വനമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വനംവകുപ്പിനാകുന്നില്ല; കാട്ടാനകള്‍ നാട്ടില്‍ കറങ്ങുന്നു
വാളയാര്‍: വനമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വനംവകുപ്പിനാകുന്നില്ല. കാട്ടാനകള്‍ നാട്ടില്‍ കറങ്ങുന്നു.
അവസാനമായി കാട്ടാനയുടെ ആക്രമത്തില്‍ മുണ്ടൂര്‍ വളയക്കാട് പ്രഭാകരന്റെ മരണത്തിനു ശേഷം കാട്ടാനകളെ തുരത്താന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും വനമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പറഞ്ഞെങ്കിലും ഇതുവരെ യാതൊരു നടപടിയുമായില്ല. കാട്ടില്‍ നിന്ന് ഇറങ്ങിയ ആനയെ പുതിയ സംവിധാനങ്ങള്‍ക്കു പുറമെ മയക്കുവെടി വച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കുകയും തുടര്‍ന്നുള്ള നിരീക്ഷണ നടപടികളും സ്വീകരിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംവിധാനങ്ങളൊന്നും നിലവില്‍ വന്നിട്ടില്ല. പ്രഭാകരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതില്‍ അഞ്ച് ലക്ഷം രൂപ ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയതു പ്രകാരം കൈമാറി.
കൂടാത സംസ്‌കാര ചെലവായി 10,000 രൂപയും നല്‍കി. ബാക്കി അഞ്ചു ലക്ഷം രൂപ അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മുറക്ക് നല്‍കും. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെ പാലക്കാട് ഡിവിവിഷനു കീഴില്‍ മൂന്ന് പേരാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. ഓലപടക്കവും തപ്പട്ടയും മാത്രമാണ് കാട്ടാനയെ തുരത്താന്‍ വനംവകുപ്പിന്റെ കൈയിലെ ഉപകരണം. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരുത്തുകയെന്ന ലക്ഷ്യത്തോടെ വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് (ആര്‍.ആര്‍.ടി) രൂപം നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി രണ്ട് ജീവനക്കാരെയും പ്രത്യേക വാഹനവും അനുവദിക്കുകയും ചെയ്തു. ആനകളെ കാടുകയറ്റാന്‍ റബ്ബര്‍ ബുള്ളറ്റും അനുവദിച്ചു. കുറച്ച് മാസത്തിനകം ആര്‍ ആര്‍ ടിയില്‍ നിന്ന് സായുധ വിഭാഗത്തെ പിന്‍വലിച്ചു. ഇതോടെ തോക്കും നഷ്ടമായി. ഇപ്പോള്‍ വനംവകുപ്പിനുള്ളത് ഓലപ്പടക്കവും ഗുണ്ടും മാത്രമാണ്. സൗരോര്‍ജ്ജ വേലി നിര്‍മിക്കാന്‍ പാലക്കാട് ഡിവിഷനില്‍ 2016ല്‍ 16 കി മീ ക്ക് 13.10 ലക്ഷം രൂപയും 2017ല്‍ 31 കി.മീക്ക് 41.49 ലക്ഷം രൂപയും വിനിയോഗിച്ചിട്ടും പ്രശ്‌നം തീര്‍ന്നില്ല.
വര്‍ഷങ്ങളായി ധോണി, മലമ്പുഴ, മുണ്ടൂര്‍ പ്രദേശങ്ങളിലാണ് കാട്ടാനകളുടെ വിളയാട്ടം. പാലക്കാട് ഡിവിഷനില്‍ വനമേഖല കുറവാണ്. ഇതുകാരണം കാട്ടാനകള്‍ ഇറങ്ങിയാല്‍ തിരികെ കയറുന്നില്ലെന്ന് മാത്രമല്ല, ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടാന്‍ വേണ്ടത്ര സംവിധാനവുമില്ല.
കാട്ടാനകളെ തുരത്താനുള്ള പുതിയ സംവിധാനങ്ങള്‍ ഉടന്‍തന്നെ കൊണ്ടുവരും. അതിന്റെ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വെള്ളൂരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."