HOME
DETAILS
MAL
പെട്ടെന്ന് പണമുണ്ടാക്കാൻ കൊവിഡ് കാലത്തും ചാരായം വാറ്റ്; 170 ഓളം മദ്യകുപ്പികളുമായി കോഴിക്കോട് സ്വദേശി സഊദിയിൽ പിടിയിൽ, കൈക്കൂലിക്കേസിൽ സുഹൃത്തിനെയും പോലീസ് പൊക്കി
backup
July 04 2020 | 17:07 PM
റിയാദ്: സഊദിയിൽ ചാരായ വാറ്റ് കേസിൽ മലയാളി പോലീസ് പിടിയിൽ. കോഴിക്കോട് സ്വദേശിയാണ് 170 ഓളം മദ്യ കുപ്പികളുമായി കിഴക്കൻ സഊദിയിൽ പോലീസ് പിടിയിലായത്. ചാരായക്കുപ്പികളുമായി പിടിയിലായ സുഹൃത്തിനെ സഹായിക്കാൻ പണവുമായെത്തിയ മറ്റൊരു മലയാളിയെയും പോലീസ് പിടികൂടി. കൈക്കുലിക്കേസിലാണ് കണ്ണൂർ സ്വദേശിയെ പോലീസ് പിടികൂടിയത്. ഇരുവരും ഇപ്പോൾ ജയിലിലാണ്. ഒരു മാസത്തിലധികമായി ഇരുവരുടേയും വിവരങ്ങൾ ലഭ്യമല്ലാതായതോടെ വീട്ടുകാർ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ദമാം സെൻട്രൽ ജയിലിൽ കണ്ടെത്തിയത്.
ലോക് ഡൗൺ കാലത്ത് വിദേശ മദ്യങ്ങളുടെ ലഭ്യത കുറഞ്ഞപ്പോൾ ചാരായം വാറ്റി വിൽക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശി ആദ്യം പൊലീസ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് 170ഓളം മദ്യക്കുപ്പികളുമായി പിടിയിലായത്. ഫെബ്രുവരിയിൽ നാട്ടിൽ അവധികഴിഞ്ഞ് എത്തിയ ഇയാൾ ചാരായ കച്ചവടക്കാരുടെ ഏജൻറായി മാറുകയായിരുന്നു. പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ പണം തന്നാൽ മോചിപ്പിക്കാമോ എന്ന് ഇയാൾ പൊലീസുകാരോട് ചോദിച്ചു. ഇതിൽ കൗതുകം തോന്നിയ പൊലീസ് അയാളുടെ ആവശ്യം അംഗീകരിച്ചതായി ഭാവിക്കുകയും വിലപേശലുകൾക്കൊടുവിൽ 3,000 റിയാൽ തന്നാൽ മോചിപ്പിക്കാം എന്ന് സമ്മതിക്കുന്നതായി ഭാവിക്കുകയും ചെയ്തു.
ഇതനുസരിച്ച് ദമാമിൽ എ.സി വർക്ക്ഷോപ് നടത്തുന്ന കണ്ണുർ സ്വദേശിയായ സുഹൃത്തിനെ വിളിച്ച് പണവുമായി എത്താൻ അറിയിക്കുകയായിരുന്നു. പറഞ്ഞപോലെ പണവുമായെത്തി കൈമാറിയ യുവാവിനെ കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് സ്വദേശി മദ്യക്കടത്ത് കേസിലും കണ്ണുർ സ്വദേശി കൈക്കൂലി കേസിലുമാണ് ജയിലിൽ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."