HOME
DETAILS
MAL
ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല, ഉടമ്പടി പാലിച്ചാല്‍ തിരിച്ചുവരാമെന്നു മുരളീധരന്‍
backup
July 05 2020 | 02:07 AM
തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും മുന്നണി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്തതെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു. മുന്നണി ധാരണ പ്രകാരമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാല്‍ യു.ഡി.എഫില്‍ തിരിച്ചുവരാം. അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം വഴി സ്വീകരിക്കാമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജോസ് കെ. മാണി വിഭാഗത്തിന് യു.ഡി.എഫിലേക്ക് തിരിച്ചുവരാവുന്ന സമയപരിധി ഇപ്പോഴും അവസാനിച്ചിട്ടില്ല. എല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാം. എന്നാല്‍ തെരഞ്ഞെടുപ്പിന് തലേദിവസം തിരിച്ചുവന്നിട്ട് ഒറ്റക്കെട്ടാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല.
ജോസ് വിഭാഗം പോയാലും യു.ഡി.എഫിന് കുഴപ്പമില്ല. രാഷ്ട്രീയത്തില്‍ 10ല്‍ നിന്ന് രണ്ട് പോയാല്‍ എട്ടല്ല, അത് വേണമെങ്കില്‍ 12ഉം 14ഉം ആകാം. ജോസ് പക്ഷത്തെ പുറത്താക്കിയത് സംബന്ധിച്ച് യു.ഡി.എഫില്‍ ഒരു ആശയക്കുഴപ്പവും ഇല്ല. കണ്‍വീനറും പ്രതിപക്ഷ നേതാവും താനും എല്ലാം പറഞ്ഞത് ഒന്നുതന്നെയാണ്.
കെ.എം മാണിയുടെ മരണത്തോടെ ബാര്‍കോഴ അവസാനിച്ചുവെന്ന സി.പി.എം നിലപാട് കല്ലറയില്‍ കിടക്കുന്ന മാണിയെ അപമാനിക്കലാണ്. അങ്ങനെയുള്ള സി.പി.എമ്മിനൊപ്പം പോകണമോയെന്ന് ജോസ് കെ.മാണി ആലോചിക്കണം. ആര്‍.ബാലകൃഷ്ണ പിള്ളയെ സ്വീകരിച്ച സ്ഥിതിക്ക് ജോസ് കെ.മാണിയെ സ്വീകരിക്കാന്‍ എല്‍.ഡി.എഫിന് ഒരു മടിയുമുണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പൊലിസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
ഏത് സമരക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് മന്ത്രി വ്യക്തമാക്കണം. മന:പൂര്‍വം രോഗവ്യാപനത്തിന് ശ്രമിക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന ജനപ്രതിനിധികളെ അടക്കം ഇരുട്ടില്‍ നിര്‍ത്തുന്നതാണ്. കൊവിഡ് നിയന്ത്രണത്തില്‍ സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് മന്ത്രിയും സര്‍ക്കാരും മറ്റുള്ളവരെ പഴിക്കുന്നത്.
സി.പി.എം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിട്ട് കൊവിഡ് വ്യാപനം തടയാനുള്ള ഒരു ചര്‍ച്ചയും നടന്നില്ല. യു.ഡി.എഫിനെ എങ്ങനെ ശിഥിലമാക്കാമെന്നാണ് ആലോചിച്ചത്. യു.ഡി.എഫ് ശിഥിലമായാല്‍ അതിന്റെ നേട്ടം ബി.ജെ.പിക്കാണ്. ത്രിപുരയിലെ അനുഭവത്തില്‍ നിന്ന് സി.പി.എം ഇനിയും പഠിച്ചിട്ടില്ല.
അതിനാല്‍ ദുഷ്ചിന്തകള്‍ മാറ്റിവച്ച് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്.
ഡ്രീം കേരള പ്രോജക്ട് നടപ്പാക്കുന്നതിന് മുന്‍പ് പ്രവാസി സംഘടനകളുമായി ചര്‍ച്ച നടത്തണം.
സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടുവരുന്ന പ്രവാസികള്‍ക്ക് വീണ്ടും സ്വപ്നങ്ങള്‍ നല്‍കുന്നതാവരുത് പദ്ധതിയെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."