HOME
DETAILS
MAL
ഒടുവില്‍ പൊന്നോമനയുമായി നാട്ടിലേക്ക് മടക്കം
backup
July 05 2020 | 02:07 AM
കൊച്ചി: കൊവിഡിനെ പേടിച്ചു മസ്‌ക്കത്തില്‍ നിന്ന് കൊച്ചിയില്‍ എത്തിയ മഹാരാഷ്ട്ര ദമ്പതികള്‍ തങ്ങള്‍ക്ക് പിറന്ന പൊന്നോമനയുമായി നാട്ടിലേക്ക് മടങ്ങി. മസ്‌കത്തിലെ നിര്‍മാണക്കമ്പനിയില്‍ സിവില്‍ ഡ്രാഫ്റ്റ്‌സ്മാനായ മഹാരാഷ്ട്ര രത്‌നഗിരി സ്വദേശി ചന്ദ്രശേഖര്‍ മൊഹിതെയും അതേ കമ്പനിയില്‍ എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് ആയ ഭാര്യ ഗായത്രിയും ജൂണ്‍ നാലിന് കൊവിഡ് കാല പ്രത്യേക വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. പൂര്‍ണഗര്‍ണിണിയായ ഗായത്രി പ്രസവം മസ്‌ക്കത്തില്‍ നടക്കുമെന്ന ധാരണയിലിരിക്കെയാണ് കൊവിഡ് മഹാമാരി എല്ലാം മാറ്റി മറിച്ചത്.
സ്വന്തം രാജ്യത്ത് എത്താനുള്ള ചിന്തയില്‍ ആദ്യം കിട്ടിയ വിമാനത്തില്‍ കൊച്ചിയില്‍ എത്തുകയായിരുന്നു. പിന്നീട് മഹാരാഷ്ട്രയില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ലഭ്യമായ ഫോണ്‍ നമ്പറില്‍ എറണാകുളത്തെ പൊതുപ്രവര്‍ത്തകനെ ബന്ധപ്പെടുകയായിരുന്നു.
ജൂണ്‍ 18ന് ക്വാറന്റൈന്‍ കാലയളവ് കഴിഞ്ഞതോടെ കൊച്ചി സുധീന്ദ്ര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. രമണി ഫിലിപ്പിനെ കണ്ടു. തുടര്‍ന്ന് ജൂണ്‍ 26ന് ഗായത്രി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ഇവരുടെ മുത്തമകന്‍ 7 വയസുകാരന്‍ സായ്‌നേഷ് മുംബൈ താനെയില്‍ സ്‌കൂളില്‍ പഠിക്കുന്നു. ചന്ദ്രശേഖറിന്റെ സഹോദരന്‍ അമോല്‍ മൊഹിതെയ്‌ക്കൊപ്പമാണ് സായ്‌നേഷുള്ളത്.
മകള്‍ക്ക് ആരാധ്യ എന്നാണ് പേരിട്ടിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റും വാങ്ങിയാണ് കുടുംബം മഹാരാഷ്ട്രയ്ക്ക് തിരിച്ചത്. കൊവിഡ് ഭീതിമൂലം വിഷമിച്ച ദമ്പതികള്‍ക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ സഹായത്തോടെ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. എം.ഐ ജുനൈദ് റഹ്മാന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രത്യേക സഹായങ്ങളും കൗണ്‍സിലിങ്ങും നല്‍കിയിരുന്നു. കുഞ്ഞിന് പുത്തന്‍ ഉടുപ്പുകളും മാതാപിതാക്കള്‍ക്ക് ചാമ്പ വൃക്ഷതൈയും നല്‍കിയാണ് ചന്ദ്രശേഖര്‍ മൊഹിതെയേയും ഗായത്രിയേയും കുഞ്ഞിനേയും ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്ന് യാത്രയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."