HOME
DETAILS
MAL
ഒറ്റ കേരള കോണ്‍ഗ്രസ്; 13 സീറ്റ്: ജോസിന്റെ തീരുമാനം കാത്ത് സി.പി.എം
backup
July 05 2020 | 02:07 AM
കോട്ടയം: ഒരു കേരള കോണ്‍ഗ്രസും 13 സീറ്റുമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു വിലപേശലിന് സമയം നല്‍കാതെ ജോസ് പക്ഷത്തെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള നീക്കം സി.പി.എം സജീവമാക്കി. സി.പി.ഐയുടെയും ജനതാദള്‍ (എസ്) ന്റെയും സീറ്റുകളില്‍ കൈവെയ്ക്കാതെ ജോസ് കെ. മാണി സംഘത്തിന്റെ എല്‍.ഡി.എഫ് പ്രവേശനമാണ് സി.പി.എം ലക്ഷ്യമിടുന്നത്.
ജോസ് കെ. മാണി പക്ഷവുമായി ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസ് ലയനമാണ് സി.പി.എം മുന്നോട്ടുവെയ്ക്കുന്നത്.
ഒരു പാര്‍ട്ടിയായി മാറിയാല്‍ കോട്ടയം ജില്ലയില്‍ മാത്രം പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ സീറ്റുകളാണ് വാഗ്ദാനം. ഇതിന് പുറമേ ഇടുക്കി, കുട്ടനാട്, കോതമംഗലം, പേരാമ്പ്ര, തിരുവമ്പാടി, ഇരിക്കൂര്‍ സീറ്റുകളും നല്‍കും. ലയിച്ച് ഒന്നായാല്‍ തിരുവനന്തപുരത്ത് ആന്റെണി രാജുവിന് ഒരു സീറ്റ് നല്‍കും.
കുട്ടനാട്ടില്‍ ഡോ.കെ.സി ജോസഫിനെയും കടുത്തുരുത്തിയില്‍ സ്‌കറിയ തോമസിനെയും മത്സരിപ്പിക്കണം. മറ്റു രണ്ടു സീറ്റുകളില്‍ പിന്നീട് ധാരണ.
ഇത്തരത്തിലാണ് മധ്യസ്ഥര്‍ മുഖേന ജോസ് കെ.മാണിക്ക് മുന്നില്‍ എല്‍.ഡി.എഫിലേക്ക് വരാനായി സി.പി.എം മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍, കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ജോസ് പക്ഷം.
ജോസ് പക്ഷത്ത് ഉറച്ച് നില്‍ക്കുന്ന സിറ്റിങ് എം.എല്‍.എ എന്‍.ജയരാജിനെ കൈവിടാനാവില്ല. കാഞ്ഞിരപ്പള്ളി വിട്ടൊരു ഒത്തുതീര്‍പ്പ് എന്‍. ജയരാജിനെ മറുപക്ഷത്ത് എത്തിക്കുന്ന സാഹചര്യം സൃഷ്ടിക്കും.
ഇത് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാവുമെന്നതിനാല്‍ സി.പി.എം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോട് ജോസ് പക്ഷം പൂര്‍ണമായും യോജിക്കുന്നില്ല.
മൂന്ന് കേരള കോണ്‍ഗ്രസുകള്‍ ഒന്നായാല്‍ രാഷ്ട്രീയമായി മധ്യകേരളത്തില്‍ എല്‍.ഡി.എഫിന് ശക്തി കൂടുമെന്നും യു.ഡി.എഫിന്റെ കരുത്ത് ചോരുമെന്നുമാണ് സി.പി.എം കണക്കുകൂട്ടുന്നത്.
യു.ഡി.എഫുമായി ഇനിയൊരു സമവായ ചര്‍ച്ചയ്ക്കും സമയം നല്‍കാതെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജോസ് പക്ഷത്തെ എല്‍.ഡി.എഫില്‍ എത്തിക്കാനാണ് ഉടന്‍ തന്നെ നിലപാട് വ്യക്തമാക്കാന്‍ ജോസ് കെ.മാണിയോട് സി.പി.എം മധ്യസ്ഥര്‍ മുഖേന നിര്‍ദേശം നല്‍കിയത്.
ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസുകള്‍ ഒറ്റപ്പാര്‍ട്ടിയാകുന്നതോടെ ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) തഴയപ്പെടും.
സമവായത്തിനായി യു.ഡി.എഫ് വാതില്‍ തുറന്നിട്ടെങ്കിലും ജോസ് പക്ഷവുമായി ചര്‍ച്ചകള്‍ക്ക് മുന്നണി നേതൃത്വം താല്‍പ്പര്യം കാട്ടിയിട്ടില്ല.
ജോസ് കെ. മാണിയും ചര്‍ച്ചകള്‍ക്കുള്ള നീക്കം നടത്തുന്നില്ല. എങ്കിലും ഈ സാഹചര്യം മാറിയേക്കാമെന്ന് സി.പി.എം കരുതുന്നു. യു.ഡി.എഫുമായി ജോസ് കെ. മാണിക്ക് വിലപേശലിനുള്ള സമയം നല്‍കാതെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കുക എന്നതാണ് സി.പി.എം ലക്ഷ്യം വെയ്ക്കുന്നത്.
ശക്തമായൊരു കേരള കോണ്‍ഗ്രസ് കൂടെ ഉണ്ടെങ്കില്‍ തുടര്‍ഭരണം ഉറപ്പാക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി ഒരു മുന്നണിയിലേക്കും ഇല്ലെന്ന നിലപാടില്‍ തന്നെയാണ് ജോസ് പക്ഷം ഇപ്പോഴുള്ളത്.
പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം എട്ടിന് ജോസ് കെ. മാണി വിളിച്ചിട്ടുണ്ട്.
രണ്ടില ചിഹ്നം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലുള്ള പരാതിയില്‍ ഏഴിന് വിധിയുണ്ടായേക്കും.
സി.പി.എം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയും അടക്കം ചര്‍ച്ച ചെയ്ത് രാഷ്ട്രീയ നിലപാട് എട്ടിന് പ്രഖ്യാപിക്കാനാണ് ജോസ് പക്ഷം ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."