മാലിന്യം തള്ളല്‍ വ്യാപകമായതോടെ പന്നിക്കൂട്ടങ്ങളുടെ ശല്യം വര്‍ധിക്കുന്നു
ഒറ്റപ്പാലം: പാതയോരങ്ങളില്‍ മാലിന്യം തള്ളല്‍ വ്യാപകമായതോടെ പന്നിക്കൂട്ടങ്ങളുടെ ശല്യം വര്‍ധിക്കുന്നു. ഒറ്റപ്പാലം മേഖലകളില്‍ പകല്‍ സമയങ്ങളില്‍ പോലും കാട്ടുപന്നികളുടെ വിളയാട്ടമാണ്. കോഴിവേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ തള്ളുന്നത് ഭക്ഷിക്കാനായി പന്നികള്‍ കൂട്ടത്തോടെ എത്തുന്നതും പതിവായിരിക്കുകയാണ്.
ഒറ്റപ്പാലം മണ്ണാര്‍ക്കാട് റോഡില്‍ മുരുക്കും പറ്റ പ്രദേശത്ത് രാത്രികാലങ്ങളില്‍ ആയുര്‍വേദ ആശുപത്രി ബസ് സ്റ്റോപ്പിനു സമീപം തള്ളുന്ന മാലിന്യത്തിന്റെ കാര്യത്തില്‍ യാതൊരു നടപടിയും ആരോഗ്യവകുപ്പ് എടുത്തിട്ടില്ല. ഇതുവഴി കടന്നു പോകുന്ന യാത്രക്കാര്‍ക്ക് മൂക്കുപൊത്തി വേണം യാത്രചെയ്യാന്‍. ഒറ്റപ്പാലം മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രാത്രികാലങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയുടെ ഭാഗമായി മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ചുമത്തിയിരുന്നു. എന്നാല്‍ സ്ഥിരമായി മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഇത്തരം മേഖലകളില്‍ സിസി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തും, മുനിസിപ്പാലിറ്റി അധികൃതരും തയ്യാറായിട്ടില്ലതാനും. ചുനങ്ങാട് പ്രദേശത്ത് കിണര്‍ സ്റ്റോപ്പിനടുത്ത് മാസങ്ങള്‍ക്ക് മുന്‍പ് ബൈക്കിനു കുറുകെ പന്നി ചാടിയുണ്ടായ അപകടത്തില്‍ യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ട സംഭവവുമുണ്ടായി.
പാതയോരങ്ങളിലൂടെയുള്ള പന്നിക്കൂട്ടങ്ങളുടെ സഞ്ചാരം മൂലം അമ്പലപ്പാറ പ്രദേശങ്ങളിലടക്കം രാത്രികാലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനക്കാരാണ് അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തില്‍ വന്യജീവി കളുടെ ശല്യത്തെക്കുറിച്ച് വിഷയം ഉയര്‍ന്നെങ്കിലും വന്യജീവികള്‍ക്ക് സംരക്ഷണം നല്‍കുകയും, കൃഷിനാശക്കാര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യാറുണ്ടെന്ന മറുപടിയല്ലാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിഹാരമാര്‍ഗ്ഗത്തെ കുറിച്ച് ഉത്തരമില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."