പയ്യാമ്പലം പാര്‍ക്ക് 25 മുതല്‍ തുറക്കും
കണ്ണൂര്‍: പയ്യാമ്പലം പാര്‍ക്ക് മൂന്നുമാസത്തേക്കു കോര്‍പറേഷനും ഡി.ടി.പി.സിയും സംയുക്തമായി നടത്തും. പാര്‍ക്കിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോര്‍പറേഷന്‍ വാദം ഉന്നയിച്ചതോടെ തുടങ്ങിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതില്‍ തീരുമാനം വരുന്നതുവരെയാണു സംയുക്തമായി പാര്‍ക്ക് പരിപാലിക്കുക. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗമാണു തീരുമാനമെടുത്തത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണു പാര്‍ക്ക് പരിപാലനത്തിനു ഡി.ടി.പി.സിയുമായി സഹകരിക്കുന്നത്.
അഞ്ചുമാസം മുമ്പാണു ഡി.ടി.പി.സിയില്‍ നിന്നു കോര്‍പറേഷന്‍ പാര്‍ക്ക് ഏറ്റെടുത്തത്. വരുമാനത്തിന്റെ പങ്ക് കോര്‍പറേഷനു ലഭിക്കുന്നില്ലെന്നും ഡി.ടി.പി.സി അനധികൃതമായി കരാര്‍ നല്‍കിയിരിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഏറ്റെടുക്കല്‍. വീണ്ടും ഡി.ടി.പി.സിയെ കൂട്ടുപിടിക്കുന്നതു കൂട്ടുകച്ചവടത്തിനു വേണ്ടിയാണെന്നു പ്രതിപക്ഷം ആരോപിച്ചു.
പാര്‍ക്ക് ഏറ്റെടുക്കുന്നതു സംബന്ധിച്ച് കോര്‍പറേഷനും ഡി.ടി.പി.സി ഭാരവാഹികളും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണു പരിപാലനം സംബന്ധിച്ച് തീരുമാനമായത്. സര്‍ക്കാരിന്റെ നിര്‍ദേശം വരുന്നതുവരെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു ഡി.ടി.പി.സി ചെയര്‍മാന്‍, സെക്രട്ടറി, കോര്‍പറേഷന്‍ മേയര്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സബ് കമ്മിറ്റി രൂപീകരിക്കും. ഇക്കാലയളവിലെ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതിനു ഡി.ടി.പി.സി സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. 25 മുതല്‍ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കും. യോഗത്തില്‍ മേയര്‍ ഇ.പി ലത അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."