സമര തപസ്
ദില്ലിയില്‍ വരുന്ന ആരും നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഒരു ഇടമാണ് ജന്ദര്‍ മന്ദിറും അതിന്റെ ചുറ്റുപാടുകളുമെന്ന് വണ്ടിയില്‍ നിന്നു ഇറങ്ങിനടക്കവേ മാഷ് ഓര്‍മിപ്പിച്ചു.
''വാനശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ നമുക്ക് ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ ലഭിക്കും. 1723ല്‍ ഉദയ്പൂര്‍ രാജാവായിരുന്ന മഹാരാജാ ജെയിംസിങ് ആണ് ഇതിന്റെ നിര്‍മാണമാരംഭിച്ചത്. അതുമാത്രമല്ല ഈ ഏരിയക്കുമുണ്ട് ചില പ്രത്യേകതകള്‍. അത് ഞാന്‍ ടിക്കറ്റെടുത്ത് വന്നിട്ട് പറയാം''.
ജന്ദര്‍ മന്ദിറിന്റെ കവാടത്തില്‍ എല്ലാവരെയും നിര്‍ത്തിയ ശേഷം മാഷ് ടിക്കറ്റെടുക്കാനുള്ള നീണ്ടവരിയുടെ അറ്റത്തുനിന്നു.
''മാഷേ, മാഷേ അവിടൊരാള്‍ ഒറ്റയ്ക്കിരുന്ന് തപസുചെയ്യുന്നു''. ജീവന്‍ മാഷ് ടിക്കറ്റെടുത്തുവരുന്ന സമയത്തിനിടയ്ക്ക് ചുറ്റുപാടുമൊന്ന് കറങ്ങിവന്ന അലന്‍ പറഞ്ഞു.
''തപസോ!? ഈ മെട്രോ നഗരത്തിന്റെ തിരക്കിനിടെയ്‌ക്കോ?!'' ചിന്താ മിസ്സിന് അത്ഭുതം.
''വാ വാ ഞാന്‍ കാണിച്ചുതരാം''.
അലന്‍ എല്ലാവരെയും ക്ഷണിച്ചു. അകത്ത് കയറാനുള്ള ടിക്കറ്റ് കൈയില്‍ത്തന്നെ വച്ച് ജീവന്‍ മാഷും മറ്റുള്ളവരും അവന്റെ പിന്നാലെ നടന്നു.
അലന്‍ പറഞ്ഞത് ശരിയായിരുന്നു. ജന്ദര്‍ മന്ദിറിന്റെ മതിലിനോട് ചേര്‍ന്ന പാതയോരത്ത് ചെറിയൊരു ടെന്റുണ്ടാക്കി അതിനകത്ത് ധ്യാനത്തിലെന്നവണ്ണം ഇരിക്കുകയാണ് ഒരാള്‍. കാഷായവസ്ത്രം. നീണ്ടതാടിയും മുടിയും. കണ്ണടച്ചിരിക്കുന്ന അയാളുടെ പ്രായം ഗണിക്കുക എളുപ്പമായിരുന്നില്ല.
അയാളുടെ വലത് ഭാഗത്തായി ഒരു ബോര്‍ഡ് ചാരിവച്ചിട്ടുണ്ട്. അതില്‍ രേഖപ്പെടുത്തിവച്ചത് ജീവന്‍ മാഷ് ഉറക്കെ വായിച്ചു.
''യമുന കൊ ബച്ചാ ലേ
പാനി അന്‍മോല്‍ ഹെ''
''ആ... ഇത് നിങ്ങള്‍ വിചാരിച്ചത് പോലെ തപസല്ല, സമരമാണ്. ഒരു തരത്തില്‍ തപസെന്നും വിളിക്കാമെന്ന് മാത്രം'' ജീവന്‍ മാഷ് പറഞ്ഞു.
'ഓ... സമരമാണോ?'' കുട്ടികളില്‍ ചിലര്‍ താല്‍പര്യമില്ലാത്തമട്ടില്‍ അപ്പോഴേക്ക് തിരിഞ്ഞു നടന്നു കഴിഞ്ഞു. 'ഇവിടെ വന്ന് ഒറ്റയ്ക്ക് സമരം നടത്താന്‍ ഇങ്ങാര്‍ക്ക് വട്ടുണ്ടോ?' ഇടയ്ക്ക് കുട്ടികളുടെ കൂട്ടത്തിലാരോ പറഞ്ഞത് കേട്ട് ജീവന്‍ മാഷും ചിന്തച്ചേച്ചിയും പരസ്പരം നോക്കി.
ജന്ദര്‍ മന്ദിറിന്റെ കൗതുകക്കാഴ്ചകള്‍ അവര്‍ ചുറ്റിനടന്ന് കണ്ട് തീര്‍ന്നപ്പോഴേക്കും വെയില്‍ ഉറച്ചുകഴിഞ്ഞിരുന്നു. വളപ്പിലെ മനോഹരമായി വെട്ടിയൊതുക്കിനിര്‍ത്തിയ പുല്‍ത്തകിടിയില്‍ മരങ്ങളുടെ തണലുള്ള ഭാഗത്ത് ഒരിടത്ത് അവരിരുന്നു.
''ജന്ദര്‍ മന്ദിര്‍ എല്ലാര്‍ക്കും ഇഷ്ടായോ?'' ചിന്തച്ചേച്ചി ചോദിച്ചു.
''ശരിക്കും സൂപ്പറാ ചേച്ചി'' ആകാശ് പറഞ്ഞു.
''എനിക്കാ പിരിയന്‍ ഗോവണി വളരെ ഇഷ്ടമായി'' ആരവ് പറഞ്ഞു.
അപ്പോഴേക്കും ദയ കൈയിലുണ്ടായിരുന്ന നോട്ട്ബുക്കില്‍ ജന്ദര്‍ മന്ദിറിന്റെ പ്രധാന നിര്‍മിതിയുടെ ചിത്രംവരയ്ക്കാന്‍ തുടങ്ങിയിരുന്നു.
''ശരി ഇനി ഒരു കാര്യം ചോദിക്കട്ടെ''. ആ സമയം കൊണ്ട് ദയയുടെ ചിത്രം പൂര്‍ത്തിയാവുക കൂടി ചെയ്യട്ടെ... മാഷ് പറഞ്ഞു.
''ഈ പ്രദേശത്തിന് ഒരു പ്രത്യേകതയുണ്ട്. അതെന്താണെന്നറിയാമോ?'' കുട്ടികള്‍ തമ്മില്‍ തമ്മില്‍ നോക്കിയതല്ലാതെ ആര്‍ക്കും ഉത്തരമറിയില്ലായിരുന്നു. മാഷ് തുടര്‍ന്നു.
''ഈ ജന്ദര്‍ മന്ദിര്‍ ഭാഗം ഒരുപാട് സമരങ്ങള്‍ അരങ്ങേറുന്ന സ്ഥലമാണ്. ഒട്ടുമിക്ക സമരങ്ങളും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നത് ഇവിടെയാണ്''. ഒന്നു നിര്‍ത്തി മാഷ് തുടര്‍ന്നു.
''ശരി അവിടെയൊരു വയോധികന്‍ ഒറ്റയ്ക്ക് സമരംചെയ്യുന്നത് നമ്മള്‍ കണ്ടില്ലേ, അതെന്തിനാണെന്ന് ആര്‍ക്കെങ്കിലും മനസിലായോ?''
''ഹിന്ദിയായതിനാല്‍ ശരിക്കും മനസിലായില്ല മാഷേ'' നദി പറഞ്ഞു. ''യമുനയുമായി ബന്ധപ്പെട്ട എന്തോ ഒരു...?''
''യമുനയെ രക്ഷിക്കുക എന്നല്ലേ മാഷേ?'' ശരിയോടടുത്ത ഉത്തരം പറഞ്ഞത് ആകാശാണ്.
''അതെ, പക്ഷേ അത് യമുന എന്ന സ്ത്രീയെ അല്ല, യമുനാ നദിയെയാണ് കേട്ടോ'' മാഷ് പറഞ്ഞു.
''ദില്ലിയിലൂടെ ഒഴുകുന്ന നദിയാണ് യമുന. പക്ഷേ നഗരമാലി ന്യത്താല്‍ അതാകെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. യമുനയെ രക്ഷിക്കൂ, ജലം അമൂല്യമാണ് എന്നാണ് അദ്ദേഹം ആ സമരപ്പന്തലിന് മുന്‍പില്‍ എഴുതിവച്ചിരിക്കുന്നത്. അതായത് യമുനാ നദിയെ രക്ഷിക്കുന്നതിനുവേണ്ടിയാണ് തപസിന് സമാനമായ ഒറ്റയാള്‍ സമരം. പൊതുജനവും അധികൃതരും ശ്രദ്ധിക്കുകയും വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പരിഹാരം കണ്ടെത്തുകയും ചെയ്യും എന്നു തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
നമ്മള്‍ ഒരിക്കലും സമരങ്ങളെ പരിഹസിക്കാന്‍ പാടില്ല. ഒരാള്‍ മാത്രമുള്ളതോ, ഒരു ലക്ഷം പേര്‍ അണിനിരക്കുന്നതോ ആവട്ടെ, എല്ലാ സമരങ്ങള്‍ക്കുമുണ്ട് അതാതിന്റെ പ്രാധാന്യം.
ഒപ്പുശേഖരണവും കത്തയക്കലും മുതല്‍ റോഡുപരോധവും ആത്മാഹത്യാ ഭീഷണിയും വരെ സമരത്തിന്റെ അസംഖ്യം രീതികളും നാം ദിനേനെ കാണുന്നു. ചിലതൊക്കെ നമുക്ക് അംഗീകരിക്കാനാവില്ലാത്തതാവും എങ്കിലും സമരങ്ങള്‍ തള്ളിക്കളയാനുള്ളതല്ല.
ഒരു സമരത്തില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെല്ലാം ഒരു പക്ഷേ പരിഗണിക്കപ്പെടില്ലായിരിക്കും. പലപ്പോഴും സമരങ്ങള്‍ ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുകയും ചെയ്‌തേക്കാം. വീണ്ടും സമരങ്ങളും വ്യത്യസ്ത മാര്‍ഗങ്ങളും ചിലപ്പോള്‍ സ്വീകരിക്കേണ്ടിയും വന്നേക്കാം.
ചില സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ കാലങ്ങള്‍ക്ക് ശേഷം മറ്റാരെങ്കിലും വിജയത്തിലെത്തിച്ചെന്നിരിക്കും.
ഇങ്ങനെ പലവട്ടം പൂര്‍ണതയിലെത്താതെ ഒടുവില്‍ അന്തിമമായി വിജയം നേടിയ അസംഖ്യം പോരാട്ടങ്ങളുടെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ സ്വാതന്ത്ര്യസമരം.!''
ജീവന്‍ മാഷ് വളരെ ആവേശത്തിലായിരുന്നു. പഴയ സമരകാലത്തെ ഊര്‍ജം മാഷിന് തിരികെ കിട്ടിയത് പോലെ തോന്നി.
''ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍, പശ്ചിമ ബംഗാളിലെ ബാരക്പൂരില്‍, പഞ്ചാബിലെ ജാലിയന്‍ വാലാ ബാഗില്‍, ഗുജറാത്തിലെ ദാന്തിയില്‍, നമ്മുടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അങ്ങനെ അസംഖ്യം സ്ഥലങ്ങളില്‍ ചെറുതും വലുതും വൈവിധ്യം നിറഞ്ഞതുമായ നിരവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. ബഹിഷ്‌കരണങ്ങള്‍, ധര്‍ണകള്‍, സത്യഗ്രഹങ്ങള്‍, മാര്‍ച്ചുകള്‍, യാത്രകള്‍ അങ്ങനെ ആദ്യ ഘട്ടത്തില്‍ പൂര്‍ണതയിലെത്താത്ത എത്രയെത്ര സമരങ്ങള്‍ ചേര്‍ന്നാണ് ഒടുവില്‍ 1947 ആഗസ്ത് 15ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് !''
''നമ്മുടെ രാജ്യത്തും ലോകത്തിന്റെ ഇതരഭാഗങ്ങളിലും എത്രയെത്ര സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറുകയും വിജയംവരിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ പട്ടാള അട്ടിമറിക്കെതിരേ അവിടെ ജനം തെരുവിലിറങ്ങി വിജയം നേടിയത് പുതിയ ഒരു ഉദാഹരണം മാത്രം.
അപ്പോള്‍, ഞാന്‍ പറഞ്ഞുവന്നത് ഒരു സമരവും പരാജയപ്പെടുന്നില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമരങ്ങളൊക്കെയും വിജയം തന്നെയാണ്.'
ആ ഘട്ടത്തില്‍ മാഷിന്റെ ഫോണ്‍ ശബ്ദിച്ചു.
''ശരി.... ശരി ദാ വരുന്നു'' എന്ന് തിടുക്കത്തില്‍ പറഞ്ഞ് മാഷ് ഫോണ്‍വച്ചു.
''ആഷ്‌വിന്‍ ആണ് വിളിച്ചത്. നമ്മള്‍ ഇപ്പോള്‍ തന്നെ വൈകി. ഇനിയും വൈകിയാല്‍ ഇന്ന് വൈകുന്നേരം പ്ലാന്‍ ചെയ്ത ലോധി ഗാര്‍ഡന്‍ കാണാനാവില്ല എന്നാണ് മുന്നറിയിപ്പ്. ശരി നമുക്ക് വേഗം ബസിലേക്ക് നീങ്ങാം. സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വലപ്രതീകമായ ഇന്ത്യാ ഗേറ്റിലേക്കു പോകാം''.
ജീവന്‍ മാഷ് ചിന്തച്ചേച്ചിയുടെ കൈപിടിച്ച് പുല്‍ത്തകിടിയില്‍ നിന്ന് ഉയര്‍ന്നു.
''മാഷേ, മാഷേ... ഗാര്‍ഡനിലെത്താന്‍ ഇത്തിരി വൈകിയാലും വേണ്ടില്ല. നമുക്ക് പുറത്ത് സമരംചെയ്യുന്ന ആ ബാപ്പുവിനെ കണ്ടിട്ട് പോവാം'' ആഷ്‌ലി പറഞ്ഞു.
''അതെ മാഷേ'' മറ്റ് കുട്ടികളും ആവേശത്തില്‍ പറഞ്ഞു. യമുനക്കായി ഒറ്റയാള്‍ സമരംനടത്തുന്ന ആളുടെ അടുത്തേക്ക് അപ്പോഴേക്കും കുട്ടികള്‍ നടക്കാന്‍ തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."