വേനല്‍ക്കാല നിയന്ത്രണം മതബോധന ക്ലാസുകള്‍ക്കും ബാധകം: ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് വിവിധ മതവിഭാഗങ്ങള്‍ നടത്തുന്ന മതബോധന ക്ലാസുകള്‍ക്കും ബാധകമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് വ്യക്തമാക്കി. അങ്കണവാടികള്‍ പോലും അടച്ചിട്ട് കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടിലെത്തിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍ അസഹ്യമായ ചൂട് വകവയ്ക്കാതെ മതബോധന ക്ലാസുകള്‍ നടത്തുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ എല്ലാ മതവിഭാഗങ്ങളും ഉത്തരവ് പാലിച്ചേ മതിയാകൂ എന്നും കമ്മിഷന്‍ വ്യക്തമാക്കി.
ഇത് കണക്കിലെടുക്കാതെ റോമന്‍ കത്തോലിക്കരുടെ പാല അതിരൂപതയുടെ കീഴിലുള്ള 170-ാളം സ്‌കൂളുകളില്‍ വിശ്വാസോത്സവം എന്ന പേരില്‍ മതബോധന ക്ലാസുകളും ബൈബിള്‍ ക്ലാസുകളും നടത്തുന്നതായി കമ്മിഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതു മുതല്‍ നാലു മണി വരെ വിവിധ സമയങ്ങളില്‍ ക്ലാസുകള്‍ തീരുന്ന വിധത്തിലാണ് സംഘാടനം. അതുപോലെ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കുന്ന വിധത്തില്‍ ബൈബിള്‍ ക്ലാസുകള്‍ നടത്തി വരികയാണെന്ന് മറ്റൊരു പരാതിയില്‍ പറയുന്നു. നട്ടുച്ചയ്ക്ക് ക്ലാസുകള്‍ അവസാനിക്കുന്നതു കാരണം കുട്ടികള്‍ക്ക് സൂര്യാതപമേറ്റ് ആരോഗ്യപ്രശ്‌നങ്ങളും ജീവാപായവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."