ചപ്പുചവറുകള്‍ സ്വീകരിക്കാതിരിക്കരുത്
ദുഷ്ടയായ ആ അയല്‍ക്കാരിയുടെ ശീലമതാണ്. നിത്യവും രാവിലെ തന്റെ വീട്ടുമുറ്റം അടിച്ചുവാരിക്കഴിഞ്ഞാല്‍ ചപ്പുചവറുകള്‍ മുഴുവന്‍ തൊട്ടുതാഴത്തെ വീട്ടുമുറ്റത്തേക്കാണു വലിച്ചെറിയുക. ആ വീട്ടുകാരന്‍ സല്‍സ്വഭാവിയായത് അവളുടെ ഭാഗ്യം. അയല്‍ക്കാരിയുടെ ഈ ക്രൂരതയ്‌ക്കെതിരേ അയാള്‍ ഒരക്ഷരം മിണ്ടില്ല. മിണ്ടില്ലെന്നു മാത്രമല്ല, അവളുടെ ചപ്പുചവറുകള്‍ വന്നശേഷമേ തന്റെ വീട്ടുമുറ്റം അയാള്‍ അടിച്ചുവാരാന്‍ തുടങ്ങുകയുള്ളൂ. അതുവരെ ക്ഷമയോടെ കാത്തിരിക്കും. അവസാനം മുഴുവന്‍ ചവറുകളും അടിച്ചുവാരി തന്റെ പറമ്പില്‍ വളരുന്ന വൃക്ഷങ്ങള്‍ക്കു വളമായി ഇട്ടുകൊടുക്കും. ഒരധ്വാനവുമില്ലാതെ നി ത്യവും വീട്ടുമുറ്റത്തേക്കു മേത്തരം ജൈവവളങ്ങളെത്തുന്നെങ്കില്‍ അതാരെങ്കിലും എതിര്‍ക്കുമോ...? ഇന്ന് അയാളുടെ പറമ്പില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന കിടിലന്‍ മാവ് കണ്ടാല്‍ ആരും മൂക്കത്തു കൈവച്ചുപോകും. തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും ഇതുവരെ കണ്ണേറു ബാധിക്കാതിരുന്നത് ഭാഗ്യം. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ല് യാഥാര്‍ഥ്യമായി കാണണമെങ്കില്‍ അയാളുടെ പറമ്പില്‍ വരണം. കായ്ക്കനികള്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയാണ് പലപ്പോഴും അയാള്‍ അരി വാങ്ങുന്നത്. അയല്‍ക്കാരിയുടെ ഈ 'നിസ്വാര്‍ഥമായ സേവനത്തിന്' അയാള്‍ പ്രത്യുപകാരം ചെയ്യാതിരിക്കില്ല. കായ്ക്കനികളുണ്ടായാല്‍ അതില്‍നിന്ന് ഒരു വിഹിതം അയല്‍ക്കാരിക്കും മാറ്റിവയ്ക്കും. ഇതു കണ്ട ഒരു സുഹൃത്ത് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: ''എങ്ങനെയാണ് ഇത്ര വൃത്തികെട്ട സ്വഭാവം കാണിച്ചിട്ടും അവള്‍ക്ക് ഉപകാരം മാത്രം ചെയ്യാന്‍ നിനക്കു കഴിയുന്നത്...?''
അദ്ദേഹം പറഞ്ഞു: ''അവള്‍ എനിക്കു വേണ്ടി ചെയ്യുന്നത് മറ്റാരും ചെയ്യാത്ത ഉപകാരമാണ്...''
''നിങ്ങള്‍ക്കെതിരേ ചപ്പുചവറുകള്‍ വാരിയെറിയുന്നത് ഉപകാരമോ... നിങ്ങള്‍ക്കെന്തു പറ്റി...?'' അയാള്‍ കണ്‍മിഴിച്ചു ചോദിച്ചു.
''അതെ, ഉപകാരം തന്നെ. എനിക്കെതിരേ എറിയുന്ന ചവറുകള്‍ മുഴുവന്‍ ഞാനെന്റെ കൃഷിക്ക് വളമാക്കി മാറ്റുകയാണു ചെയ്യുക.''
വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും പുരോഗതിക്കുള്ള വളമാക്കിമാറ്റാന്‍ കഴിയുമെങ്കില്‍ അതാണു നിസ്തുലമായ വിജയം. അതുതന്നെയാണു അസാമാന്യമായ സാമര്‍ഥ്യവും. തിന്മയെ തിന്മകൊണ്ടെതിര്‍ക്കാന്‍ ഏതു അടകോടനും കഴിയും. പക്ഷേ, തിന്മകൊണ്ടെതിര്‍ക്കാന്‍ കഴിഞ്ഞിട്ടും നന്മകൊണ്ട് പ്രതിരോധിക്കാന്‍ കഴിയുന്നിടത്താണ് കരുത്തു കിടക്കുന്നത്. മറ്റുള്ളവര്‍ തനിക്കു നേരെ എറിഞ്ഞ കല്ലുകള്‍ പെറുക്കിയെടുത്ത് ബലമുള്ള അടിത്തറ പണിയാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിജയി എന്ന് ഡേവിഡ് ബ്രിങ്ക്‌ലി പറയുന്നു.
തടസങ്ങളെയല്ല സാധ്യതകളെയാണ് നാം കാണേണ്ടത്. പ്രതിസന്ധികളിലും സാധ്യതകളെ അന്വേഷിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ഏതു ചപ്പുചവറുകളും നമുക്ക് വളരാനും ഉയരാനുമുള്ള മേത്തരം വളങ്ങളായി മാറും. വിമര്‍ശനങ്ങളും എതിര്‍പ്പുകളും നമ്മെ നിര്‍മിക്കുന്ന ഒന്നാന്തരം ആയുധങ്ങളായി തീരും. പരാജയങ്ങള്‍ വിജയങ്ങളിലേക്കുള്ള പാതകളെ കൂടുതല്‍ വെട്ടിത്തെളിയിക്കും.
ആളുകള്‍ മുഴുവന്‍ തനിക്കെതിരാകുമ്പോള്‍ സ്വാഭാവികമായും തടസങ്ങളെയാണ് ആരും മുന്നില്‍ കാണുക. ഇനി തനിക്കു മുന്നോട്ടുപോകാനാവില്ലെന്നു പറഞ്ഞ് ദൗത്യത്തില്‍നിന്ന് പിന്തിരിയും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ സാധ്യതകളെ നാം കാണാതെ പോകരുത്. പലതിലേക്കും അതു വഴി വെട്ടിത്തരുന്നുണ്ട്. അസത്യത്തിനെതിരേ ഒറ്റയാന്‍ പട്ടാളമാവുകയെന്ന അപൂര്‍വ ബഹുമതി നേടിയെടുക്കാനുള്ള ഒന്നാന്തരം അവസരമാണ് ഒന്നാമതായി അവിടെ തെളിയുന്നത്. തന്നെ അനുകൂലിക്കാന്‍ ആളുകളുണ്ടെങ്കില്‍ ഒരാള്‍ക്കെങ്ങനെ ഒറ്റയാന്‍ പട്ടാളമാകാന്‍ കഴിയും..? എല്ലാവരും പ്രതിപക്ഷത്താകുമ്പോഴല്ലേ ആ ബഹുമതിക്കുള്ള അവസരമുണ്ടാകൂ.
രോഗത്തെ വ്യക്തിത്വവികസനത്തിനുള്ള വളമാക്കിമാറ്റിയവര്‍ അനേകമുണ്ട്. ആരോഗ്യത്തില്‍ ജീവിതത്തിന്റെ വിലയറിയാത്തതു കാരണം താന്തോന്നികളായി ജീവിച്ചവരായിരുന്നു അവരില്‍ പലരും. കഠിനരോഗം പിടിപെട്ടപ്പോള്‍ സര്‍വതിന്മകളില്‍നിന്നും അവര്‍ രാജിയായി. പിന്നെ രോഗത്തെ വിജയത്തിനുള്ള അവസരമാക്കി മാറ്റുകയും ചെയ്തു. തോല്‍വികളെ കരുത്തുറ്റ വിജയത്തിനു വളമാക്കിമാറ്റിയവരും മാറ്റുന്നവരുമുണ്ട്. അവര്‍ക്ക് പരാജയം നിഗ്രഹമല്ല, അനുഗ്രഹമാണ്. തടസമല്ല, അവസരമാണ്. അധോഗതിയല്ല, പുരോഗതിയാണ്.
പുതുതായി വാങ്ങിയ ഭൂമിയില്‍ വീടുവയ്ക്കാന്‍ പറ്റാത്ത വിധം മൂര്‍ഖന്‍പാമ്പുകളുടെ ശല്യം രൂക്ഷമായപ്പോള്‍ ആ ഭൂമിയെ പാമ്പു വളര്‍ത്തുകേന്ദ്രമാക്കി മാറ്റിയ ഒരു ബുദ്ധിമാന്റെ കഥയുണ്ട്. പാമ്പുകളെ വാങ്ങാന്‍ അവിടേക്കു പലരും എത്തിത്തുടങ്ങി. വലിയ വരുമാനമാര്‍ഗമായി അതു മാറി. ആ വരുമാനം കൊണ്ട് അയാള്‍ കൂടുതല്‍ നല്ലതായ മറ്റൊരു സ്ഥലം വാങ്ങി മേത്തരം വീടുവച്ചു. നഷ്ടമെന്നു തോന്നിയതിനെ ഇരട്ടി ലാഭമാക്കി മാറ്റിയ വിസ്മയം..!
തനിക്കെതിരാണെന്നു തോന്നുന്നവയെ മുഴുവന്‍ അനുകൂലമാക്കി മാറ്റാനുള്ള കഴിവാണ് നാം പ്രകടിപ്പിക്കേണ്ടത്. ഒരിക്കലും തോറ്റുകൊടുക്കരുത്. നിരന്തരം കല്ലേറുകള്‍ വരുെന്നങ്കില്‍ ആ കല്ലുകളെ ഒരിക്കലും പാഴാക്കാതിരിക്കുക.. എല്ലാം ഒരുമിച്ചുകൂട്ടി നിങ്ങള്‍ക്ക് അതിമനോഹരമായ മണിമാളിക പണിയാം. അതാണ് കല്ലെറിഞ്ഞവര്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി. അത്തരം മറുപടികളാണ് നിങ്ങളെ അനശ്വരനാക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."