സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഇന്നും തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നും വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നലെ 70 പേര് കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിന് ചികിത്സ തേടി. ഇവരില്‍ 38 പേര്‍ക്ക് സൂര്യാതപമേറ്റു. എറണാകുളത്ത് രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റു. മറ്റു 30 പേര്‍ക്ക് ചൂടേറ്റതിനെ തുടര്‍ന്ന് ദേഹത്ത് ചുവന്ന പാടുകളുമുണ്ടായി.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത് ആലപ്പുഴ ജില്ലയിലാണ്. ഇവിടെ ഇന്നലെ 14പേര്‍ക്ക് സൂര്യാതപമേറ്റു. വയനാട് മൂന്ന്, കണ്ണൂര്‍ രണ്ട്, കാസര്‍കോട് രണ്ട്, എറണാകുളം ഏഴ്, കോഴിക്കോട് രണ്ട്, കൊല്ലം ഒന്ന്, പത്തനംതിട്ട ഒന്ന്, തൃശൂര്‍ ഒന്ന്, പാലക്കാട് മൂന്ന്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
ഇന്നലെ പാലക്കാട് ജില്ലയില്‍ 39.7 ഡിഗ്രിയും പുനലൂരില്‍ 38.7 ഡിഗ്രിയും താപനില രേഖപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് ഇന്നലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."