയുടേതുള്പ്പടെ 71,000 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു രാജ്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചുകടക്കുമ്പോള്‍ വന്‍തോതില്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് അനുവദിക്കാന്‍ കഴിയില്ല. ചൈനയില്‍നിന്നും പാകിസ്താനില്‍നിന്നും ഇനി യാതൊന്നും നാം സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വൈദ്യുത മേഖലയെത്തന്നെ താറുമാറാക്കാന്‍ കഴിയുന്ന മാല്‍വെയറുകള്‍ ഇറക്കുമതി ചെയ്യപ്പെടുന്നവയില്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ തന്നെ ഉല്പാദിപ്പിക്കുകയും ലഭ്യമാകുകയും ചെയ്യുന്ന ടവര്‍ ഉപകരണങ്ങളും ചാലകങ്ങളും ട്രാന്‍സ്ഫോര്‍മറുകളും മീറ്ററുകളും ഇറക്കുമതി ചെയ്യുന്നതു മോശമാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിര്‍ഭര്‍ മിഷന്റെ ഭാഗമായി ഇന്ത്യ ഉല്പാദിപ്പിക്കുന്ന യാതൊന്നും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യില്ല. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ സംബന്ധിച്ച് വ്യാപകമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."