റോഡ്ഷോ: മാണി വിഭാഗം 'ഔട്ട്'
സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍നിന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃത്വത്തെ അകറ്റിനിര്‍ത്തി ജില്ലാ യു.ഡി.എഫ് നേതൃത്വം. ബത്തേരിയില്‍ എല്‍.ഡി.എഫുമായുള്ള സഹകരണമാണ് കേരള കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്താന്‍ കാരണം. കേരള കോണ്‍ഗ്രസ് (എം) ബത്തേരിയില്‍ എല്‍.ഡി.എഫുമായി ചേര്‍ന്ന് ഭരണം നടത്തുന്ന നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇക്കാരണത്താല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജില്ലാ യു.ഡി.എഫ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പാര്‍ട്ടി അംഗവും നഗരസഭ ചെയര്‍മാനുമായ ടി.എല്‍ സാബുവിനോട് ചെയര്മാന് സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം സാബു തള്ളി. ഇതിനെ തുടര്‍ന്ന് സാബുവിനെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയും ഇക്കാര്യം ജില്ലാ യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ നീക്കം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ അറിവോടെയാണന്നും യു.ഡി.എഫില്‍നിന്ന് ആരോപണവും ഉയര്‍ന്നു. ഈ ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കെയാണ് ഇന്നലെ രാവിലെ കെ.ജെ ദേവസ്യ ഡി.സി.സി ഓഫിസിലെത്തിയത്. ഈ സമയത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പൊലിസ് ഇടപെട്ടാണ് കെ.ജെ ദേവസ്യയെ പുറത്തെത്തിച്ചത്. സംഭവ സമയത്ത് ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."