പെരുമണ്ണ് ദുരന്തം: പ്രതിക്ക് 100 വര്‍ഷം തടവ്; വാഹനാപകടത്തില്‍ മരിച്ചത് 10 പിഞ്ചുകുട്ടികള്‍
തലശ്ശേരി: 10 പിഞ്ചുകുട്ടികളുടെ ദാരുണ മരണത്തിനിടയാക്കിയ ഇരിക്കൂര്‍ പെരുമണ്ണ് വാഹനാപകടക്കേസിലെ പ്രതിക്ക് 100 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം. അബ്ദുല്‍ കബീറിനെ (46) ആണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്. ഓരോ കുട്ടിയുടെയും മരണത്തിന് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയുമാണു ശിക്ഷ. എന്നാല്‍, തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. ഓരോ കുട്ടിയുടെയും മരണത്തിന് പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധികം കഠിനതടവ് അനുഭവിക്കേണ്ടിവരും. പിഴ തുക മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കു നല്‍കണം. 2008 ഡിസംബര്‍ നാലിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സ്കൂള്‍വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വരിവരിയായി റോഡരികിലൂടെ വീട്ടിലേക്കു നടന്നുപോകുന്ന കുട്ടികളെ പിറകുവശത്തു നിന്നു വന്ന ടെംപോ ട്രാക്സ് വാഹനം ഇടിക്കുകയായിരുന്നു. അബ്ദുല്‍ കബീറായിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. പെരുമണ്ണ് നാരായണ വിലാസം എല്‍.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന കുംഭത്തി ഹൗസിലെ രമേശന്റെ മക്കളായ അഖിന, അനുശ്രീ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്റെ മകള്‍ സാന്ദ്ര, കുംഭത്തി ഹൗസിലെ നാരായണന്റെ മകള്‍ കാവ്യ, കൃഷ്ണാലയത്തില്‍ കുട്ടന്റെ മകള്‍ നന്ദന, പെരുണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ മോഹനന്റെ മകള്‍ സോന, സറീന മന്‍സിലില്‍ ഇബ്രാഹിമിന്റെ മകള്‍ സി.വി.എന്‍ റംഷാന, സജീവന്റെ മകള്‍ സഞ്ജന, ബാറുകുന്നുമ്മല്‍ വീട്ടില്‍ വിജയന്റെ മകന് വൈഷ്ണവ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ എ. അതുല്‍, കെ. അഭിനന്ദ്, കെ. അഭിഷേക്, പി. സ്നേഹ, പി.പി സന്ദേഷ്ണ, പി. മേഖ, കെ. വര്‍ഷ, എം.പി പ്രിയങ്ക, എം.ടി അശ്വിന്, എം.ടി അജയ്, പൂജാലക്ഷ്മി എന്നീ കുട്ടികള്‍ക്കു പരുക്കേറ്റിരുന്നു. കേസില്‍ 72 സാക്ഷികളാണുണ്ടായത്. 2018ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ രാമചന്ദ്രന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."