HOME
DETAILS
MAL
കൊവിഡ് വ്യാപനം കൂടുന്നു വാണിജ്യ തലസ്ഥാനം അതീവ ജാഗ്രതയില്‍
backup
July 05 2020 | 02:07 AM
സ്വന്തം ലേഖിക
കൊച്ചി: സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ വാണിജ്യതലസ്ഥാനമായ കൊച്ചിയില്‍ അതീവജാഗ്രത. മറ്റുജില്ലകളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ വാണിജ്യആവശ്യങ്ങള്‍ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കുമൊക്കെ ദിനംപ്രതി നിരവധിപേര്‍ കൊച്ചിയിലെത്തുന്ന സാഹചര്യത്തില്‍കൂടിയാണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
സാമൂഹവ്യാപന സാധ്യത മുന്‍നിര്‍ത്തിയാണ് നടപടികള്‍. നാല് ദിവസത്തിനുള്ളില്‍ 20 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗം വന്നതിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതും ആശങ്കയ്ക്ക് വകനല്‍കുന്നുണ്ട്. കഴിഞ്ഞദിവസം എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ 18ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തീരപ്രദേശമായ ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെല്ലാനം ഹാര്‍ബറും അടച്ചു.
പനിയെ തുടര്‍ന്ന് ഇവര്‍ ആദ്യം ചികിത്സതേടിയ കോര്‍ട്ടീസ് ആശുപത്രിയും അടച്ചു. തോപ്പുംപടിയില്‍ വ്യാപാരസ്ഥാപനം നടത്തുന്ന 66കാരനും ഇയാളുടെ കടയിലെ തൊഴിലാളികളായ രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ക്കും തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗിരിനഗറിലെ വീട്ടമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം മാര്‍ക്കറ്റിന് 100മീറ്റര്‍ അകലെയുള്ള ഇലകട്രിക് കടയിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി മാര്‍ക്കറ്റ് അടച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് വാണിജ്യകേന്ദ്രമായ ബ്രോഡ്‌വേ,മേനക തുടങ്ങിയവയെല്ലാം കര്‍ശന നിയന്ത്രണത്തിലാണ്. ജില്ലയുടെ എല്ലാഭാഗങ്ങളിലും പൊലിസ് കര്‍ശന പരിശോധന തുടരുകയാണ്.
ഒഴിവാക്കാന്‍ കഴിയുന്ന യാത്രകള്‍ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുത്തുതുടങ്ങിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ജനം പുറത്തിറങ്ങാന്‍ മടിക്കുകയാണ്. യാത്രക്കാരില്ലാത്തതിനാല്‍ വളരെകുറച്ച് സ്വകാര്യബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."