വേനല്‍ മഴയെത്തി; കാറ്റില്‍ കനത്ത നാശം
തൃശൂര്‍: വേനല്‍ മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റില്‍ കനത്ത നാശം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണും നാശ നഷ്ടമുണ്ടായി.
വാടാനപ്പള്ളി: വേനല്‍ മഴയോടൊപ്പം തളിക്കുളം, വാടാനപ്പള്ളി ബീച്ചുകളില്‍ ആഞ്ഞു വീശിയ ശക്തമായ കാറ്റില്‍ തെങ്ങുകളും വൈദ്യുതി പോസ്റ്റും ഒടിഞ്ഞു വീണ് കനത്ത നാശം. സ്‌നേഹതീരം-വാടാനപ്പള്ളിളി ബീച്ച് റോഡില്‍ വാഹന ഗതാഗതം തടസപ്പെപെട്ടു. വൈകിട്ട് 3.45 ഓടെയാണ് കാറ്റ് വീശിയടിച്ചത്. തളിക്കുളം സ്‌നേഹതീരത്തിന് വടക്ക് കടലോര മേഖലയില്‍ സീവാള്‍ റോഡിലാണ് പോസ്റ്റും തെങ്ങുകളും കടപുഴകിയത്. പത്താംകല്ല് അറപ്പതോടിന് സമീപം സുധാകരന്‍ എന്നയാളുടെ ചായകടയുടെ മുകളിലേക്ക് തെങ്ങ് വീണു. ശബ്ദം കേട്ട് അകത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആളപായമുണ്ടായില്ല. തളിക്കുളം ബ്ലോക്ക് ഓഫിസിനടുത്തും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. അന്തിക്കാട്: ശക്തമായ മഴയിലും കാറ്റിലും കോവിലകം കോള്‍പടവില്‍ വ്യാപകമായ കൃഷി നാശം. കൊയ്ത്തിന് ഒരുങ്ങിയ ഏക്കര്‍ കണക്കിന് നിലത്തിലെ നെല്‍ച്ചെടികളാണ് വ്യാപകമായി ഒടിഞ്ഞു വീണത്. ശക്തമായ കാറ്റില്‍ രണ്ടു ദിവസത്തിനകം കൊയ്‌തെടുക്കേണ്ട കതിരണിഞ്ഞ നെല്‍ച്ചെടികളാണ് പടവില്‍ ഒടിഞ്ഞു വീണത്. കൊയ്ത്ത് വൈകിയതാണ് കൃഷി നാശത്തിന് കാരണമായതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
ഉമ വിത്ത് വിളവെടുപ്പിന് വിതകഴിഞ്ഞ് 130 ദിവസമാണ് വേണ്ടത്. എന്നാല്‍ 140 ദിവസം കഴിഞ്ഞിട്ടും കൊയ്ത്ത് നടത്താന്‍ അധികൃതര്‍ തയാറാകാതിരുന്നതാണ് കൃഷി നാശത്തിന് കാരണമായത്.
മഴയിലും കാറ്റിലും കൃഷി നാശം സംഭവിച്ചവര്‍ക്ക് ധനസഹായം ഉടന്‍ ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. തൃപ്രയാര്‍ കിഴക്കേ നടയില്‍ ഗവ. ആശുപത്രിക്കു സമീപം പണിക്കവീട്ടില്‍ മുഹമ്മദിന്റെ വീട് മരം വീണ് തകര്‍ന്നു. വൈദ്യുത പോസ്റ്റുകളും കമ്പികളും നിലംപൊത്തി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. ശക്തിയായ കാറ്റാണ് മേഖലയില്‍ അടിച്ചു വീശിയത്.
കാഞ്ഞാണി പെരുമ്പുഴ പാടത്ത് മരങ്ങള്‍ കട പുഴകി വീണു. മരച്ചില്ലകള്‍ ഒടിഞ്ഞു വീണതു മൂലം കാഞ്ഞാണി-തൃശൂര്‍ സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗത തടസവും ഉണ്ടായി.
കാഞ്ഞാണി പെട്രോള്‍ പമ്പിനു സമീപവും മരം വീണ് ഗതാഗതം തടസപ്പെട്ടു. പെരുമ്പുഴ പാടത്ത് വൈദ്യുത കമ്പിയിലേക്ക് വീണ മരച്ചില്ലകള്‍ നാട്ടുകാര്‍ എടുത്തു മാറ്റി.
ചാവക്കാട്: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ കടപ്പുറം മേഖലയില്‍ വ്യാപക നാശനാഷ്ടങ്ങള്‍. മുനക്കക്കടവ് ഹാര്‍ബറില്‍ കെട്ടിയിട്ട രണ്ടുബോട്ടുകള്‍ക്കും, ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ മേല്‍ക്കൂരക്കും കേടുപറ്റി. സമീപത്തെ ബോട്ട് റിപ്പയറിങ് കേന്ദ്രമായ മറൈന്‍ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിന്റെ കൂറ്റന്‍ മേല്‍ക്കൂര പറന്നു വീണു. വ്യാഴാഴ്ച്ച വൈകുന്നേരം നാലോടെയാണ് മേഖലയില്‍ ചെറു മഴക്കൊപ്പം ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. ബോട്ടുകാര്‍ മത്സ്യവുമായി തീരമണിയുന്ന നേരമായതിനാല്‍ മുനക്കക്കടവ് ഹാര്‍ബറില്‍ കച്ചവടക്കാരും തൊഴിലാളികളുമായി നൂറുകണക്കിന് ആളുകളുമുള്ളപ്പോഴാണ് സംഭവം. കടപ്പുറം മുനക്കക്കടവ് പുതുവീട്ടില്‍ ഹസീബിന്റെ ഉടമസ്ഥതയിലുള്ള അല്‍ബഖറ, ബിലാല്‍ എന്നി ബോട്ടുകള്‍ക്കാണ് തകരാര്‍ പറ്റിയത്.
ഒരു ബോട്ടിന്റെ എന്‍ജിന്‍ കാബിന്റെ മേല്‍ക്കൂരയും മറ്റൊന്നിന്റെ സൈഡ് പലകയുമാണ് തകര്‍ന്നത്. ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ തെക്ക് ഭാഗത്ത് ബോട്ടുകള്‍ അറ്റകുറ്റ പണിക്ക് കയറ്റുന്ന എ.പി ബക്കറിന്റെ ഉടമസ്ഥതയിലുള്ള മാടക്കാവില്‍ മറൈന്‍ വര്‍ക്ക് ഷോപ്പിന്റെ മേല്‍ക്കൂരയാണ് പറന്ന് വീണത്. മേഖലയില്‍ 20 മിനിറ്റോളം നേരം ആഞ്ഞടിച്ച കാറ്റില്‍ പലയിടത്തും തെങ്ങുകളും മറിഞ്ഞ് വീണിട്ടുണ്ട്.
ചാലക്കുടി: വേനല്‍ മഴയിലും കാറ്റിലും കോടശ്ശേരി, പരിയാരം, മേലൂര്‍ പഞ്ചായത്തുകളില്‍ കനത്ത നാശം വിതച്ചു. വ്യാപകമായ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്. മേലൂര്‍ പൂലാനിയില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷി ചെയ്തിരുന്ന വാഴകളും കപ്പയും നശിച്ചു. മണ്ടത്ര രവിയുടെ കൃഷിയിടത്തിലെ കപ്പയും വാഴയും കനത്ത കാറ്റില്‍ നിലംപതിച്ചു. കുറ്റിച്ചിറ ചായ്പന്‍കുഴി മേഖലയില്‍ നിരവധി വൃക്ഷങ്ങള്‍ ഒടിഞ്ഞ് വൈദ്യുതി കമ്പികളില്‍ വീണു. ഇതേ തുടര്‍ന്ന് ഈ മേഖലകളിലെ വൈദ്യുതി വിതരണം നിലച്ചു. ഉച്ചതിരിഞ്ഞ് 2.30ഓടെയാണ് പ്രദേശത്ത് കനത്ത കാറ്റ് വീശിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."